X

അന്വേഷണം പ്രഖ്യാപിച്ച ശേഷവും മുഖ്യമന്ത്രി പൊലീസിനെ ന്യായീകരിക്കുന്നു: ചെന്നിത്തല

ആലപ്പുഴ: ജിഷ്ണുപ്രണോയിയുടെ മാതാവിന് നേരെയുണ്ടായ അക്രമത്തെ കുറിച്ച് അന്വേഷണം പ്രഖ്യാപിച്ച ശേഷവും മുഖ്യമന്ത്രി പിണറായി വിജയന്‍ പൊലീസിനെ ന്യായീകരിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ഐ ജി മനോജ്എബ്രഹാമിനെ ചുമതലപ്പെടുത്തിയ ശേഷം പൊലീസിനെ ന്യായീകരിച്ച് മുഖ്യമന്ത്രി സംസാരിച്ചത് എന്തടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കണം. അന്വേഷണ റിപ്പോര്‍ട്ട് കിട്ടും മുമ്പ് പൊലീസുകാരുടെ ഭാഗത്ത് വീഴ്ചയില്ലെന്ന് പറയുന്ന മുഖ്യമന്ത്രിയുടെ നടപടിയിലൂടെ അന്വേഷണ റിപ്പോര്‍ട്ട് എന്തായിരിക്കുമെന്ന് എല്ലാവര്‍ക്കും മനസ്സിലാകും. ഡിജിപിക്കും പൊലീസിനും ക്ലീന്‍ ചീട്ട് നല്‍കുകയാണ് മുഖ്യമന്ത്രി ചെയ്തിരിക്കുന്നത്. പൊലീസ് എഴുതിക്കൊടുക്കുന്നത് വായിക്കുക മാത്രമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ചെയ്യുന്നതെന്ന് -ചെന്നിത്തല കുറ്റപ്പെടുത്തി.

പിണറായിയെ സര്‍ സിപിയുടെ പ്രേതം കൂടിയിരിക്കുകയാണ്.ഒരാഴ്ചക്കുള്ളില്‍ പ്രതികളെ പിടികൂടുമെന്ന് ജിഷ്ണുവിന്റെ മാതാവിനും കുടുംബാംഗങ്ങള്‍ക്കും മുഖ്യമന്ത്രി ഉറപ്പ് കൊടുത്തതാണ്. എന്നാല്‍ ഇത്രയും നാളായിട്ടും മുഴുവന്‍ പ്രതികളെയും പിടികൂടാതെ മാനേജ്‌മെന്റുമായി ഒത്തുകളിക്കുകയാണ് സര്‍ക്കാര്‍ ചെയതത്. മകന്‍ നഷ്ടപ്പെട്ട ഒരു മാതാവിന്റെ മാനസികാവസ്ഥ മനസ്സിലാക്കി അവരെ സമരത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ നടപടി സ്വീകരിക്കുന്നതിന് പകരം, സമര രംഗത്തെത്തിച്ച് അവരെ ക്രൂരമായി മര്‍ദിക്കുകയാണ് പൊലീസ് ചെയ്തത്. സമരം ഒഴിവാക്കാന്‍ ഒരു നടപടിയും പൊലീസും സര്‍ക്കാരും സ്വീകരിച്ചില്ല. പൊലീസ് ആസ്ഥാനത്ത് സമരം നടത്തുമെന്ന് ഒരാഴ്ച മുമ്പ് തന്നെ ജിഷ്ണുവിന്റെ മാതാവ് പ്രഖ്യാപിച്ചിരുന്നതാണ്.ഇന്റലിജന്‍സ് വിഭാഗം എന്ത് ചെയ്യുകയായിരുന്നെന്ന് ചെന്നിത്തല ചോദിച്ചു. സര്‍ക്കാരിന്റെ ഇത്തരം നിലപാടുകള്‍ക്കെതിരെ പ്രതിപക്ഷം ശക്തമായ ജനകീയ പ്രക്ഷോഭവുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. ആലപ്പുഴ ഡിസിസിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ചെന്നിത്തല.

chandrika: