കോഴിക്കോട്: കഴിഞ്ഞ പെരുന്നാള്‍ ദിവസം കോഴിക്കോട് നാലാം ഗേറ്റിന്നടുത്തുള്ള മോഡേണ്‍ ട്രാവല്‍സിന്റെ മുമ്പില്‍ നിര്‍ത്തിയിട്ടിരുന്ന ഇന്നോവ കളവ് നടത്തിയ യുവാവ് പിടിയില്‍. വയനാട് ചുണ്ടേല്‍ സ്വദേശി വലിയ പീടിയേക്കല്‍ ജംഷീര്‍ (28) നെയാണ് വെള്ളയില്‍ എസ്.ഐ അലോഷ്യസ് അലക്‌സാണ്ടറും സിറ്റി നോര്‍ത്ത് അസിസ്റ്റന്റ് കമ്മീഷണര്‍ പ്രഥ്വിരാജന്റെ നേതൃത്വലുള്ള സ്‌ക്വാഡും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. മോഷ്ടിച്ച കാര്‍ തിരിച്ചറിയാതിരിക്കാനായി കാറിന്റെ അലോയ് വീലും കാരിയറും മാറ്റിയ ശേഷം വ്യാജ നമ്പര്‍ പ്ലേറ്റുമായി മോഷ്ടിച്ച വാഹനം ഉപയോഗിച്ച് വരവെയാണ് കോഴിക്കോട് അറപ്പുഴ പാലത്തിനടുത്ത് വെച്ച് മോഷ്ടിച്ച ഇന്നോവയുമായി ജംഷീര്‍ പോലീസിന്റെ പിടിയിലായത്.
ഈ മാസമാദ്യം വയനാട്ടിലെ വൈത്തിരിയില്‍ നിന്നും ഒരു സ്ത്രീയെ തട്ടിക്കൊണ്ടുപോയി ആഭരണങ്ങളും പണവും തട്ടിയെടുത്ത് സ്ത്രീയെ ബാംഗ്ലൂരില്‍ ഉപേക്ഷിച്ച കേസ്സില്‍ മുങ്ങി നടക്കവെയാണ് പ്രതി പണത്തിനായി ഇന്നോവ കാര്‍ മോഷ്ടിക്കുന്നത്. കോഴിക്കോട് ഭാഗത്തുള്ള ഒരു ഇന്നോവ കാര്‍ കോയമ്പത്തൂര്‍ ഭാഗത്ത് വില്‍പ്പന നടത്താനായി ഒരാള്‍ കൊണ്ടു നടക്കുന്നതായി പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സിറ്റി പൊലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാറിന്റെ നിര്‍ദേശപ്രകാരം ഒരു ടീം കോയമ്പത്തൂര്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി വരവെ ഇത് മണത്തറിഞ്ഞ് മോഷ്ടിച്ച കാറുമായി കേരളത്തിലേക്ക് കടക്കുകയായിരുന്നു.
പ്രതിയുടെ ഇത്തരം നീക്കങ്ങള്‍ വിദഗ്ദ്ധമായി നിരീക്ഷിച്ച പൊലീസ് ആസൂത്രിതമായി നടത്തിയാണ് മോഷ്ടിച്ച ഇന്നോവയുമായി പ്രതി പൊലീസിന്റെ വലയിലാവുന്നത്. മുമ്പ് കോഴിക്കോട് െ്രെഡവറായി ജോലി ചെയ്ത പരിചയം വെച്ച് ഓഫീസിന്റെ വാതില്‍ തുറന്ന് അകത്ത് സൂക്ഷിച്ചിരുന്ന താക്കോല്‍ എടുത്ത ശേഷം കാറുമായി ഇടുക്കി വഴി കോയമ്പത്തൂരിലേക്ക് കടക്കുകയായിരുന്നു. കോയമ്പത്തൂരില്‍ വെച്ച് ചിലര്‍ ഇന്നോവ കാര്‍ പണയം വെച്ച് കൊടുത്ത് പണം നല്‍കാമെന്ന് പറഞ്ഞ് കൂട്ടികൊണ്ടു പോയി പ്രതിയെ ആക്രമിച്ച് വണ്ടി തട്ടിയെടുക്കാന്‍ ശ്രമിച്ചതായി പ്രതി മൊഴിനല്‍കി.
വെള്ളയില്‍ എസ്.ഐ അലോഷ്യസ് അലക്‌സാണ്ടര്‍ വെള്ളയില്‍ സ്‌റ്റേഷനിലെ സജീവന്‍, സുനില്‍കുമാര്‍,സാജന്‍.എം.എസ്, െ്രെകം സ്‌ക്വാഡ് അംഗങ്ങളായ മുഹമ്മത് ഷാഫി.എം, സജി എം, അഖിലേഷ്.പി, പ്രപിന്‍.പി,ഷാലു.കെ എന്നിവരായിരുന്നു അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.