X

നൂതന പദ്ധതികള്‍; വിപുലമായ സംവിധാനങ്ങളുമായി വിശുദ്ധ കര്‍മ്മത്തിന് ഇരുഹറം കാര്യാലയം

അഷ്റഫ് വേങ്ങാട്ട്

റിയാദ് : വിശുദ്ധ ഹജ്ജ് കര്‍മ്മത്തിന്റെ ഭാഗമായുള്ള ഇരു ഹറം കാര്യാലയത്തിന് കീഴിലെ ഇക്കൊല്ലത്തെ ഹജ്ജ് പ്രവര്‍ത്തന പദ്ധതികള്‍ ഇരു ഹറം കാര്യാലയ മേധാവി ശൈഖ് ഡോ. അബ്ദുല്‍റഹ്മാന്‍ അല്‍ സുദൈസ് പ്രഖ്യാപിച്ചു. സഊദി ഹജ്ജ് ഉംറ വകുപ്പ് മന്ത്രി ഡോ. തൗഫീഖ് അല്‍ റബീഅയുടെ സാന്നിധ്യത്തിലാണ് ഹജ്ജ് ചരിത്രത്തിലെ വിപുലമായ സംവിധാനങ്ങള്‍ ഉള്‍കൊള്ളുന്ന പദ്ധതികള്‍ പ്രഖ്യാപിച്ചത്. 2030 വിഷന്‍ അനുസരിച്ചുള്ള പദ്ധതി ദശലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ക്ക് മികച്ച സേവനം നല്‍കുന്നതാണ് പദ്ധതികള്‍. തീര്‍ത്ഥാടകരുടെ സുരക്ഷിതത്വം മുന്‍നിര്‍ത്തി കഴിഞ്ഞ ഹജ്ജ് സീസണുകളില്‍ കൈവരിച്ച നേട്ടങ്ങളെ വിലയിരുത്തിയാണ് പദ്ധതികള്‍ രൂപപ്പെടുത്തിയിട്ടുള്ളത്.

തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റേയും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെയും അതീവ ശ്രദ്ധയുടെയും ഇടപെടലിന്റെയും ഫലമാണ് മക്കയിലും മദീനയിലുമായി ഇരുഹറമുകളില്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങളും തീര്‍ത്ഥാടകര്‍ക്കുള്ള വിപുലമായ പദ്ധതികളുമെന്ന് ഡോ. സുദൈസ് വ്യക്തമാക്കി. സഊദി ഭരണകൂടത്തിലെ എല്ലാ വകുപ്പുകളുടെയും ഏകോപിപ്പിച്ച പ്രവൃത്തികളാണ് വിജയത്തിന് നിദാനം.

കോവിഡ് ഭീഷണി വിട്ടകന്ന ശേഷമുള്ള ഏറ്റവും വലിയ ഹജ്ജ് കര്‍മ്മമാണ് ഇത്തവണ നടക്കുക. അതുകൊണ്ട് തന്നെ ചരിത്രത്തിലെ ഏറ്റവും വലിയ പദ്ധതിയാണ് ആവിഷ്‌കരിച്ചിട്ടുള്ളത്. മാനുഷികവും സന്നദ്ധ സേവനവും മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ പരിഗണനയാണ് ഈ പദ്ധതികളില്‍ നല്‍കിയിട്ടുള്ളത്. ഇരുഹറമുകളുടെയും പുറത്തെ മുറ്റങ്ങള്‍, നിസ്‌കാര സ്ഥലങ്ങള്‍, മത്വാഫ്, സഊദി മസ്അ, റൗദ ശരീഫ്, ഹറം ലൈബ്രറി, കിസ്വ കേന്ദ്രം, റുവാഖ് ഹറം കാര്യാലയത്തിന് കീഴിലെ സ്ഥിരവും താല്കാലികവുമായ പ്രദര്‍ശനങ്ങള്‍, ഓഫീസുകള്‍ തുടങ്ങി തീര്ഥാടകരെത്തുന്ന എല്ലാ ഭാഗങ്ങളെയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിശുദ്ധ ഭൂമിയിലും ഇരു ഹറമുകളിലേക്കുമുള്ള സഞ്ചാരം സുഗമമാക്കാനുള്ള നടപടികള്‍ പദ്ധതിയിലുണ്ട്. ഹറമിനകത്തും പുറത്തും മുഴുവന്‍ ശേഷിയും ഉപയോഗപ്പെടുത്തുമെന്നും ഡോ. അബ്ദുല്‍റഹ്മാന്‍ അല്‍ സുദൈസ് അറിയിച്ചു. 185 ബോധവല്‍ക്കരണ പരിപാടികളാണ് ഈ വര്‍ഷം നടപ്പിലാക്കുന്നത്. വിവിധ മേഖലകളില്‍ ഇലക്ട്രോണിക് ആപ്ലികേഷനുകള്‍ ഉപയോഗിക്കാനും പ്രോഗ്രാമുകള്‍ ഡിജിറ്റലൈസ് ചെയ്യാനും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉള്‍പ്പടെയുള്ള നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്താനും ഈ പദ്ധതി വിഭാവനം ചെയ്യുന്നു.

ഇരുഹറമുകളിലുമായി പതിനാലായിരം പേരെയാണ് തീര്‍ത്ഥാടകര്‍ക്കുള്ള പ്രത്യേക സേവനത്തിന് നിയോഗിച്ചിട്ടുള്ളത്. മുന്‍കാലങ്ങളെ അപേക്ഷിച്ച് ഏറ്റവും ഉയര്‍ന്ന എണ്ണം പേരാണ് ഇക്കൊല്ലം നാല് ഷിഫ്റ്റുകളിലായി സേവനത്തിനുണ്ടാവുക. പ്രായമായവരെയും ഭിന്ന ശേഷിക്കാരെയും സേവിക്കാന്‍ പ്രത്യേക പദ്ധതികളുണ്ട്. പത്ത് സന്നദ്ധ വിഭാഗങ്ങളിലായി എണ്ണായിരത്തിലധികം അവസരങ്ങളുണ്ടാകും. വിശുദ്ധ ഹറമില്‍ ഒമ്പതിനായിരം ഉന്തുവണ്ടികള്‍ ഏര്‍പ്പെടുത്തും. ഇവ ഓണ്‍ലൈന്‍ വഴി ബന്ധപ്പെട്ട ആപ്പില്‍ കയറി നേരത്തെ ബുക്കിംഗ് ചെയ്യാം. ഹറമുകളില്‍ മൂന്ന് ലക്ഷം ഖുര്‍ആന്‍ കോപ്പികളുണ്ടാകും. പ്രഗത്ഭരായ പണ്ഡിതന്മാരുടെ പഠനക്ലാസുകള്‍ സംഘടിപ്പിക്കും. ഇവ മനാറ അല്‍ ഹറമൈന്‍ വഴി മുഴുസമയം പ്രക്ഷേപണം ചെയ്യും. അമ്പത്തിയൊന്ന് ഭാഷകളില്‍ ആളുകളുടെ ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും മറുപടി നല്‍കും. ഹറമുകളുടെ വിവിധ ഭാഗങ്ങളിലായി 49 കൗണ്ടറുകള്‍ ഇതിനായി സ്ഥാപിച്ചിട്ടുണ്ട്. പതിനഞ്ചോളം ഇലട്രോണിക് സേവനങ്ങളും പുണ്യ നഗരികളുണ്ടാകും. നാല്‍പത് ദശ ലക്ഷം ലിറ്റര്‍ സംസം വിതരണം ചെയ്യാനുള്ള സംവിധാനങ്ങളുണ്ടാകും. സാമൂഹിക മാധ്യമങ്ങളിലൂടെ തീത്ഥാടകരുമായി ആശയവിനിമയം നടത്താനുള്ള അവസരവുമുണ്ടാകുമെന്ന് ഇരു ഹറം കാര്യാലയ മേധാവി വ്യക്തമാക്കി.

webdesk11: