X

മുഹമ്മദ് സലാഹിന് ലോകകപ്പ് നഷ്ടമായേക്കും; പ്രാര്‍ത്ഥനയോടെ ഫുട്‌ബോള്‍ ലോകം

കീവ്: ചാമ്പ്യന്‍സ് ലീഗില്‍ റയല്‍ മാഡ്രിഡിനെതിരായ ഫൈനലില്‍ പരിക്കേറ്റ ലിവര്‍പൂള്‍ താരം മുഹമ്മദ് സലാഹിന് ലോകകപ്പ് നഷ്ടമായേക്കും. സലാഹിന്റെ ഇടതു തോളെല്ലിന്റെ സ്ഥാനം മാറിയതായിട്ടാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.

അങ്ങനെയെങ്കില്‍ ഈ ലോകകപ്പില്‍ ഈജിപ്തിനായി സലാഹിന് ബൂട്ടുകെട്ടാനാകില്ല. അങ്ങനെ വന്നാല്‍ റഷ്യന്‍ ലോകകപ്പിലെ ഏറ്റവും വലിയ നഷ്ടമാവും അത്. ജീവിതത്തിലും കളിക്കളത്തിലും തന്റെ മത വിശ്വാസം മുറുകെ പിടിക്കുന്ന സലാഹ് ഇന്ന് ഫുട്‌ബോള്‍ ലോകത്ത് പ്രിയങ്കരനാണ്.

നാലു പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് ഈജിപ്ത് ലോകകപ്പിന് യോഗ്യത നേടിയത്. അവസാന ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ കളി തീരാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഗോളുമായി സലാഹ് ഈജിപ്തിന് റഷ്യന്‍ ടിക്കറ്റ് നേടികൊടുക്കുകയായിരുന്നു. ലോക റാങ്കില്‍ 30 സ്ഥാനത്തുള്ള ഈജിപ്ത് ലോകകപ്പില്‍ സലാഹിന്റെ മികവില്‍ കറുത്ത കുതിരകളാകുമെന്ന് എല്ലാ വിദഗ്ധരും പ്രവച്ചിച്ചിരുന്നു. എന്നാല്‍ പുതിയ വാര്‍ത്തകള്‍ ഈജിപ്തിന്റെ ലോകകപ്പ് മോഹങ്ങള്‍ക്ക് വലിയ തിരിച്ചടിയായി

ഫൈനല്‍ മത്സരത്തിന്റെ 25-ാം മിനുട്ടിലാണ് റയല്‍ മാഡ്രിഡ് നായകന്‍ സെര്‍ജിയോ റാമോസുമായി പന്തിനായുള്ള പോരാട്ടത്തിനിടയില്‍ സലാഹിന് പരിക്കേറ്റത്. സലാഹില്‍ നിന്നും പന്ത് എടുക്കാനുള്ള ശ്രമത്തിനിടെ റാമോസ്, സലാഹിന്റെ ഇടതുകൈ റാമോസിന്റെ കൈക്കുള്ളില്‍ കുടുങ്ങി. തുടര്‍ന്ന് പരിക്കേറ്റ സലാഹ് ഗ്രൗണ്ടില്‍ പിടഞ്ഞു. പരിക്കേറ്റിട്ടും കളത്തില്‍ തുടരാന്‍ ശ്രമിച്ചെങ്കിലും അതിനു കഴിയാതെ കണ്ണീരോടെ ഗ്രൗണ്ടില്‍ നിന്നും വിടവാങ്ങുകയായിരുന്നു സലാഹ്. കണ്ണീരോടെ സലാഹ് മടങ്ങിയപ്പോള്‍ അതു ഫുട്‌ബോള്‍ ലോകത്തിനും നൊമ്പരമായി. സലാഹ് പരിക്കുമാറി ലോകകപ്പിന് കളിക്കാന്‍ വേണ്ടി പ്രാര്‍ത്ഥിക്കുകയാണ് ഫുട്‌ബോള്‍ പ്രേമികള്‍ ഒന്നടങ്കം.

 

ഇറ്റാലിയന്‍ ടീം എ.എസ് റോമയില്‍ നിന്നും ലിവര്‍പൂളിലെത്തിയ സലാഹിന് പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ 32 ഗോളോടെ ഗോള്‍ഡന്‍ ബൂട്ടും മികച്ച താരവുമായി തെരഞ്ഞെടുത്ത താരം ഇന്ന് ഫുട്‌ബോള്‍ലോകം ഏറ്റവുമധികം ചര്‍ച്ച ചെയ്യുന്ന പേരുകളിലൊന്നാണ്.

chandrika: