പെരുന്നാൾ ഒക്കെ കഴിഞ്ഞ് വയർ നിറയെ ബിരിയാണിയൊക്കെ കഴിച്ചിട്ടാണ് ഇരിക്കുന്നതെങ്കിലും ഒരു ബിരിയാണി കൂടി ആയാലോ എന്നാരെങ്കിലും ചോദിച്ചാൽ വേണ്ട എന്ന് പറയുന്നവർ വളരെ കുറവായിരിക്കും. അത്രത്തോളമാണ് നമ്മൾ ഇന്ത്യക്കാരുടെ ബിരിയാണി പ്രേമം. പ്രതേകിച്ച് മലയാളികളുടെ അതിലും വിശേഷിച്ച് മലബാറുകാരുടെ. ബിരിയാണി എന്ന് ഒറ്റ വക്കിൽ പറയാമെങ്കിലും നമ്മുടെ രാജ്യത്തിന്റെ വൈവിധ്യം പോലെത്തന്നെയാണ് അതിന്റെ രുചികളുടെയും വൈവിധ്യം.. പ്രാദേശികമായി പലവിധ രുചികളിലും പേരുകളിലും ഇത് ലഭ്യമാണ്.
നല്ല മണമുള്ള ലഖ്‌നോവി ബിരിയാണി മുതൽ എരിവുള്ള ഹൈദരാബാദി ദം ബിരിയാണി വരെയും രുചികരമായ കൊൽക്കത്ത ബിരിയാണി മുതൽ സുഗന്ധമുള്ള മലബാർ ബിരിയാണി വരെയും ഏവർക്കും പ്രിയപ്പെട്ട വിഭവമാണ് ബിരിയാണി . കേരളത്തിലേക്ക് വന്നാൽ മലബാറിലെ തലശ്ശേരി ബിരിയാണിയും പാലക്കാട്ടെ റാവുത്തർ ബിരിയാണിയും രുചി വൈവിധ്യം കൊണ്ട് ഏറെ പ്രശസ്തമാണ്. പാചക രീതികൊണ്ടും അങ്ങിനെത്തന്നെ.
ഇന്ന് അന്താരാഷ്ട്ര ബിരിയാണി ദിനമാണ്.ഇതിനോടനുബന്ധിച്ച് ഇന്ത്യക്കാരുടെ ബിരിയാണി പ്രേമം വെളിപ്പെടുത്തുന്ന കണക്കുകൾ പുറത്തുവിട്ടിരിക്കുകയാണ് ഓൺലൈൻ ഫുഡ് ഓർഡറിംഗ് ആൻഡ് ഡെലിവറി പ്ലാറ്റ്ഫോമായ സ്വിഗ്ഗി.കഴിഞ്ഞ 12 മാസത്തിനുള്ളിൽ 76 ദശലക്ഷത്തിലധികം ബിരിയാണി ഓർഡറുകൾ, അതായത് 7.6 കോടി ഓർഡറുകൾ ഇന്ത്യക്കാർ നൽകിയതായാണ് സ്വിഗ്ഗി പറയുന്നത്.കഴിഞ്ഞ അഞ്ചര മാസത്തിനുള്ളിൽ ബിരിയാണി ഓർഡറുകളിൽ 8.26 ശതമാനം വളർച്ചയുണ്ടായതായി കമ്പനി വെളിപ്പെടുത്തുന്നു.
പുതുവർഷത്തലേന്ന് സ്വിഗ്ഗിയ്ക്ക് ലഭിച്ചത് 3.50 ലക്ഷം ബിരിയാണിയുടെ ഓർഡറുകളാണെന്ന് മുൻപ് കമ്പനി വെളിപ്പെടുത്തിയിരുന്നു.ട്വിറ്ററിൽ നടത്തിയ അഭിപ്രായ വോട്ടെടുപ്പ് പ്രകാരം 75.4 ശതമാനം ഓർഡറുകൾ ഹൈദരാബാദി ബിരിയാണിക്ക് ലഭിച്ചു. ലക്‌നോവിയ്ക്ക് 14.2 ശതമാനവും, കൊൽക്കത്ത-10.4 ശതമാനവും ഓർഡർ ലഭിച്ചെന്നാണ് സ്വിഗ്ഗി പറയുന്നത്. 3.50 ലക്ഷം ഓർഡറുകൾ ലഭിച്ചതോടെ ഏറ്റവും കൂടുതൽ ഡെലിവർ ചെയ്ത ഇനം ബിരിയാണിയായിരുന്നു എന്നും സ്വിഗ്ഗി വെളിപ്പെടുത്തുന്നു.