മലപ്പുറം: ദേശീയ പ്രസിഡന്റിന്റെ നിര്‍ദേശത്തെ തള്ളി മലപ്പുറത്ത് വിളിച്ചു ചേര്‍ത്ത ഐ.എന്‍.എല്‍ പ്രവര്‍ത്തക കണ്‍വന്‍ഷനില്‍ ഉദ്ഘാടകനായി എത്തിയ ഐ.എന്‍.എല്‍ സംസ്ഥാന പ്രസിഡന്റിനെതിരെ നടപടി വന്നേക്കും. ഇതോടെ ഐ.എന്‍.എല്ലില്‍ കാലങ്ങളായി നിലനിന്നിരുന്ന വിഭാഗീയ പ്രശ്‌നങ്ങള്‍ വലിയ പൊട്ടിത്തെറിയിലെത്തിയിരിക്കുകയാണ്. ഈ മാസം ഇരുപത്തി ഒന്നിന് കണ്ണൂരില്‍ ചേരുന്ന പാര്‍ട്ടി സംസ്ഥാന കൗണ്‍സിലിലോ അതിന് മുമ്പോ വഹാബിനും പരിപാടിയുടെ സംഘാടകര്‍ക്കുമെതിരായി അച്ചടക്ക നടപടി വരുമെന്നാണ് സൂചന. മലപ്പുറത്തെ ഔദ്യോഗിക ജില്ലാ കമ്മിറ്റിയും പരിപാടിക്കെതിരെ രംഗത്തുവന്നിരുന്നു. മലപ്പുറം ജില്ലാ ഭാരവാഹികളുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് പുതിയ ഗ്രൂപ്പ് പോര് സജീവമായത്. പാര്‍ട്ടിയിലെ ഭിന്നത പരിഹരിക്കാന്‍ ദേശീയ, സംസ്ഥാന നേതാക്കള്‍ ഇടപ്പെട്ട് പലതവണ സമവായ നീക്കങ്ങളുണ്ടാക്കിയെങ്കിലും ഇതെല്ലാം പരാജയപ്പെടുകയായിരുന്നു. ചര്‍ച്ച പരാജയപ്പെടുന്നതിന്റെ കാരണം സംസ്ഥാന പ്രസിഡന്റാണെന്നാണ് ആരോപണം. ജില്ലയിലെ ഔദ്യോഗിക കമ്മിറ്റിക്കെതിരെ സംസ്ഥാന പ്രസിഡന്റ് വിമത വിഭാഗത്തെ സഹായിക്കുന്നുവെന്നും ആരോപണം ഉയര്‍ന്നു. ദേശീയ പ്രസിഡന്റ് നേരിട്ട് വിലക്കിയ പരിപാടിക്ക് വഹാബ് എത്തിയതോടെ ഇവരുടെ ആരോപണങ്ങള്‍ ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണ്. മലപ്പുറത്തെ വിമത വിഭാഗം കണ്‍വന്‍ഷന്‍ നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ട് ഈ മാസം ആറിനാണ് ജില്ലാ കമ്മിറ്റി ദേശീയ, സംസ്ഥാന കമ്മിറ്റികള്‍ക്ക് പരാതി നല്‍കിയത്. പൊന്നാനിയില്‍ ജില്ലാ കമ്മിറ്റി നടത്തിയ ശില്‍പശാലക്ക് ക്ഷണിച്ചിട്ടും പങ്കെടുക്കാതെ മാറി നിന്ന വഹാബ് മലപ്പുറത്ത് പങ്കെടുത്തത് നേതാക്കള്‍ക്കും അണികള്‍ക്കുമിടയില്‍ വലിയ അമര്‍ഷമാണ് ഉണ്ടാക്കിയിരിക്കുന്നത്. കണ്‍വന്‍ഷനില്‍ പങ്കെടുത്തവരില്‍ ഏറിയ വിഭാഗവും പാര്‍ട്ടിക്ക് പുറത്തുള്ളവരും പല കാരണങ്ങളാലും പാര്‍ട്ടിയുമായി അകന്ന് നില്‍ക്കുന്നവരുമാണെന്നാണ് ഔദ്യോഗിക വിഭാഗം അവകാശപ്പെടുന്നത്. പരിപാടിയിലേക്ക് ക്ഷണിച്ചിരുന്ന ഇടതുപക്ഷ മുന്നണി നേതാക്കളും മുതിര്‍ന്ന പാര്‍ട്ടി നേതാക്കളാരും പരിപാടിയില്‍ പങ്കെടുത്തിരുന്നില്ല.