X
    Categories: GULFNews

അന്താരാഷ്ട്ര പ്രതിരോധ സമ്മേളനവും പ്രദര്‍ശനവും: അബുദാബിയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

റസാഖ് ഒരുമനയൂര്‍

അബുദാബി: അന്താരാഷ്ട്ര പ്രതിരോധ സമ്മേളനത്തിനും പ്രദര്‍ശനത്തിനും തിങ്കളാഴ്ച അബുദാബിയില്‍ തുടക്കം കുറിക്കും. യുഎഇ പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ്‌യാന്റെ രക്ഷാകര്‍തൃത്വത്തില്‍ നാലുദിവസം നീണ്ടുനില്‍ക്കുന്ന ആഗോള പ്രതിരോധ സംഗമത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

വിവിധ രാജ്യങ്ങളിലെ പ്രതിരോധ മന്ത്രിമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍, സാങ്കേതിക വിദഗ്ദര്‍ തുടങ്ങി വ്യത്യസ്ഥ മേഖലകളില്‍നിന്നുള്ള 1800ല്‍പരം ഉന്നതരാണ് പങ്കെടുക്കുന്നത്. പ്രതിരോധ ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാതാക്കളും പ്രദര്‍ശകരും പ്രതിരോധ രംഗത്തെ നൂറുകണക്കിന് വിദഗ്ദരും ഇതിനകം തന്നെ എത്തിച്ചേര്‍ന്നിട്ടുണ്ട്. പ്രതിരോധ മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഞായറാഴ്ച എത്തിച്ചേരും.

ലോകത്തിലെ 65 രാജ്യങ്ങളില്‍നിന്നായി ചെറുതും വലുതുമായ 1350ല്‍പരം ആയുധഅനുബന്ധ സാമഗ്രികളുടെ നിര്‍മ്മാതാക്കള്‍ തങ്ങളുടെ നൂതന ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. അബുദാബി നാഷണല്‍ എക്‌സിബിഷന്‍ സെന്റര്‍ (അഡ്‌നിക്)ല്‍ 165,000 ചതുരശ്രമീറ്ററില്‍ സജ്ജമാക്കിയ വേദികളിലാണ് അന്താരാഷ്ട്ര ആയുധ പ്രദര്‍ശനം നടക്കുന്നത്.

അത്യാധുനിക യുദ്ധ സാമഗ്രികള്‍, യുദ്ധക്കപ്പലുകള്‍, യുദ്ധവിമാനങ്ങള്‍ തുടങ്ങി സര്‍വ്വവും ഇവിടെ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഇതോടനുബന്ധിച്ചു നടക്കുന്ന നാവിക പ്രദര്‍ശനത്തില്‍ ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍നിന്നുള്ള യുദ്ധക്കപ്പലുകള്‍ പങ്കെടുക്കുന്നുണ്ട്. ഇന്ത്യയില്‍നിന്നുള്ള കപ്പല്‍ ഇതിനകം തന്നെ എത്തിച്ചേര്‍ന്നിട്ടുണ്ട്. ഇത് മുപ്പതാമത് തവണയാണ് അന്താരാഷ്ട്ര് പ്രതിരോധ പ്രദര്‍ശനത്തിനും സമ്മേളനത്തിനും അബുദാബിയില്‍ വേദിയൊരുങ്ങുന്നത്.

webdesk13: