X

പ്ലസ്ടു കഴിഞ്ഞവര്‍ക്ക് കാലിക്കറ്റ് കാമ്പസില്‍ ഇന്റഗ്രേറ്റഡ് പി.ജി. പഠിക്കാം

തേഞ്ഞിപ്പലം: പ്ലസ്ടു കഴിഞ്ഞവര്‍ക്ക് കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസില്‍ അഞ്ചുവര്‍ഷത്തെ ഇന്റഗ്രേറ്റഡ് പി.ജി. കോഴ്‌സുകള്‍ പഠിക്കാന്‍ അവസരം. എന്‍ട്രന്‍സ് മുഖേനയുള്ള പ്രവേശനത്തിന് 17 വരെ രജിസ്റ്റര്‍ ചെയ്യാം.
ഇന്റഗ്രേറ്റഡ് എം.എസ്.സി. കോഴ്‌സുകളായ ബയോസയന്‍സ്, ഫിസിക്‌സ്, കെമിസ്ട്രി എന്നിവയും ഇന്റഗ്രേറ്റ്ഡ് എം.എ. ഡെവലപ്‌മെന്റ് സ്റ്റഡീസുമാണ് ഈ അധ്യയനവര്‍ഷം തുടങ്ങുന്ന പുതിയ കോഴ്‌സുകള്‍.
ഫിസിക്‌സ്, കെമിസ്ട്രി കോഴ്‌സുകളിലേക്ക് അപേക്ഷിക്കാന്‍ ജനറല്‍ വിഭാഗക്കാര്‍ 70 ശതമാനവും ഒ.ബി.സി. 65 ശതമാനവും എസ്.സി.-എസ്.ടി. വിഭാഗം 60 ശതമാനവും മാര്‍ക്കോടെ ഫിസിക്‌സ്, കെമിസ്ട്രി, മാത്സ് വിഷയങ്ങളോടെയുള്ള പ്ലസ്ടു യോഗ്യരായിരിക്കണം.
ബയോസയന്‍സിന് ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങള്‍ പഠിച്ചുള്ള പ്ലസ്ടുവാണ് യോഗ്യത.
60 ശതമാനം മാര്‍ക്കോടെ ഏതെങ്കിലും വിഷയത്തിലുള്ള പ്ലസ്ടു നേടിയവര്‍ക്ക് എം.എ. ഡെവലപ്‌മെന്റ് സ്റ്റഡീസിന് അപേക്ഷിക്കാം.
ഫിസിക്‌സ്, കെമിസ്ട്രി കോഴ്‌സുകള്‍ക്ക് 15 സീറ്റ് വീതവും ബയോസയന്‍സിന് 20 സീറ്റും ഡെവലപ്‌മെന്റ് സ്റ്റഡീസിന് 30 സീറ്റുമാണുള്ളത്. ആദ്യമായാണ് കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസില്‍ ഇന്റഗ്രേറ്റഡ് കോഴ്‌സുകള്‍ തുടങ്ങുന്നത്. സര്‍വകലാശാലാ പഠനവകുപ്പുകളുടെ സൗകര്യങ്ങളും ലാബ്-ലൈബ്രറി സൗകര്യങ്ങളുമെല്ലാം വിദ്യാര്‍ഥികള്‍ക്ക് ലഭ്യമാകുമെന്നതാണ് സവിശേഷത. ഗവേഷണത്തിന് ഊന്നല്‍ നല്‍കിയുള്ളതാകും പഠനം.

17 വരെ അപേക്ഷിക്കാം

എന്‍ട്രന്‍സ് പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. സപ്തംബര്‍ 17-ന് അഞ്ച് മണി വരെ അപേക്ഷിക്കാം. ഒരു വിദ്യാര്‍ഥിക്ക് യോഗ്യതയുടെ അടിസ്ഥാനത്തില്‍ പരമാവധി മൂന്ന് പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം. രണ്ടു പ്രോഗ്രാമുകള്‍ വരെ ജനറല്‍ വിഭാഗത്തിന് 370 രൂപയും എസ്.സി.-എസ്.ടി. വിഭാഗത്തിന് 160 രൂപയുമാണ് ഫീസ്. മൂന്ന് പ്രോഗ്രാമുകള്‍ക്ക് ഇത് യഥാക്രമം 425 രൂപയും 215 രൂപയുമാണ്. അപേക്ഷകര്‍ അപേക്ഷയുടെ പ്രിന്റൗട്ട് സൂക്ഷിക്കണം. പ്രവേശന വിജ്ഞാപനവും പ്രോസ്‌പെക്ടസും admission.uoc.ac.in ലഭ്യമാണ്. ഫോണ്‍: 0494 2407016, 2407017.

Test User: