തിരുവനന്തപുരം: കൊട്ടും കുരവയുമായി ഇടത് സര്‍ക്കാര്‍ ആരംഭിച്ച കെ.എ.എസില്‍ നിയമനം ലഭിച്ചവര്‍ക്ക് മൂന്ന് മാസമായിട്ടും ശമ്പളമില്ല. ഐ.എ.എസ് മാതൃകയില്‍ കൊണ്ടുവന്ന സംസ്ഥാനത്തെ ഏറ്റവും ഉന്നത തസ്തികയില്‍ നിയമനം ലഭിച്ചവര്‍ക്കാണ് ഈ ദുര്‍ഗതി. ആദ്യബാച്ചില്‍ നിയമനം ലഭിച്ച 105 ഉദ്യോഗസ്ഥരുടെ ശമ്പളമാണ് സാങ്കേതിക കാരണങ്ങള്‍ ചൂണ്ടികാട്ടി തടഞ്ഞുവെച്ചിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ ധനകാര്യവകുപ്പ് തൊടുന്യായങ്ങള്‍ പറഞ്ഞ് ശമ്പളം നല്‍കുന്നത് വൈകിപ്പിക്കുകയാണെന്നാണ്് ആക്ഷേപം.
നേരിട്ട് നിയമനം ലഭിച്ചവരും വിവിധ സര്‍ക്കാര്‍ സര്‍വീസുകളില്‍ നിന്നും കെ.എ.എസില്‍ എത്തിയവരും നിലവില്‍ ഐ.എം.ജിയില്‍ പരിശീലനത്തിലാണ്. കഴിഞ്ഞ ഡിസംബര്‍ 23നായിരുന്നു എല്ലാവര്‍ക്കും നിയമനം നല്‍കിയത്. 81,800 രൂപയാണ് അടിസ്ഥാന ശമ്പളമായി ഇവര്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ചത്. എന്നാല്‍ നിയമനം ലഭിച്ച് മൂന്ന് മാസം പിന്നിട്ടിട്ടും പല നൂലാമാലകള്‍ ചൂണ്ടാകാട്ടി പൊതുഭരണവകുപ്പും ധനവകുപ്പും ഇവര്‍ക്ക് ശമ്പളം നല്‍കിയിട്ടില്ല.
ആദ്യം തസ്തികയുടെ പ്രശ്നമായിരുന്നു ചൂണ്ടിക്കാട്ടിയത്. പിന്നീട് ശമ്പള വിതരണത്തില്‍ പ്രശ്നമായി. നേരിട്ട് സര്‍ക്കാര്‍ സര്‍വീസിലെത്തിയവര്‍ക്ക് സ്പാര്‍ക്കില്‍ രജിസ്റ്റര്‍ ചെയ്ത പെന്‍ നമ്പര്‍ ലഭിച്ചാല്‍ അക്കാര്യം പൊതുഭരണവകുപ്പ് എ.ജിയെ അറിയിക്കും. എ.ജി പ്ലേ സിപ്പ് നല്‍കിയാല്‍ ശമ്പളം നല്‍കാം. പക്ഷെ വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നും കെ.എ.എസിലേക്ക് എത്തിവരുടെ ശമ്പളകാര്യം അനിശ്ചിതത്വമായതോടെ ആര്‍ക്കും ശമ്പളം കിട്ടാത്ത അവസ്ഥയായി.
കെ.എ.എസിലേക്ക് വരുന്നതിന് മുമ്പ് ഇപ്പോള്‍ നിശ്ചയിച്ചതിനെക്കാള്‍ കൂടുതല്‍ ശമ്പളം വാങ്ങിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുണ്ടെങ്കില്‍ അവരുടെ ശമ്പളം സംരക്ഷിക്കുമെന്നായിരുന്നു സര്‍ക്കാര്‍ ഉത്തരവ്. എന്നാല്‍ ഇത് അറിഞ്ഞിട്ടില്ലെന്ന മട്ടാണ് ധനവകുപ്പിന്. മുമ്പ് കൂടുതല്‍ ശമ്പളം വാങ്ങിയിട്ടുണ്ടെങ്കിലും ഇപ്പോള്‍ കെ.എ.എസിനുള്ളവര്‍ക്കെല്ലാം ഒരോ ശമ്പളമേ നല്‍കുവെന്നാണ് ധനവകുപ്പിന്റെ നിലപാട്. ഇതിനൊപ്പം പഞ്ചായത്ത് സര്‍വ്വീസില്‍ നിന്നും കെ.എ.എസിലേക്കെത്തിയവര്‍ വീണ്ടും സ്പാര്‍ക്കില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും ഇതേവരെയുള്ള പി.എഫ്.അക്കൗണ്ടിന് പകരം പുതിയ പി.എഫ് അക്കൗണ്ട് തുടങ്ങണമെന്ന ധനവകുപ്പിന്റെ നിര്‍ദേശവും ശമ്പളത്തിന്റെ വഴിയടച്ചു.
ഒറ്റ ദിവസം കൊണ്ട് ചര്‍ച്ച ചെയ്ത് പരിഹരിക്കാവുന്ന വിഷയത്തില്‍ ആര്‍ക്കും ഒരു വ്യക്തയുമില്ലാത്ത അവസ്ഥയാണുള്ളതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. കെ.എ.എസുകാര്‍ക്ക് ശമ്പളം നല്‍കാന്‍ മൂന്നു കോടി സര്‍ക്കാര്‍ വകയിരുത്തിയിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഈ തുക ചെലവഴിക്കാത്തിനാല്‍ ഇത് നഷ്ടമായി. സര്‍ക്കാര്‍ സേവനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാനാണ് കെ.എ.എസ് കൊണ്ടുവരുന്നത് എന്നായിരുന്നു സര്‍ക്കാര്‍ പറഞ്ഞിരുന്നത്. അതേ ഉദ്യോഗസ്ഥരുടെ ആദ്യത്തെ ശമ്പളം തന്നെ സര്‍ക്കാരിന്റെ ‘കാര്യക്ഷമത’ കാരണം ഇതുവരെ നല്‍കാന്‍ കഴിഞ്ഞിട്ടില്ല എന്നതാണ് വസ്തുത.