കൊച്ചി: 2013ലാണ് ഇന്നസെന്റിന് കാന്‍സര്‍ ബാധിക്കുന്നത്. എന്നാല്‍ തന്റെ ശരീരത്തെ ബാധിച്ച അര്‍ബുദത്തെ തോല്‍പ്പിച്ച് ചിരിച്ചും ചിരിപ്പിച്ചും തമാശകള്‍ പറഞ്ഞും ഇന്നസന്റ് സിനിമയിലും പൊതുപരിപാടികളിലും സജീവമായി. കൃത്യമായ ചികിത്സയിലൂടെയാണ് താന്‍ ജീവിതം തിരിച്ചുപിടിച്ചതെന്ന് അദ്ദേഹം പലവേദികളിലും പറഞ്ഞിരുന്നു. തോംസണ്‍ വില്ലയെന്ന ചിത്രത്തിന്റെ കുട്ടിക്കാനത്തെ സെറ്റിലായിരുന്നു ഇന്നസെന്റിന് കാന്‍സര്‍ ലക്ഷണങ്ങള്‍ തുടങ്ങിയത്. ആഹാരം കഴിച്ചാല്‍ തൊണ്ടയില്‍നിന്നും ആഹാരവും വെള്ളവുമൊന്നും ശരിക്കും ഇറങ്ങിയില്ലെന്ന തോന്നലായിരുന്നു തുടക്കത്തില്‍. ബയോപ്‌സിക്കയച്ച ശേഷം 20 ദിവസത്തോളം ഷൂട്ടിങ് തുടരുകയും ചെയ്തു. കാന്‍സര്‍ കാലത്തെ അനുഭവങ്ങളെക്കുറിച്ച് ഇന്നസെന്റ് എഴുതിയ കാന്‍സര്‍ വാര്‍ഡിലെ ചിരി എന്ന പുസ്തകം ഏറെ ശ്രദ്ധ നേടിയിരുന്നു. വയറിലും നെഞ്ചിലും കഴുത്തിലുമായിരുന്നു കാന്‍സര്‍ ബാധ. കാന്‍സര്‍രോഗ വിദഗ്ധനായ ഡോ. വി.പി ഗംഗാധരന്റെ കീഴിലായിരുന്നു ചികിത്സ. ചികിത്സക്കിടയില്‍ തന്നെയായിരുന്നു പിന്നീടുള്ള സിനിമ അഭിനയവും. പിന്നീട് രോഗം ഭേദമാവുകയും ചെയ്തു.
തന്റെ ചികിത്സയെ കുറിച്ച് ഒരു അഭിമുഖത്തില്‍ ഇന്നസെന്റ് പറഞ്ഞിതങ്ങനെ: ‘പണ്ടൊക്കെ കാന്‍സര്‍ വന്നാല്‍ ചത്തുപോവുമെന്നാണ് ധാരണ. ഇന്ന് അതൊക്കെ മാറി. മരുന്നു കഴിച്ച് കാന്‍സറിനെ തോല്‍പ്പിച്ച് ജീവിക്കാം. നമ്മുടെ എല്ലാവരുടെയും ശരീരത്തില്‍ കാന്‍സറിന്റെ അണുക്കളുണ്ട്. ഇവന്‍ എപ്പോഴാണ് തലപൊക്കുന്നതെന്ന് അറിയാന്‍ കഴിയില്ലല്ലോ. ഒരിക്കല്‍ കാന്‍സര്‍ വന്നവര്‍ക്ക് വീണ്ടും വന്നാല്‍ കീമോ ചെയ്യുകയാണ് പോംവഴി. നമ്മള്‍ ചെയ്യുന്ന ജോലി ആക്ടീവായി ചെയ്യുക. കാന്‍സറിനെ പ്രതിരോധിച്ച് ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകാനാവും’. ഒരു സിനിമാവാരികക്ക് നല്‍കിയ അഭിമുഖത്തിലും അദ്ദേഹം കാന്‍സര്‍ രോഗികള്‍ക്ക് വാക്കുകള്‍ കൊണ്ട് പ്രചോദനം നല്‍കി. ‘കാന്‍സര്‍ ഒരു മാല പോലെയാണ്. അതിനെ അതിജീവിക്കാന്‍ മരുന്നു മാത്രം പോരാ. മനഃശക്തിയും വേണം. എന്തായാലും രോഗം വന്നുപോയി. പക്ഷെ ഈ രോഗത്തെ അതിജീവിക്കാന്‍ നമുക്ക് കഴിയുമെന്ന വിശ്വാസം മനസില്‍ ഉറപ്പിക്കണം. ഈ ലോകത്ത് ഇനിയും ധാരാളം കാര്യങ്ങള്‍ ചെയ്യാനായി ദൈവം നമ്മെ നിലനിര്‍ത്തുമെന്ന് സ്വയം വിശ്വസിപ്പിക്കണം. തീര്‍ച്ചയായും രോഗം അകന്നു നില്‍ക്കും’.