X

ചോദിച്ചുവാങ്ങിയ ഷോക് ട്രീറ്റ്‌മെന്റ്- എഡിറ്റോറിയല്‍

നിയമസഭാസാമാജികന്‍ മരണമടഞ്ഞ ഒഴിവിലേക്ക് ഉപതിരഞ്ഞെടുപ്പ് നടക്കുക. വോട്ടര്‍മാരുടെ മുമ്പില്‍ കക്ഷികള്‍ രാഷ്ട്രീയമായ ആരോപണപ്രത്യാരോപണങ്ങള്‍ നിരത്തിവെക്കുക. അതിനവര്‍ രാഷ്ട്രീയബോധത്തോടെ ചിന്തിച്ച് മികച്ച പ്രതിനിധിയെ തിരഞ്ഞെടുക്കുക. ജനാധിപത്യത്തില്‍ ഇതെല്ലാം സ്വാഭാവികം. എന്നാല്‍ മെയ് 31ന് നടന്ന തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ ഒരു മാസക്കാലം കേരളം കണ്ടതെന്തെല്ലാമായിരുന്നു. ഓര്‍ത്താല്‍ ഓക്കാനം വരുന്ന തരത്തിലുള്ള അത്യന്തം മ്ലേച്ഛമായ പ്രചാരണത്തിലല്ലേ ചില കക്ഷികളും സംഘടനകളും മുന്നിട്ടുനിന്നത്. ഉത്തരവാദപ്പെട്ടൊരു സര്‍ക്കാരും ഭരണമുന്നണിയും പാലിക്കേണ്ട ജാഗ്രതയാണോ ഇക്കാര്യത്തില്‍ പിണറായിസര്‍ക്കാരും സി.പി.എം മുന്നണിയും പ്രകടിപ്പിച്ചത്. അല്ലെന്നുമാത്രമല്ല, അതിലവര്‍ എണ്ണയൊഴിക്കുന്നുവെന്നാണ് യു. ഡി.എഫിന്റെ ജനാധിപത്യ മുഖമായ ഉമാ തോമസിന്റെ വിജയത്തിലൂടെ തൃക്കാക്കരയിലെ വോട്ടര്‍മാര്‍ വ്യക്തമാക്കിയത്. സി.പി.എം പ്രതിനിധിയേക്കാള്‍ ഉമാതോമസ് കാല്‍ലക്ഷത്തിലധികം (25,016) വോട്ടുകളുടെ അത്യുജ്ജ്വലവിജയം നേടിയിരിക്കുന്നു. രാഷ്ട്രീയപ്രബുദ്ധരും മതേതര വിശ്വാസികളും സമാധാനകാംക്ഷികളുമായ തൃക്കാക്കരയിലെ 72,770 വോട്ടര്‍മാര്‍ക്കാണ് ഇതിനുള്ള നന്ദി അര്‍പ്പിക്കേണ്ടത്. പി.ടി തോമസ് എന്ന കോണ്‍ഗ്രസ് നേതാവ് സ്‌നേഹിച്ചവരുടെ മരണാനന്തര പ്രത്യുപകരമാണ് അദ്ദേഹത്തിന്റെ ഭാര്യയിലൂടെ യു.ഡി.എഫിന് ലഭിച്ചത്. കേരളം വേവുന്നചട്ടിയിലെ ചോറാണെങ്കില്‍ അതിലെ വറ്റാണ് തൃക്കാക്കര എന്ന പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ്തങ്ങളുടെ വാക്കുകള്‍ ഇവിടെ അന്വര്‍ഥമാകുന്നു.

മുന്‍ സാമാജികന്‍ ഒരു ന്യൂനപക്ഷ സമുദായത്തെയൊന്നാകെ ആക്ഷേപിച്ചുകൊണ്ട് നടത്തിയ വര്‍ഗീയ പ്രസ്താവത്തിന്റെ പേരില്‍ എന്ത് നാടകമാണ് സര്‍ക്കാര്‍ കളിച്ചത്. കോടതി തുറുങ്കലിലടച്ചിട്ടും രായ്ക്കുരാമാനം ഇറങ്ങിപ്പോരാന്‍ ടിയാനായത് സര്‍ക്കാരിന്റെ ഒരു സമുദായത്തോടുള്ള അഡ്ജസ്റ്റ്‌മെന്റ് മൂലമായിരുന്നു. ഇയാളുടെ സുഹൃത്തായ സി.പി.എം സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതുമുതലിങ്ങോട്ട് വോട്ടെടുപ്പുവരെയും ‘സഭയുടെ സ്ഥാനാര്‍ത്ഥി’യാണെന്ന് ദ്വന്ദ്വാര്‍ഥത്തിലാണെങ്കിലും പരസ്യമായി പറയാന്‍ മുഖ്യമന്ത്രിവരെ തയ്യാറായി. ന്യൂനപക്ഷ സമുദായങ്ങളെയും പൊതുസമൂഹത്തെയും ഭിന്നിപ്പിച്ചു ഭരിക്കുന്ന ഈ തന്ത്രം മുന്‍തിരഞ്ഞെടുപ്പുകളിലും പയറ്റി വിജയിച്ചെന്ന ധാര്‍ഷ്ട്യമാണ് മുഖ്യമന്ത്രിയെകൊണ്ട് അങ്ങനെ പറയിപ്പിച്ചത്. മറ്റൊരു പാര്‍ട്ടി നേതാവിനെ ജില്ലാകമ്മിറ്റി തീരുമാനിക്കുകയും അയാള്‍ക്കായി പാര്‍ട്ടിക്കാര്‍ ചുവരെഴുത്ത് നടത്തുകയും ചെയ്തിട്ടും അത് തടഞ്ഞായിരുന്നു ജോ ജോസഫിനായുള്ള പിടിവാശി. ഫലത്തില്‍ ഹൃദ്രോഗ വിദഗ്ധനെ നിര്‍ത്തി ചരിത്രത്തിലെ നാണംകെട്ട തോല്‍വി ഏറ്റുവാങ്ങാനവര്‍ക്കായി. തൃക്കാക്കരയുടെ ചരിത്രത്തിലെ യു.ഡി.എഫിന്റെ ഏറ്റവും വലിയ ഭൂരിപക്ഷത്തിനാണ് ഇതോടെ കളമൊരുങ്ങിയത്. 2021ലെ 43.82ല്‍നിന്ന് 53.76 ശതമാനത്തിലേക്ക്. 239 ബൂത്തില്‍ 23ല്‍ മാത്രം മേല്‍ക്കൈ നേടാനായതില്‍പരം മുന്നറിയിപ്പും നാണക്കേടും സി.പി.എമ്മിന് വേറെയെന്തുണ്ട്?

കേരളീയരുടെ പ്രബുദ്ധതയുടെയും രാഷ്ട്രീയ ബോധത്തിന്റെയും നേര്‍ക്ക് കൊഞ്ഞനംകുത്തുകയായിരുന്നു മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ കക്ഷിയുമെന്നതിന് ഉദാഹരണമാണ് മുഖ്യമന്ത്രിയും 19 മന്ത്രിമാരും എം.പിമാരും അറുപതോളം എം.എല്‍.എമാരും പാര്‍ട്ടി അനുഭാവികളായ സര്‍ക്കാര്‍ ജീവനക്കാരുമൊന്നാകെ സര്‍ക്കാരിനായി കളത്തിലിറങ്ങിയത്. തങ്ങള്‍ ജയിച്ചാലേ തൃക്കാക്കരയില്‍ വികസനംവരൂ എന്നുവരെ മന്ത്രിമാരെയും സ്ഥാനാര്‍ഥിയെയുംകൊണ്ട് പറയിക്കുകമാത്രമല്ല, അതിനായി ജാതിയും മതവും തിരിച്ച് പാര്‍ട്ടി നേതാക്കളെയും മന്ത്രിമാരെയും ഓരോ വീടുകളിലും ചുമതലപ്പെടുത്തി. സംസ്ഥാനം കൊടിയ സാമ്പത്തിക ഞെരുക്കത്തില്‍പെട്ടിരിക്കുമ്പോള്‍ ജനങ്ങളുടെ കിടപ്പാടവും പരിസ്ഥിതിയും ഇടിച്ചുനിരത്തി കെ റെയില്‍ പദ്ധതി നടപ്പാക്കാനായിരുന്നു പിണറായി സര്‍ക്കാരിന്റെ പ്ലാന്‍. ഇതിനായി സാമൂഹികാഘാത പഠനമെന്ന പേരില്‍ പൊലീസിനെയും ജീവനക്കാരെയും ഉപയോഗിച്ച് സ്ത്രീകളെയും കുഞ്ഞുങ്ങളെയുംവരെ അക്ഷരാര്‍ഥത്തില്‍ വേട്ടയാടി. എന്നാല്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ കല്ലിടല്‍ നിര്‍ത്തിവെച്ചതായി പ്രഖ്യാപിച്ചത് കേരളീയരെ പരിഹസിക്കുന്നുവെന്ന തോന്നലാണുളവാക്കിയത്. കോണ്‍ഗ്രസ് വിമതരെ പ്രോല്‍സാഹിപ്പിച്ചും പീഡിതയെ അപമാനിച്ചും കള്ളവോട്ടുകൊണ്ടും മറികടക്കാമെന്ന അവസാന അടവും കയ്യോടെ പിടികൂടപ്പെട്ടു. ട്വന്റി-ട്വന്റി പോലുള്ളവരുടെ വോട്ടുകള്‍ സര്‍ക്കാരിനെതിരെ മറിയാന്‍കാരണമായതും ജനങ്ങള്‍ക്കേറ്റ ഈ അപമാനമാണ്.

യു.ഡി.എഫിന്റെ അതിഗംഭീര വിജയത്തിന് കടപ്പെട്ടിരിക്കുന്നത് മുന്നണിയുടെയും കോണ്‍ഗ്രസിന്റെയും ഐക്യത്തിന് കൂടിയാണ്. പ്രതിപക്ഷ നേതാവിനും കോണ്‍ഗ്രസ്, മുസ്്‌ലിംലീഗ് തുടങ്ങിയ പാര്‍ട്ടികളുടെ നേതാക്കള്‍ക്കും സര്‍ക്കാരിന്റെയും ഇടതിന്റെയും കുപ്രചാരണത്തെ നേരിടാനായി ഒറ്റക്കെട്ടായി അവിടെ തങ്ങേണ്ടിവന്നു. ജയിച്ചില്ലെങ്കിലും നാട് നിലനില്‍ക്കണമെന്ന ലക്ഷ്യത്തോടെയായിരുന്നു ഉമയുള്‍പ്പെടെയുള്ളവരുടെ പ്രചാരണരീതി. ജനവിധി തിരിച്ചറിഞ്ഞ് ജാഗ്രതയോടെ നീങ്ങുമെന്ന സി.പി.എം സംസ്ഥാനസെക്രട്ടറി കോടിയേരിയുടെ പ്രസ്താവന രണ്ടാം പിണറായി സര്‍ക്കാരിന്റെയും നേതാക്കളുടെയും ധാര്‍ഷ്ട്യം തെല്ല് കുറയ്ക്കുമെന്നാണ് കരുതേണ്ടതെങ്കിലും ജനവിരുദ്ധ കെ റെയിലുമായി മുന്നോട്ടുപോകുമെന്ന അനുബന്ധം ഇവരൊരു പാഠവും പഠിച്ചിട്ടില്ലെന്നതിന്റെ തെളിവാണ്. വോട്ടര്‍മാരുടെ എണ്ണം കൂടിയിട്ടും 2021 നേക്കാള്‍ 2224 വോട്ട് തങ്ങള്‍ക്ക് വര്‍ധിച്ചെന്ന വാദം ബാലിശമാണ്. 33ല്‍ നിന്ന് 35.28ലേക്ക് കൂടിയെന്ന് പറയുമ്പോള്‍ 2021ല്‍ ഇടതുമുന്നണിക്ക്് 36.87 ശതമാനം വോട്ട് ലഭിച്ചിരുന്നുവെന്നത് സൗകര്യപൂര്‍വം മറക്കലാണ്. ബി.ജെ.പിക്ക് 2016ല്‍ 15.7, 2021ല്‍ 12.42 എന്നിടത്തുനിന്ന് 9.57 ലേക്ക് (12957) കൂപ്പുകുത്തി കെട്ടിവെച്ച കാശ് നഷ്ടപ്പെട്ടതിനുകാരണം വര്‍ഗീയ രാഷ്ട്രീയമാണെന്ന് തിരിച്ചറിയാനായില്ലെങ്കില്‍ കേരളത്തില്‍ ഇതവരുടെ അവസാനത്തെ ആണിയാകും. കോവിഡിന്റെയും സാമുദായികതയുടെയുംപേരില്‍ വീണുകിട്ടിയ 99 സീറ്റ് സെഞ്ച്വറിയാക്കുമെന്നു വീമ്പിളക്കിയവര്‍ ആത്മപരിശോധന നടത്തി തിരുത്തിയാല്‍ അതവര്‍ക്ക് നല്ലത.് യു.ഡി.എഫിന് ഈഫലം 2024ലേക്കും തുടര്‍ഭാവിയിലേക്കുമുള്ള പ്രയാണത്തിനുള്ള ഇന്ധനമാണെന്നതില്‍ സംശയമില്ല.

Chandrika Web: