ജീവനക്കാർ തുടങ്ങുന്ന പോളിസികളിൽ എല്ലാ തുകയും കൈപ്പറ്റിയ ശേഷം വിരമിക്കൽ ആനുകൂല്യങ്ങൾ നൽകേണ്ട വേളയിൽ പോളിസി ലാപ്സായെന്ന് പറഞ്ഞ് അർഹതപ്പെട്ട തുക നിഷേധിക്കുന്നത് നിയമലംഘനമാണെന്ന് മനുഷ്യാവകാശ കമ്മീഷൻ. സംസ്ഥാന ഇൻഷ്വറൻസ് ഡയറക്ടർക്കാണ് കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി ഉത്തരവ് നൽകിയത്. 2023 മാർച്ച് 31 ന് സർവ്വീസിൽ നിന്നും വിരമിച്ച അധ്യാപിക കെ. ആർ. മിനി സ്റ്റേറ്റ് ലൈഫ് ഇൻഷ്വറൻസിൽ താൻ ഒടുക്കിയ തുക പോലും ലഭിച്ചില്ലെന്ന് ആരോപിച്ച് സമർപ്പിച്ച പരാതിയിലാണ് നടപടി.
ഇൻഷ്വറൻസ് ഡയറക്ടറിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. നീരാവിൽ എസ്. എൻ. ഡി. പി. സ്കൂളിൽ അധ്യാപികയായിരുന്ന പരാതിക്കാരി 2018 ഓഗസ്റ്റ് മുതൽ 2019 മാർച്ച് വരെ വരിസംഖ്യ ഒടുക്കുന്നതിൽ വീഴ്ച വരുത്തിയതായി പറയുന്നു. ഇക്കാരണത്താൽ പോളിസി കാലഹരണപ്പെട്ടതിനാൽ മുഴുവൻ തുകയും ലഭ്യമല്ലെന്നായിരുന്നു ഇൻഷുറൻസ് വകുപ്പിന്റെ വിശദീകരണം . പോളിസി കാലയളവിൽ ഇൻഷ്വറൻസ് വരിക്കാരുടെ പോളിസിയിലുണ്ടാവുന്ന കുടിശ്ശിക അഥവാ വീഴ്ച യഥാവിധി ചൂണ്ടിക്കാണിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. അധ്യാപികയുടെ കാര്യത്തിൽ ഇൻഷുറൻസ് വകുപ്പ് അത് നിറവേറ്റിയില്ല. ഇത് ഗുരുതര കൃത്യവിലോപമായതിനാൽ മുഴുവൻ തുകയും രണ്ടാഴ്ചക്കകം അനുവദിക്കണമെന്ന് കമ്മീഷൻ നിർദ്ദേശിച്ചു.