X

മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധന കൂടുതല്‍ ശക്തമാക്കണം; വി.ഡി സതീശന്‍

വടക്കഞ്ചേരിയില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളുമായി വിനോദ യാത്ര പോയ ടൂറിസ്റ്റ് ബസ് കെഎസ്ആര്‍ടിസി ബസില്‍ ഇടിച്ച് 5 കുട്ടികള്‍ ഉള്‍പ്പെടെ ഒന്‍പതു പേര്‍ മരിച്ച സംഭവം അതീവ ദുഃഖകരമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.

ടൂറിസ്റ്റ് ബസിന്റെ അമിത വേഗമാണ് അപകടത്തിന് ഇടയാക്കിയത്. 97.2 കിലോമീറ്റര്‍ ആയിരുന്നു അപകട സമയത്ത് വേഗത. വേഗപ്പൂട്ട് നിര്‍ബന്ധമാക്കിയുള്ള നിയമം നിലനില്‍ക്കെ ‘ഈ ബസിന് എങ്ങനെയാണ് അമിത വേഗമെടുക്കാന്‍ സാധിച്ചത്? മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധന കൂടുതല്‍ ശക്തമാക്കണം. വലിയ അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രം പരിശോധനകള്‍ ശക്തമാക്കുന്ന രീതിയില്‍ നിന്നും മാറി നിയമം കര്‍ശനമായി നടപ്പാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് തയാറാകണം. അപകടം ഉണ്ടാക്കിയ ടൂറിസ്റ്റ് ബസിനെതിരെ നിയമ ലംഘനത്തിന് നേരത്തെയും കേസുകളുണ്ട്. നിരോധിച്ച ലൈറ്റുകളും വലിയ ശബ്ദ വിന്യാസവും എയര്‍ ഹോണുകളുമൊക്കെയായി ടൂറിസ്റ്റ് ബസുകള്‍ നിരത്തുകളില്‍ ചീറി പായുകയാണ്. ഇനിയും ഇത്തരം അപകടങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള നടപടികളാണ് വിവിധ വകുപ്പുകള്‍ സ്വീകരിക്കേണ്ടത് അദ്ദേഹം പറഞ്ഞു.

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുള്ള വിനോദയാത്രകള്‍ നടക്കുന്ന സീസണ്‍ ആയതിനാല്‍ ടൂറിസ്റ്റ് ബസുകളുടെ ഫിറ്റ്‌നെസ് സംബന്ധിച്ച് കര്‍ശന പരിശോധനകള്‍ നടത്തണം. വിനോദയാത്രയുടെ വിശദാംശങ്ങള്‍ മോട്ടോര്‍ വാഹന വകുപ്പിനെ അറിയിക്കാന്‍ സ്‌കൂളുകളും ശ്രദ്ധിക്കണം.മോട്ടോര്‍ വാഹന വകുപ്പിന്റെ എല്ലാ പരിശോധകളും പൂര്‍ത്തിയായ വാഹനങ്ങളാണ് വിനോദയാത്രയ്ക്ക് ഉപയോഗിക്കുന്നതെന്ന് ഉറപ്പാക്കണം അദ്ദേഹം പറഞ്ഞു.

Test User: