X
    Categories: keralaNews

മുസ് ലിം ലീഗിനെ മതേതരത്വം പഠിപ്പിക്കാന്‍ വഹാബ് ഗ്രൂപ്പ് !

മുസ് ലിം ലീഗ് മതേതരമാണെന്ന സി.പിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രസ്താവന ദഹിക്കാതെ നാഷണല്‍ ലീഗിലെ വഹാബ് ഗ്രൂപ്പ്. സാമുദായികമായി ചിന്തിക്കുന്ന പാര്‍ട്ടിയാണ് മുസ് ലിം ലീഗെന്നാണ് ഐ.എന്‍.എല്‍ സംസ്ഥാന അധ്യക്ഷന്‍ എ.പി അബ്ദുല്‍ വഹാബ് പറയുന്നത്. എന്നാല്‍ മുസ് ലിം ലീഗ് മതേതരമായി പ്രവര്‍ത്തിക്കുന്നുവെന്നാണ് ഐ.എന്‍. എല്‍ പ്രതിനിധി മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ പറഞ്ഞത്. മന്ത്രി സ്ഥാനത്തെച്ചൊല്ലിയും പാര്‍ട്ടി പദവികള്‍ക്ക് വേണ്ടിയും തെരുവില്‍ യുദ്ധം നടത്തിയ പാര്‍ട്ടിയുടെ നേതാക്കള്‍ പരസ്പരം കുറ്റപ്പെടുത്തി രംഗത്തുവന്നത് കൗതുകമായി.

ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോള്‍ മുസ് ലിം ലീഗിന് സമുദായ സ്‌നേഹം പോരെന്ന് പറഞ്ഞ് പുതിയ പാര്‍ട്ടിയുണ്ടാക്കി പോയവരാണ് ലീഗിനെ ഇപ്പോള്‍ മതേതരത്വം പഠിപ്പിക്കുന്നത് ! രാഷ്ട്രീയത്തിന്റെ കാര്യത്തില്‍ ആനയും ആടും തമ്മിലുള്ള അന്തരമുള്ളപ്പോഴാണ് മുസ് ലിം ലീഗിനെ ഐ.എന്‍. എല്‍ പഠിപ്പിക്കാന്‍ ശ്രമിക്കുന്നത്. സ്വന്തം തൊഴുത്തിലെ പോരിന് ഒരു കാരണം കൂടി എന്നതിനപ്പുറം ഇതൊക്കെ ആര് ശ്രദ്ധിക്കാന്‍ ! 4 കൊല്ലം കൂടി ഏതുവിധേനയും ഇടതുമുന്നണിയില്‍ അധികാരം നുണയുകയല്ലാതെ മതേതരത്വത്തെക്കുറിച്ചും കേരള രാഷ്ട്രീയത്തെക്കുറിച്ചും ആധികാരികമായ അഭിപ്രായം പറയാന്‍ പാര്‍ട്ടിയുടെ പേര് പോലും സ്വയം നിശ്ചയിക്കാന്‍ കഴിയാത്തവര്‍ ശ്രമിക്കുന്നത് ബാങ്ക് വിളി കേള്‍ക്കുമ്പോള്‍ ഉയരുന്ന ഓരിയിടല്‍ മാത്രമാണ് ഓര്‍മിപ്പിക്കുന്നത് . ലീഗ് എന്ന് പറയാന്‍ പോലും ത്രാണിയില്ലാത്ത ആള്‍ക്കൂട്ടം !

Chandrika Web: