ന്യൂഡല്‍ഹി: ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജരേഖ ചമച്ചെന്നാരോപിച്ച് അറസ്റ്റിലായ സാമൂഹിക പ്രവര്‍ത്തക ടീസ്ത സെതല്‍വാദിന് ഇടക്കാല ജാമ്യം. പാസ്‌പോര്‍ട്ട് ഹാജരാക്കണമെന്നും അന്വേഷണത്തോട് സഹകരിക്കണമെന്നുമുള്ള ഉപാധികളോടെയാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. ചീഫ് ജസ്റ്റിസ് യു.യു ലളിതിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് കേസ് പരിഗണിച്ചത്.
ഗുജറാത്ത് ഹൈക്കോടതിയെയും ഗുജറാത്ത് പൊലീസിനെയും രൂക്ഷമായി കോടതി വിമര്‍ശിച്ചു. ടീസ്തയെ ജയിലിലാക്കിയിട്ട് ആറാഴ്ച കഴിഞ്ഞു. ഇതുവരെയും കുറ്റപത്രം പോലും സമര്‍പ്പിച്ചിട്ടില്ലെന്നും എഫ്‌ഐആറിലുള്ളത് സാക്കിയ ജഫ്രി കേസ് തള്ളി കോടതി നടത്തിയ നിരീക്ഷണങ്ങള്‍ മാത്രമാണെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.