ചെറുപ്പക്കാര്‍ക്ക് സന്ദേശങ്ങള്‍ അയക്കുന്നതിനും കുട്ടികള്‍ അക്കൗണ്ട് സൃഷ്ടിക്കുന്നതിനും തടയിടാന്‍ ഇന്‍സ്റ്റഗ്രാം. അക്കൗണ്ട് സൃഷ്ടിക്കുന്നതില്‍ നിന്ന് കുട്ടികളെയും യുവ ഉപയോക്താക്കളെ ബന്ധപ്പെടുന്നതില്‍ നിന്ന് മുതിര്‍ന്നവരെയും തടയുന്ന പുതിയ സാങ്കേതികവിദ്യ അവതരിപ്പിക്കുകയാണ് കമ്പനി.
ഇന്‍സ്റ്റഗ്രാം വഴി മുതിര്‍ന്നവരും കുട്ടികളും തമ്മിലുള്ള അനുചിതമായ സമ്പര്‍ക്കത്തെക്കുറിച്ച് ഉയരുന്ന ആശങ്കകള്‍ക്ക് പിന്നാലെയാണ് പുതിയ നീക്കം. ഇന്‍സ്റ്റഗ്രാം ഉപഭോക്താവാകുന്നതിന് 13 വയസ് പ്രായപരിധി നിശ്ചയിക്കാനാണ് നീക്കം. കൃത്രിമ ബുദ്ധിയുടെ സഹായത്തോടെ അക്കൗണ്ട് തുറക്കുമ്പോള്‍ തന്നെ ഉപയോക്താവിന്റെ പ്രായം നിര്‍ണ്ണയിക്കാനുള്ള സംവിധാനമാണ് പരീക്ഷിക്കുന്നത്.
‘പലരും പ്രായത്തിന്റെ കാര്യത്തില്‍ സത്യസന്ധത പുലര്‍ത്തുന്നുണ്ടെങ്കിലും ചില ചെറുപ്പക്കാര്‍ ജനനത്തിയതി തെറ്റായി രേഖപ്പെടുത്താറുണ്ടെന്ന് ബോധ്യപ്പെട്ടിട്ടുണ്ട്. ഇത് തടയാന്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു, പക്ഷേ ആളുകളുടെ പ്രായം ഓണ്‍ലൈനില്‍ പരിശോധിക്കുന്നത് സങ്കീര്‍ണ്ണമാണെന്ന് ഞങ്ങള്‍ക്കറിയാം’, അധികൃതര്‍ പറഞ്ഞു. കൃത്രിമ ബുദ്ധിയുടെയും മെഷീന്‍ ലേണിംഗ് സാങ്കേതികവിദ്യയുടെയും സഹായത്തോടെ ഈ വെല്ലുവിളി മറികടക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.
‘സംശയാസ്പദമായ പെരുമാറ്റം’ പ്രകടിപ്പിക്കുന്ന മുതിര്‍ന്നവരെ കൗമാരക്കാരുമായി ഇടപഴകുന്നതില്‍ മാറ്റം കൊണ്ടുവരാനുള്ള വഴികളും ഇന്‍സ്റ്റാഗ്രാം പരിശോധിക്കുന്നുണ്ട്.