മുബൈ: ലോകത്തിലെ ഏറ്റവും പഴക്കമേറിയ യുദ്ധവിമാന വാഹിനിയായ ഇന്ത്യയുടെ ഐഎന്‍എസ് വിരാട് ഇന്ന് ഡികമ്മിഷന്‍ ചെയ്യും. മുംബൈയില്‍ സംഘടിപ്പിച്ച ഔപചാരിക വിടവാങ്ങല്‍ ചടങ്ങില്‍ വച്ചാണ് യുദ്ധകപ്പലിന്റെ വിരമിക്കല്‍ പ്രഖ്യാപനം നടക്കുക. ഇതോടെ മൂന്ന് പതിറ്റാണ്ടുകാലം രാജ്യത്തെ സേവിച്ച ഇന്ത്യന്‍ നാവികസേനയുടെ ചരിത്രത്തിലെ ഏറ്റവും തിളക്കമേറിയ യുഗമാണ് അവസാനിക്കുക.
മൂന്നുപതിറ്റാണ്ടുകാലം ഇന്ത്യന്‍ നാവികസേനയുടെ ഭാഗമായിരുന്ന വിരാട്, 27തവണ ഭൂഗോളംചുറ്റിയ ലോകത്തിലെതന്നെ ഏകയുദ്ധക്കപ്പലാണ്. വിരമിക്കല്‍ ചടങ്ങില്‍ പ്രതിരോധ മന്ത്രി മനോഹര്‍ പരീഖര്‍ പങ്കെടുക്കും.
1943ല്‍ രണ്ടാം ലോക മഹായുദ്ധത്തിനിടെ നിര്‍മിച്ച യുദ്ധകപ്പല്‍ 1959ലാണ് എച്ച്എംഎസ് ഹെര്‍മിസ് എന്ന പേരില്‍ റോയല്‍ ബ്രിട്ടിഷ് നേവിയുടെ ഭാഗമായത്. 27 വര്‍ഷത്തിനുശേഷം, 1987ല്‍ 65 മില്യണ്‍ പൗണ്ടിനാണ് ഇന്ത്യ കപ്പല്‍ സ്വന്തമാക്കുന്നത്. തുടര്‍ന്നു ആ വര്‍ഷം മെയ് മാസം 12നു ഐഎന്‍എസ് വിരാട് എന്ന് റീ കമ്മിഷന്‍ ചെയ്തു. 226.5 മീറ്റര്‍ നീളവും 48.78 മീറ്റര്‍ വീതിയുള്ള വിരാട് വാങ്ങുമ്പോള്‍ പത്തുവര്‍ഷമായിരുന്നു കാലാവധിയെങ്കിലും നീണ്ട മുപ്പതുവര്‍ഷം ഇന്ത്യന്‍നേവിയുടെ കരുത്തായി.
ഡീ കമ്മീഷന്‍ ചെയ്തതിനു ശേഷം കപ്പല്‍ മാരിടൈം ചരിത്ര മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കുന്ന കാര്യം പരിഗണിക്കുന്നുണ്ട്. കേന്ദ്ര സര്‍ക്കാരാണ് ഇക്കാര്യം തീരുമാനിക്കേണ്ടതെന്നു നാവികസേനാ വൃത്തങ്ങള്‍ അറിയിച്ചു.