തിരുവനന്തപുരം: സ്ത്രീപക്ഷ നിലപാടുകളോടുള്ള ഐക്യ ദാര്‍ഢ്യമായി 29-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിലെ 177 ചിത്രങ്ങളില്‍ സ്ത്രീ സംവിധായകരുടെ 52 സിനിമകള്‍ പ്രദര്‍ശിപ്പിക്കും. എ.എഫ്.എ ഫ്.കെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് ജേതാവായ ആന്‍ ഹ്യൂ, സ്പിരിറ്റ് ഓഫ് സിനിമ പുരസ്‌കാരത്തിന് അര്‍ഹ യായ പായല്‍ കപാഡിയ, മേളയുടെ ക്യുറേറ്റര്‍ ഗോള്‍ഡ സെല്ലം, ജൂറി അധ്യക്ഷ ആഗ്നസ് ഗൊദാര്‍ദ് തുടങ്ങിയവരുടെ ചിത്രങ്ങള്‍ മേളയിലുണ്ട്. മലയാളി വനിതാ സംവിധായകരുടെ ചിത്രങ്ങളായ കാമദേവന്‍ നക്ഷത്രം കണ്ടു, ഗേള്‍ഫ്രണ്ട്‌സ്, വിക്ടോറിയ, അപ്പുറം എന്നിവയും മേളയില്‍ പ്രദര്‍ശിപ്പിക്കും.
തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേറ്റ് ലൈബ്രറിയിലെ ലൈബ്രേറിയനായ ശോഭന പടിഞ്ഞാറ്റിലിന്റെ ആദ്യ ചിത്രമാണ് ഗേള്‍ഫ്രണ്ട്‌സ്. ഒരു ട്രാന്‍സ് വുമണിന്റെയും അവരുടെ സ്ത്രീ സുഹൃത്തുക്കളുടെയും കഥയാണ് ചിത്രത്തിന്റെ പ്രമേയം. പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയിലെ വിദ്യാത്ഥിനിയായ ആദിത്യ ബേബിയുടെ ആദ്യ ചിത്രമാണ് ‘കാമദേവന്‍ നക്ഷത്രം കണ്ടു’. പൗരുഷത്തിന്റെ പരമ്പരാഗത സങ്കല്‍പ്പങ്ങളെ ചോദ്യം ചെയ്യുന്ന ചിത്രം പൂര്‍ണമായും ഐ ഫോണിലാണ് ചിത്രീകരിച്ചിട്ടുള്ളത്. ചലച്ചിത്ര വികസന കോര്‍പറേഷന്റെ സഹായത്തോടെ പുറത്തിറങ്ങിയ ശിവരഞ്ജിനിയുടെ സിനിമയായ വിക്ടോറിയ ബ്യൂട്ടിപാര്‍ലര്‍ ജീവനക്കാരിയായ യുവതിയുടെ ജീവിത സംഘര്‍ഷങ്ങളാണ് ചിത്രീകരിക്കുന്നത്. അന്താരാഷ്ട്ര മത്സര വിഭാഗത്തിലെ ഏക മലയാളി വനിതാസാന്നിധ്യമായ ഇന്ദുലക്ഷ്മിയുടെ അപ്പുറം എന്ന സിനിമ അന്ധവിശ്വാസം, ലിംഗ വിവേചനം എന്നീ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നു.