X

കൃഷി മന്ത്രിക്കു പകരം റവന്യൂ മന്ത്രിയുടെ വീട്ടില്‍; ഇന്റലിജന്‍സ് മേധാവിക്കു പറ്റിയ അമളി വൈറല്‍

തിരുവനന്തപുരം: ദുര്‍ഘടമായ ഏതു അവസ്ഥയെയും അനായാസം കൈകാര്യം ചെയ്യുന്നവരാണ് രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥര്‍. എന്നാല്‍ സംസ്ഥാന ഇന്റലിജന്‍സ് മേധാവിയായ എഡിജിപി മുഹമ്മദ് യാസിന് പറ്റിയ അമളി ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലും മറ്റും ചര്‍ച്ചാവിഷയമാണ്. കൃഷി മന്ത്രി സുനില്‍കുമാറിനു പകരം എഡിജിപി എത്തിയത് റവന്യൂ മന്ത്രിയുടെ ഔദ്യോഗിക വസതിയില്‍. ഇന്നു പുലര്‍ച്ചെയോടെയാണ് സംഭവങ്ങളുടെ തുടക്കം. പ്രധാനപ്പെട്ട ഒരു കാര്യം ചര്‍ച്ച ചെയ്യുന്നതിന് സമയം അനുവദിക്കണമെന്ന് രഹസ്യാന്വേഷണ വിഭാഗം മേധാവി മന്ത്രിയോട് ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്ന് രാവിലെ എട്ടു മണിക്ക് ഔദ്യോഗിക വസതിയിലെത്തി കാണാന്‍ മന്ത്രി യാസിന് അനുമതി നല്‍കി. കൃത്യം എട്ടു മണിക്ക് മന്ത്രിയുടെ വീട്ടിലെത്തിയപ്പോള്‍ തന്നെ എന്തോ പന്തികേട് ഉള്ളതായി രഹസ്യാന്വേഷണ മേധാവിക്ക് തന്നെ തോന്നി. തുടര്‍ന്ന് അദ്ദേഹം മന്ത്രിയോട് ചോദിച്ചു. താങ്കള്‍ കൃഷി മന്ത്രി വി.എസ് സുനില്‍കുമാര്‍ അല്ലേ…? യാസിന് അബദ്ധം സംഭവിച്ചതാണെന്ന് തിരിച്ചറിഞ്ഞ റവന്യൂ മന്ത്രി അദ്ദേഹത്തിന് കൃഷിമന്ത്രിയുടെ വീട്ടിലേക്കു വഴി പറഞ്ഞുകൊടുത്ത് അദ്ദേഹത്തെ യാത്രയാക്കി.
സംസ്ഥാനത്തെ മുഴുവന്‍ രഹസ്യാന്വേഷണത്തിനും ചുക്കാന്‍ പിടിക്കുന്ന പൊലീസ് ഉദ്യോഗസ്ഥനു തന്നെ മന്ത്രിമാരെ തിരിച്ചറിയാന്‍ സാധിക്കാത്ത സംഭവം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിട്ടുണ്ട്.

chandrika: