X
    Categories: MoreViews

തകര്‍ച്ചയില്‍ സ്വന്തം റെക്കോര്‍ഡുകള്‍ തിരുത്തി രൂപ; ഡോളറിനെതിരെ വിനിമയ മൂല്യം 71 ലേക്ക് കൂപ്പുകുത്തി

മുംബൈ: ഡോളറിനെതിരായ വിനിമയ മൂല്യത്തിലെ തകര്‍ച്ചയില്‍ സ്വന്തം റെക്കോര്‍ഡുകള്‍ തിരുത്തി എഴുതി രൂപ. ചരിത്രത്തില്‍ ആദ്യമായി അമേരിക്കന്‍ ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ വിനിമയ മൂല്യം ഇന്ന് 71 ലേക്കാണ് കൂപ്പുകുത്തിയത്. രൂപ അതിന്റെ മൂല്യത്തിലെ സര്‍വ്വകാല ഇടിവാണ് നേരിടുന്നത്. ഏഷ്യയിലെ തന്നെ ഏറ്റവും മോശമായ കറന്‍സിയുടെ നിലവാരത്തിലേക്കാണ് രൂപയുടെ മൂല്യം താഴ്ന്നത്.

ഇന്നലെ ഡോളറിനെതിരെ 70.74 എന്ന റെക്കോര്‍ഡ് താഴ്ചയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. എന്നാല്‍ ഇന്ന് രാവിലെ വ്യാപാരം തുടങ്ങിയത് 71 രൂപയിലായിരുന്നു. സമീപ ദിവസങ്ങളിലെല്ലാം രൂപ നിരന്തരം തകര്‍ച്ച നേരിട്ടിരുന്നു. എന്നാല്‍ ഇതാദ്യമായാണ് 71 രൂപയിലേക്ക് കൂപ്പുകുത്തുന്നത്. 70.89 ആണ് ഇന്നത്തെ ഏറ്റവും ഉയര്‍ന്ന മൂല്യം. കഴിഞ്ഞ പാദത്തിലെ ജി.ഡി.പി വിവരങ്ങള്‍ ഇന്ന് കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിടാനിരിക്കുകയാണ്. ഈ വര്‍ഷം ഇതുവരെ 9.96 ശതമാനം ഇടിവാണ് രൂപയുടെ മൂല്യത്തിലുണ്ടായത്.

chandrika: