ഭോപ്പാല്‍: ഈദ് ആഘോഷങ്ങളുമായി ബന്ധപ്പെട്ട് മധ്യപ്രദേശിലെ ഖാര്‍ഗോണില്‍ രണ്ട് ദിവസത്തേക്ക് കര്‍ഫ്യൂ പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം. കഴിഞ്ഞ മാസം രാമനവമിയുമായി ബന്ധപ്പെട്ട് ഈ പ്രദേശത്ത് അക്രമ സംഭവങ്ങളുണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്.
മെയ് രണ്ട്, മൂന്ന് തീയതികളില്‍ ഖാര്‍ഗോണില്‍ സമ്പൂര്‍ണ കര്‍ഫ്യൂ ഏര്‍പ്പെടുത്തുമെന്നും ഈദ് പ്രാര്‍ത്ഥനകളും ആഘോഷങ്ങളും അവരവരുടെ വീടുകള്‍ക്കുള്ളില്‍ തന്നെ നടത്തണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. എന്നാല്‍ ഈ ദിവസങ്ങളില്‍ എല്ലാ കടകള്‍ക്കും തുറന്ന് പ്രവര്‍ത്തിക്കാം.
പരീക്ഷകള്‍ക്കായി പോകുന്ന വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക പാസ് നല്‍കും. അക്ഷയ ത്രിതീയ, പരശുറാം ജയന്തി ദിവസങ്ങളിലും ജില്ലയില്‍ യാതൊരു വിധത്തിലുള്ള ആഘോഷങ്ങളും നടത്താന്‍ അനുവദിക്കില്ലെന്നും ഖാര്‍ഗോണ്‍ ജില്ലാ മജിസ്‌ട്രേറ്റ് സമ്മര്‍ സിങ് പറഞ്ഞു. കഴിഞ്ഞ മാസം രാമനവമി ഘോഷയാത്രയുടെ മറവില്‍ പ്രദേശത്ത് ഹിന്ദുത്വ സംഘടനകള്‍ അഴിഞ്ഞാടിയിരുന്നു. അക്രമസംഭവങ്ങളില്‍ 24 പേര്‍ക്ക് പരിക്കേല്‍ക്കുകയും ഒരാള്‍ മരിക്കുകയും ചെയ്തു. കൂടാതെ പൊലീസ് സൂപ്രണ്ട് സിദ്ധാര്‍ഥ് ചൗധരിക്കും വെടിയേറ്റു. ഇതുമായി ബന്ധപ്പെട്ട് 64 കലാപകേസുകളിലായി 150 ഓളം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. തുടര്‍ന്ന് പ്രദേശത്തെ മുസ്‌ലിം വീടുകള്‍ ജെ.സി.ബി ഉപയോഗിച്ച് ജില്ലാഭരണകൂടം ഇടിച്ചുനിരത്തിയത് ഏറെ വിവാദമായിരുന്നു.ഈദിന് പുറമേ അംബേദ്കര്‍ ജയന്തി, മഹാവീര്‍ ജയന്തി, ദുഃഖവെള്ളി, ഹനുമാന്‍ ജയന്തി എന്നീ ആഘോഷങ്ങളിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.