X

ബുദ്ധിക്ഷമത തുടക്കം, തുടര്‍ച്ച, മുന്നേറ്റം-പ്രൊഫ. പി.കെ.കെ തങ്ങള്‍

വസ്തുതകള്‍ ഉള്‍ക്കൊള്ളാനും ആവശ്യാനുസരണം വ്യാഖ്യാനിക്കാനും വിശദീകരിക്കാനും പ്രായോഗികമാക്കാനും വേണ്ട ബുദ്ധിപരമായ കഴിവിനെയാണ് സാമാന്യേന ബുദ്ധിക്ഷമത (ഐ.ക്യു ഇന്റലിജന്‍സ് കോഷ്യന്‍സ്) എന്ന പ്രയോഗംകൊണ്ട് അര്‍ത്ഥമാക്കുന്നത്. ഒരു വ്യക്തിക്ക് തന്നില്‍ നിക്ഷിപ്തമായ സിദ്ധികളെ ആവശ്യങ്ങള്‍ക്ക് ആനുപാതികമായി ഉപയോഗപ്പെടുത്താന്‍ കഴിയുമ്പോള്‍ മാത്രമാണ് അയാള്‍ ബുദ്ധിമാനാകുന്നത്.

ആവോളം അറിവ് മനസ്സില്‍ സൂക്ഷിക്കുകയും അവയൊന്നും യഥാവിധി പ്രയോഗിക്കാനാവാതെ അളവും ക്രമവും തെറ്റിയാണ് പ്രയോഗിക്കുന്നതെങ്കില്‍ അതു അപകടമായിരിക്കും. ബുദ്ധിനിയന്ത്രണ കേന്ദ്രമായ തലച്ചോര്‍ എന്ന് വിളിക്കുന്ന അതിസൂക്ഷ്മവും സങ്കീര്‍ണ്ണവുമായ സംവിധാനമാണ് മനുഷ്യന്റെ ഓരോ ചലനത്തെയും ആന്തരികമായി നിയന്ത്രിക്കുന്നത്. സംഗ്രഹിക്കാനും മനസ്സുമായി സംവദിച്ച് പ്രയോഗിക്കാനുമുള്ള സവിശേഷ സിദ്ധിയാണ് ആധുനിക കാലഘട്ടത്തില്‍ മനുഷ്യന്‍ തിരിച്ചറിഞ്ഞു പേരിട്ടിരിക്കുന്ന ഐ.ക്യു എന്ന സവിശേഷ സിദ്ധി. മനുഷ്യന് ഗണിതങ്ങള്‍ കൈകാര്യം ചെയ്യാനും, വസ്തുതകള്‍ ഓര്‍ത്തുവെക്കാനും, പഠിതാക്കള്‍ക്കാണെങ്കില്‍ പാഠങ്ങള്‍ ഓര്‍ത്തുവെക്കാനുമൊക്കെ സഹായകമാകുന്നത് തലച്ചോറെന്ന് നാം ചുരുക്കിപ്പറയുന്ന ബുദ്ധിക്ഷമത അഥവാ ഐ.ക്യു തന്നെയാണ്. മനസിന്റെ ഇംഗിതങ്ങള്‍ തിരിച്ചറിഞ്ഞ് പ്രായോഗികതയിലെത്തിക്കുന്നതും ഈ ഘടകംതന്നെ. അറിവ് എത്ര തന്നെയുണ്ടെങ്കിലും അവയെല്ലാം മനുഷ്യന്റെ പ്രയോജനത്തിനുതകണമെങ്കില്‍ആദ്യമായി ഇടപെടല്‍ നടത്തേണ്ടത് ബുദ്ധിക്ഷമതയാണ്. അഗ്‌നി അപകടകരമാണെന്നെല്ലാവര്‍ക്കും അറിയാമെങ്കിലും യാദൃച്ഛികമായി തീക്കൊള്ളിയില്‍ കൈ ഉടക്കാന്‍ ഇടവരുമ്പോള്‍ ഉടനടി കൈ പിന്‍വലിക്കാന്‍ മനസില്‍ ആലോചിച്ചു തീരുമാനമെടുക്കുകയല്ല ചെയ്യുന്നത്. മറിച്ച് ‘ഉടന്‍ നിര്‍ദ്ദേശം’ തലച്ചോറില്‍ നിന്നാണുണ്ടാവുന്നത്. അതുകാരണം ക്ഷണനേരം കൊണ്ട് അഥവാ സമയത്തിന്റെ ഒരളവും ചെലവാക്കാതെതന്നെ കൈ പിന്‍വലിക്കപ്പെടുകയും തീപ്പൊള്ളലില്‍ നിന്നും രക്ഷ നേടുകയും ചെയ്യുന്നു. കണ്ണില്‍ വല്ലതും അപകടകരമായി തുളഞ്ഞു കയറാന്‍ വരുമ്പോള്‍ കണ്ണടഞ്ഞു പോകുന്ന റി#ക്‌സ് ആക്ഷന്‍ എന്ന പ്രക്രിയയും തലച്ചോറിന്റെ (ബുദ്ധിയുടെ) നേരിട്ടുള്ള ഇടപെടലാകുന്നു. ആപ്പിള്‍ തലയില്‍ വീണപ്പോള്‍ ഐസക് ന്യൂട്ടന്റെ ‘ഇതെന്തുകൊണ്ട് മേല്‍പോട്ട് പോവാതെ കീഴ്‌പോട്ടു വീണു’ എന്ന ദ്രുതചിന്ത ഉണര്‍ന്നത് തലച്ചോറില്‍ നിന്നല്ലേ?

പ്രപഞ്ചത്തില്‍ നിലനില്‍ക്കുന്നതില്‍ ഏറ്റവും സങ്കീര്‍ണ്ണമായിട്ടുള്ള വസ്തു തലച്ചോര്‍ എന്ന ബുദ്ധികേന്ദ്രം തന്നെയാണ്. ലോകത്ത് എന്തിനെയും ഉള്‍ക്കൊള്ളാനും വികസിപ്പിക്കാനുമുള്ള കഴിവ് മനസിനാണെന്ന് തിരിച്ചറിയുമ്പോഴും ബുദ്ധിയുടേത് രണ്ടാം സ്ഥാനമായിപ്പോവുന്നില്ല കാരണം മനസിന്റെയും നിയന്ത്രണം കുടികൊള്ളുന്നത് തലച്ചോര്‍ അഥവാ ബുദ്ധിയില്‍ തന്നെയാണ്. ആഗ്രഹങ്ങള്‍, അഭിലാഷങ്ങള്‍ എല്ലാം മനസിന്റെതാണ്. എന്നാല്‍ അവയുടെയെല്ലാം നിയന്ത്രണം തലച്ചോറില്‍ നിന്നാണ്. ആഗ്രഹങ്ങള്‍ അതിരില്ലാതെ പറന്നുയരാന്‍ സാധ്യത ഏറെയാണ്. അവകള്‍ക്ക് കടിഞ്ഞാണിടുന്നത് ബുദ്ധിയല്ലേ! വെള്ളത്തിലാണ് നീന്തേണ്ടത്, നീന്തുന്നവര്‍ക്ക് അത് അത്യാനന്തകരവുമാണ്. നീന്താനറിയാത്തവര്‍ കടലില്‍ ചാടിയാലോ? ‘നീന്താനറിയാത്തവനാണ് നീ വെള്ളത്തില്‍ചാടിയാല്‍ അത് അപകടകരമാണ്’ എന്ന ബുദ്ധിയാണ് അവന്റെ രക്ഷകന്‍. ശാന്തി, സമാധാനം, സൂക്ഷമായ കൃത്യനിര്‍വഹണം, സമയനിഷ്ഠ, ഉത്തരവാദിത്തബോധം, അതിര്‍ വരമ്പുകള്‍ പരിഗണിക്കല്‍, വിനയം, ആവശ്യമായിവരുന്നേടത്ത് വിധേയത്വവും നേതൃബോധവും, ദീനാനുകമ്പ, ദയ, എതിരാളികളെ തിരിച്ചറിയല്‍ തുടങ്ങിയവയെല്ലാം ശരിയായ ബുദ്ധിക്ഷമതയില്‍ ഉള്‍ക്കൊള്ളേണ്ട കാര്യങ്ങളാണ്. മനുഷ്യന്‍ ജനിക്കുന്നത് തനിച്ചാണെങ്കിലും അവന്റെ വളര്‍ച്ചയുംതുടര്‍ച്ചയും തികവുമെല്ലാം ഒരു സാമൂഹ്യജീവി (സോഷ്യല്‍ എലമെന്റ്) എന്ന നിലയിലാണ്.

അക്കാരണത്താല്‍ തന്നെ സാമൂഹ്യബോധം എന്നത് തീര്‍ത്തും അവന്റെ ബുദ്ധിയുടെ, ചിന്തയുടെ, അടിത്തട്ടില്‍ ഉറച്ചിരിക്കേണ്ട വികാരമാണ്. അത് വെറുംവൈകാരികതക്ക് വേണ്ടിയല്ല മറിച്ച് മനുഷ്യസമൂഹത്തിന്റെ പൊതുവായ ഗുണത്തിനാണെന്ന ചിന്തയും വ്യക്തിത്വത്തിന്റെ ഭാഗവുമായിരിക്കണം. ‘ഞാനും ഒരുതട്ടാനും കുറെ സ്വര്‍ണവും മാത്രം മതിയായിരുന്നു ഈ ലോകത്ത്’ എന്നത് അഭിലാഷമാകാം, പക്ഷേ അതും മനുഷ്യബുദ്ധിക്കു നിരക്കുന്നതല്ല. അത് പൂര്‍ണമായുംവര്‍ജ്യമാണ്. സുസ്ഥിരമായ സമൂഹസൃഷ്ടിയെന്നത് നീണ്ടുനില്‍ക്കുന്ന സൗഹൃദത്തിലൂടെ മാത്രം സാധ്യമാകുന്ന കാര്യമാണ്. അതിന്റെ തുടര്‍ച്ചക്ക് കാലങ്ങളെ അതിജീവിക്കാനുള്ള കരുത്തുണ്ടാകും. കാരണംഅതൊരു അനുകൂല വികാരമാണ്. ചിറകുവിരിച്ച് പറക്കുന്നേടത്ത് മാത്രമല്ല അതിന്റെ സാന്നിധ്യം; മറിച്ച് സ്ഥായിയായ അസ്തിത്വത്തിലായിരിക്കണം. അങ്ങിനെ വരുമ്പോള്‍ മനുഷ്യനില്‍ മുളപൊട്ടുന്ന സദ്വികാരങ്ങള്‍ മനുഷ്യന്‍ നിലനില്‍ക്കുന്ന കാലത്തോളം നിലനില്‍ക്കും, വളരും, അഭിനയത്തിനോ, യാന്ത്രികതക്കോ തൂവല്‍വിരിയുന്ന ഭാവനകള്‍ക്കോ ഇവയിലൊന്നും ഒരു സ്ഥാനവുമില്ല. തികച്ചും ബുദ്ധിപരം മാത്രം.

മനുഷ്യജീവിത പ്രയാണം എന്നത് എക്കാലവും ‘പതിനാലാംരാവിലെ’ പൂനിലവായിക്കൊള്ളണമെന്നില്ല. സുഖ ദുഃഖ സമ്മിശ്രമായിരിക്കുമല്ലോ ജീവിതം. മധുര മനോഹാരിതകളെ പുല്‍കാന്‍ സര്‍വധാ സന്നദ്ധനാവുന്ന മനുഷ്യന്‍, നേരിടാനിടയുള്ള നിര്‍ഭാഗ്യങ്ങളെ തരണം ചെയ്യാനുള്ളആര്‍ജ്ജവം കൂടി കരുതിയിരിക്കണം. അങ്ങിനെയെങ്കില്‍ മാത്രമേ മനുഷ്യന്‍ ബുദ്ധിമാനാവുന്നുള്ളൂ. സന്തോഷങ്ങളിലാറാടുകയും സന്താപങ്ങളില്‍ അടിപതറുകയും ചെയ്യാതിരിക്കണമെങ്കില്‍ മനസിന്റെ നിറങ്ങളേടു മാത്രമുള്ള ആഭിമുഖ്യം, ഇരുളിനെ തെളിച്ചമാക്കി മാറ്റാനുള്ളതുകൂടിയാക്കി ബുദ്ധികൊണ്ട് തിരുത്തണം. അവിടെയാണ് മനുഷ്യബുദ്ധി ലോകത്ത് മറ്റെന്തിനെയും കവച്ചുവെയ്ക്കുന്നതെന്ന കീര്‍ത്തി അന്വര്‍ത്ഥമാക്കുന്നത്. ടെന്‍സിംഗിന്റെയും ഹിലാരിയുടെയും, റിപ്‌വാല്‍വിങ്കിളിന്റെയുമെല്ലാം അനുഭവ സത്യങ്ങള്‍ പാഠങ്ങളായി മുന്നിലില്ലേ! ഒരേ പരീക്ഷണങ്ങള്‍ക്ക് മുമ്പില്‍ ആരെല്ലാം തകര്‍ന്ന് വീഴുന്നു, ആരെല്ലാം പിടിച്ചു നിന്ന് മുന്നേറുന്നു എന്നതാണ് പരിശോധിക്കേണ്ടത്. തകരുന്നവര്‍ അവിടെ തീരുന്നു, പിടിച്ചുനില്‍ക്കുന്നവര്‍ മുന്നേറുന്നു നേട്ടങ്ങള്‍ കൊയ്യുന്നു. അവര്‍ ചരിത്രത്തില്‍സ്ഥാനം പിടിക്കുന്നു. മനസ്സിന്റെ ത്രസിപ്പുകളെക്കാള്‍ പ്രാധാന്യം കല്‍പിക്കേണ്ടത് ബുദ്ധിയുടെ, തലച്ചോറിന്റെ പിടിച്ചുനില്‍പിനുള്ള ആജ്ഞകള്‍ക്കാണ്. അത് മാത്രമേ ആത്യന്തികമായി മനുഷ്യനെ വിജയത്തിലേക്കെത്തിക്കുകയുള്ളൂ.

Test User: