വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ പേസ് ബൗളര്‍ ജസ്പ്രീത് ബുംറ ഇന്ത്യക്കൊപ്പമുണ്ടാകില്ല. പരിക്കേറ്റ സൂപ്പര്‍ താരത്തിന് ലോകകപ്പ് നഷ്ടമാകുമെന്ന് ബി.സി.സി.ഐ ഔദ്യോഗികമായി അറിയിച്ചു. പുറം ഭാഗത്തേറ്റ പരിക്കിനെ തുടര്‍ന്നാണിത്. ഇതോടെ ടി20 ലോകകപ്പിനായി ഇറങ്ങുന്ന ഇന്ത്യന്‍ ടീമിന് കനത്ത ആഘാതമാണ് ഏറ്റിരിക്കുന്നത്.
അതേസമയം ബി.സി.സി.ഐ പകരക്കാരനെ ഇതുവരെ നിശ്ചയിച്ചിട്ടില്ല. ഉടന്‍ തന്നെ പകരക്കാരനെ കണ്ടെത്തുമെന്ന് ബി.സി.സി.ഐ ഇറക്കിയ പത്രക്കുറിപ്പില്‍ നിന്ന് വ്യക്തമാണ്. നേരത്തെ പരിക്കിനെത്തുടര്‍ന്ന് ഇക്കഴിഞ്ഞ ഏഷ്യാ കപ്പും ബുംറയ്ക്ക് നഷ്ടമായിരുന്നു.
പരിക്കേറ്റ രവീന്ദ്ര ജഡേജയ്ക്കും ഇത്തവണ ടി20 ലോകകപ്പ് നഷ്ടമാകും. ഇതിന് പിന്നാലെയാണ് ടീമിലെ മറ്റൊരു പ്രധാനപ്പെട്ട താരവും പരിക്കിന്റെ പിടിയില്‍ പെടുന്നത്. ഒക്ടോബര്‍ 22നാണ് ലോകകപ്പ് ആരംഭിക്കുന്നത്.
നേരത്തെ ദക്ഷിണാഫ്രിക്കക്കെതിരായ ട്വന്റി20യില്‍ പരുക്കേറ്റ ബുംറക്ക് പകരമായി പേസ് ബൗളര്‍ മുഹമ്മദ് സിറാജിനെ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നു. പുറം വേദന കാരണം ആറ് മാസത്തേക്കാണ് ബുംറയോട് ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദ്ദേശിച്ചിരിക്കുന്നത്. തിരുവനന്തപുരം കാര്യവട്ടം സ്‌റ്റേഡിയത്തില്‍ അവസാനിച്ച ഇന്ത്യ-ദക്ഷിണാഫ്രിക്ക പരമ്പരയിലെ ആദ്യ മല്‍സരത്തിനുളള പരിശീലനത്തിനിടെയാണ് താരത്തിന് പുറം വേദന അനുഭവപ്പെട്ടത്.