പോളിസി ഉടമക്ക് അറിയാതിരുന്ന രോഗം വെളിപ്പെടുത്തിയില്ലെന്നാരോപിച്ച് ഇന്‍ഷുറന്‍സ് നിഷേധിക്കാനാവില്ലെന്ന് ഉപഭോക്തൃ കമ്മീഷന്‍. ഇന്‍ഷുറന്‍സ് പോളിസിയെടുക്കുമ്പോള്‍ രോഗവിവരം മറച്ചുവെച്ചുവെന്നാരോപിച്ച് ആനുകൂല്യം നിഷേധിച്ച ഇന്‍ഷുറന്‍സ് കമ്പനി ചികിത്സാ ചെലവായ 1,46,294 രൂപയും നഷ്ടപരിഹാരമായി 50,000 രൂപയും കോടതി ചെലവായി 10,000 രൂപയും പരാതിക്കാരന് നല്‍കണമെന്നും കമ്മീഷന്‍ വിധിച്ചു.
കൊണ്ടോട്ടി പുളിക്കല്‍ സ്വദേശി അബ്ദുള്‍ ജലീല്‍ സമര്‍പ്പിച്ച ഹരജിയിലാണ് കമ്മീഷന്റെ വിധി. എച്ച്.ഡി.എഫ്.സി എര്‍ഗോ ഇന്‍ഷുറന്‍സ് കമ്പനിയാണ് വിധിസംഖ്യ നല്‍കേണ്ടത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ഹൃദയ സംബന്ധമായ ചികിത്സയ്ക്ക് പരാതിക്കാരനെ പ്രവേശിപ്പിക്കുകയും മൂന്ന് ദിവസത്തിന് ശേഷം ഡിസ്ചാര്‍ജ് ചെയ്യുകയും ചെയ്തു. തുടര്‍ന്ന് ഇന്‍ഷുറന്‍സ് ആനുകൂല്യത്തിനായി സമീപിച്ചപ്പോള്‍ നേരത്തെ ഉണ്ടായിരുന്ന രോഗം മറച്ചുവെച്ച് പോളിസി എടുത്തതിനാല്‍ വ്യവസ്ഥ പ്രകാരം ആനുകൂല്യം നല്‍കാനാവില്ലെന്ന് കമ്പനി അറിയിക്കുകയായിരുന്നു. എന്നാല്‍ പോളിസി എടുക്കുമ്പോള്‍ രോഗമുണ്ടായിരുന്നില്ലെന്ന് കമ്പനിയെ അറിയിച്ചെങ്കിലും കമ്പനി അംഗീകരിച്ചില്ല.
പോളിസി എടുക്കുന്നതിന് മുമ്പ് രോഗമുണ്ടായിരുന്നുവെന്ന് തെളിയിക്കാന്‍ ഇന്‍ഷുറന്‍സ് കമ്പനിക്കായില്ല. രോഗം മറച്ചുവെച്ചുവെന്ന് ആരോപിക്കുന്നത് ജീവിത ശൈലീ രോഗങ്ങളായ പ്രമേഹവും കൊളസ്ട്രോളുമാണ്. ഇത് കാരണമാണ് ഹൃദയ സംബന്ധമായ രോഗമുണ്ടായതെന്നതിനും തെളിവുകളില്ല. 2016 മുതല്‍ ചെറിയ ഇടവേളകള്‍ ഉണ്ടായെങ്കിലും തുടര്‍ച്ചയായി ഇന്‍ഷുറന്‍സ് പുതുക്കി വരുന്നയാളാണ് പരാതിക്കാരന്‍. മതിയായ കാരണമില്ലാത ഇന്‍ഷുറന്‍സ് നിഷേധിച്ചത് സേവനത്തില്‍ വന്ന വീഴ്ചയാണ്. പരാതിക്കാരന് ചികിത്സാ ചെലവും നഷ്ടപരിഹാരവും കൂടാതെ 10,000 രൂപ കോടതി ചെലവും നല്‍കണം. ഒരു മാസത്തിനകം വിധിസംഖ്യ നല്‍കാത്തപക്ഷം ഒമ്പത് ശതമാനം പലിശയും നല്‍കണമെന്നും കെ. മോഹന്‍ദാസ് പ്രസിഡന്റും പ്രീതി ശിവരാമന്‍, സി.വി. മുഹമ്മദ് ഇസ്മായില്‍ എന്നിവര്‍ അംഗങ്ങളുമായ ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ വിധിയില്‍ പറഞ്ഞു.