ന്യൂഡല്‍ഹി: ആര്‍ക്കിടെക്ടിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് മുംബൈ പൊലീസ് അറസ്റ്റ് ചെയ്ത റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ബ് ഗോസ്വാമിയേയും മറ്റു രണ്ടുപേരെയും ഉടന്‍ വിട്ടയക്കാന്‍ സുപ്രീംകോടതി ഉത്തരവ്. ഇവര്‍ക്ക് കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ഇടക്കാല ജാമ്യം നിഷേധിച്ച ഹൈക്കോടതി ഉത്തരവ് തെറ്റാണെന്ന് കോടതി നിരീക്ഷിച്ചു.
ഇന്ത്യന്‍ ജനാധിപത്യം അസാധാരണമാംവിധം പുനരുജ്ജീവന ശേഷിയുള്ളതാണെന്നും ടെലിവിഷനിലൂടെ അര്‍ണബ് നടത്തുന്ന ആക്രമണങ്ങളെ അവഗണിക്കുകയാണ് വേണ്ടതെന്നും ജസ്റ്റിസ് ഇന്ദിര ബാനര്‍ജി കൂടി അടങ്ങിയ ബെഞ്ച് അഭിപ്രായപ്പെട്ടു.
”അദ്ദേഹത്തിന്റെ ആശയ സംഹിത എന്തുമാവട്ടെ. ഞാന്‍ ആ ചാനല്‍ കാണാറില്ല. തുറക്കാറു പോലുമില്ല. പക്ഷേ, ഇത്തരമൊരു കേസില്‍ ഭരണഘടനാ കോടതിയെന്ന നിലയില്‍ സുപ്രീം കോടതി ഇടപെട്ടില്ലെങ്കില്‍ അതു നാശത്തിനാണ് വഴിയൊരുക്കുക.” ജസ്റ്റിസ് ചന്ദ്രചൂഡ് അഭിപ്രായപ്പെട്ടു. ആരോപണത്തിന്റെ പേരില്‍ ഒരാളുടെ വ്യക്തിസ്വാതന്ത്ര്യം ഹനിക്കാനാവുമോ എന്നതാണ് ചോദ്യമെന്ന് കോടതി പറഞ്ഞു.