തേഞ്ഞിപ്പലം യൂണിവേഴ്‌സിറ്റി കേന്ദ്രീകരിച്ച് പരിസര പ്രദേശങ്ങളിലെ വീടുകളില്‍ പട്ടാപ്പകല്‍ കവര്‍ച്ച പതിവാക്കിയ അന്തര്‍ ജില്ലാ മോഷ്ടാവ് പിടിയിലായി. കോഴിക്കോട് ചെറുവണ്ണൂര്‍ സ്വദേശി മണക്കോട്ട് വീട്ടില്‍ ജിത്തു (28) എന്ന മാടന്‍ ജിത്തുവാണ് പിടിയിലായത്. യൂണിവേഴ്‌സിറ്റി സ്റ്റാഫ് ക്വോര്‍ട്ടേഴ്‌സുകള്‍ ഉള്‍പ്പെടെ പരിസര പ്രദേശങ്ങളിലെ 30 ഓളം വീടുകളില്‍ കവര്‍ച്ച നടന്നിരുന്നു.
2022 ഡിസംബര്‍ മാസം മുതല്‍ തുടര്‍ച്ചയായി കവര്‍ച്ച നടന്നത് പ്രദേശ വാസികളെ ഭീതിയിലാഴ്ത്തിയിരുന്നു. പകല്‍ സമയങ്ങളില്‍ സ്‌കൂട്ടറില്‍ കറങ്ങി നടന്ന് ആളില്ലാത്ത വീടുകളില്‍ കവര്‍ച്ച നടത്തുന്നതാണ് ഇയാളുടെ രീതി. വീട്ടില്‍ നിന്ന് ആളുകള്‍ പുറത്തു പോകുന്ന സമയം കമ്പനികളുടെ എക്‌സിക്യൂട്ടിവ് എന്ന വ്യാജേന എത്തുന്ന ഇയാള്‍ വീട്ടിലെ ബെല്ലടിക്കുകയും ആളില്ലെന്ന് ഉറപ്പാക്കിയ ശേഷം വീട്ടുകാര്‍ വീടിന്റെ വിവിധ സ്ഥലങ്ങളില്‍ ഒളിപ്പിച്ചു വക്കുന്ന ചാവി തപ്പിയെടുത്ത് വാതില്‍ തുറന്ന് അകത്തു കയറി കവര്‍ച്ച നടത്തുന്നതും ചാവി കിട്ടാത്ത സ്ഥലങ്ങളില്‍ പൂട്ടുകള്‍ അവിടെ നിന്നും കിട്ടുന്ന ആയുധങ്ങള്‍ ഉപയോഗിച്ച് തകര്‍ത്ത് കവര്‍ച്ച നടത്തുന്നതുമായിരുന്നു ഇയാളുടെ രീതി.