ഇൻസൈറ്റ് ദ് ക്രിയേറ്റീവ് ഗ്രൂപ്പിന്റെ പതിമൂന്നാമത് ഹൈക്കു അമേച്ചർ ലിറ്റിൽ ഫിലിം (ഹാഫ്) ഫെസ്റ്റിവൽ സെപ്റെമെബർ പത്തിന് ഞായറാഴ്ച പാലക്കാട് ലയൺസ് സ്കൂളിലെ ഗോൾഡൻ ജൂബിലി ഹാളിൽ നടക്കും.കാലത്ത് 9 മണിക്ക് ആരംഭിക്കുന്ന മേളയിൽ ഇന്ത്യയിൽ നിന്നും വിദേശത്തുനിന്നുമായി മത്സര വിഭാഗത്തിൽ 41 ചിത്രങ്ങളും മത്സരേതര വിഭാഗത്തിൽ മൂന്ന് ഇൻസൈറ്റ് ചിത്രങ്ങളും 12 ഹൈക്കു ചിത്രങ്ങളും പ്രദർശിപ്പിക്കും.
ഒരുമിനുട്ടിൽ താഴെയുള്ള ചിത്രങ്ങൾക്കായുള്ള “മൈന്യൂട്’ വിഭാഗത്തിൽ 11 ചിത്രങ്ങളും, അഞ്ചു മിനുട്ടിൽ താഴെയുള്ള ചിത്രങ്ങൾക്കായുള്ള ‘ഹാഫ്’ വിഭാഗത്തിൽ 30 ചിത്രങ്ങളുമാണ് മത്സരിക്കുന്നത്.
മൈന്യൂട് വിഭാഗത്തിൽ ഒന്നാം സമ്മാനം നേടുന്ന ചിത്രത്തിന് 10, 000/- രൂപയും, ട്രോഫിയും, സാക്ഷ്യപത്രവുമടങ്ങുന്ന സിൽവർ സ്ക്രീൻ അവാർഡും, ഹാഫ് വിഭാഗത്തിൽ 50, 000/- രൂപയും, ട്രോഫിയും, സാക്ഷ്യപത്രവുമടങ്ങുന്ന ഗോൾഡൻ സ്ക്രീൻ അവാർഡിന് പുറമെ, അഞ്ചു പേർക്ക് അയ്യായിരം രൂപയും സാക്ഷ്യപത്രവുമടങ്ങുന്ന റണ്ണർ അപ്പ് അവാർഡുകളും സമ്മാനിക്കും.ഓരോ ചിത്രത്തിന്റെ പ്രദർശനത്തിനു ശേഷവും പ്രസ്തുത ചിത്രത്തിന്റെ അണിയറപ്രവർത്തകരും കാണികളും തമ്മിൽ നടക്കുന്ന ഓപ്പൺ ഫോറം ചർച്ച ഈ മേളയുടെ മാത്രം പ്രത്യേകതയാണ്. ഇൻഡ്യക്കത്തുനിന്നും പുറത്തുനിന്നുമായി നിരവധി ഡെലിഗേറ്ററുകൾ ഇതിനോടകം മേളയിൽ പങ്കെടുക്കാനായി രജിസ്റ്റർ ചെയ്തിട്ടുണ്ട്.
പ്രസിദ്ധ ചലച്ചിത്ര നിരൂപകൻ ഡോ. സി. എസ്. വെങ്കിടേശ്വരൻ, ചലച്ചിത്ര സംവിധായകൻ ശ്രീ. ഡോൺ പാലത്തറ, എഡിറ്ററും ഡോക്യുമെന്ററി സംവിധായികയുമായ ഫറ ഖാത്തൂൺ എന്നിവരടങ്ങുന്ന ജൂറിയാണ് അവാർഡുകൾ നിശ്ചയിക്കുന്നത്.
ഹ്രസ്വ ചിത്രങ്ങളുടെ പ്രദർശന ശേഷം നടക്കുന്ന സമാപന സമ്മേളനം ഇൻസൈറ്റ് പ്രസിഡന്റ് ശ്രി. കെ. ആർ . ചെത്തല്ലൂരിന്റെ അധ്യക്ഷതയിൽ പാലക്കാട് ജില്ലാ കലക്റ്റർ ഡോ . എസ് . ചിത്ര ഐ. എ. എസ്. ഉദ്ഘാടനം ചെയ്യും. ഫെസ്റ്റിവൽ ഡയറക്ടർ ശ്രി. കെ. വി. വിൻസെന്റ് മേളയുടെ അവലോകനം നടത്തുകയും തുടർന്ന് ജൂറിയംഗങ്ങൾ മത്സര ചിത്രങ്ങളെ വിലയിരുത്തി സംസാരിക്കുകയും അവാർഡുകൾ പ്രഖ്യാപിച്ചു വിതരണം നടത്തുകയും ചെയ്യും. ലയൺസ് ക്ലബ് പ്രസിഡന്റ് ശ്രീ. വിമൽ വേണു, വേൾഡ് ഡിസൈൻ കൌൺസിൽ കൺട്രി ഹെഡ് ഫിലിപ് തോമസ്, ചലച്ചിത്ര സംവിധായകൻ ശ്രീ. ഫാറൂഖ് അബ്ദുൾറഹിമാൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു സംസാരിക്കും..ഇത്തവണത്തെ ഏറ്റവും നല്ല ചലച്ചിത്ര ഗ്രന്ഥത്തിനുള്ള സംസ്ഥാന അവാർഡ് ജേതാവായ ചലച്ചിത്ര നിരൂപകൻ ഡോ. സി. എസ് . വെങ്കിടേശ്വരനെ സമാപന യോഗത്തിൽ വെച്ച് ഇൻസൈറ്റ് ആദരിക്കുന്നതാണ്. മേളയിലേക്കുള്ള പ്രവേശനം സൗജന്യമാണ്.
കൂടുതൽ വിവരങ്ങൾക്ക് 9446000373 / 9447408234 / 9496094153 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്