കണ്ണൂര്‍: യു.എന്‍ ശാസ്ത്ര കോണ്‍ഗ്രസില്‍ മാറുന്ന കാലത്ത് കെട്ടിടങ്ങളും ഘടനയും കാലാവസ്ഥയില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ കെെകാര്യം ചെയ്യുന്നതിലെ അനിവാര്യത പങ്കുവെച്ച് മലയാളി ശാസ്ത്രജ്ഞന്റെ പ്രഭാഷണം. തളിപ്പറമ്പ് സ്വദേശി ഡോ.ജാഫറലി പാറോലാണ് ന്യൂയോര്‍ക്കില്‍ നടക്കുന്ന യു.എന്‍ ശാസ്ത്ര കോണ്‍ഗ്രസില്‍ പ്രഭാഷണം നടത്തിയത്.
‘ഘടനാപരമായ ആരോഗ്യ നിരീക്ഷണത്തിലൂടെ കാലാവസ്ഥാ മാറ്റത്തിനും പ്രകൃതി ദുരന്തത്തിനും എതിരായ അടിസ്ഥാന സൗകര്യങ്ങളുടെ പ്രതിരോധശേഷി വർധിപ്പിക്കുക’ എന്ന വിഷയത്തിലായിരുന്നു പ്രഭാഷണം. നിലവിലെ കെട്ടിടങ്ങളും ഘടനകളും കാലാവസ്ഥയിൽ സംഭവിക്കുന്ന മാറ്റങ്ങൾ കൈകാര്യം ചെയ്യാൻ വേണ്ടത്ര തയ്യാറായിട്ടില്ലെന്നും ഡോ.ജാഫറലി സൂചിപ്പിച്ചു. അടിസ്ഥാന സൗകര്യങ്ങൾ രൂപകൽപ്പന ചെയ്ത രീതി ഈ മാറ്റങ്ങൾ കണക്കിലെടുക്കാത്തതിനാലാണിത്.
ഈ ഘടനകൾ എത്രത്തോളം നന്നായി നിലകൊള്ളുന്നുവെന്ന് കാണിനും ആവശ്യമായ മെച്ചപ്പെടുത്തലുകൾ വരുത്താനും യഥാർഥ ഡാറ്റ ശേഖരണം ആരംഭിക്കേണ്ടത് പ്രധാനമാണ്. ഈ ഘടനകളുടെ ആരോഗ്യം നിരീക്ഷിക്കുന്ന സാങ്കേതികവിദ്യ ഉപയോഗിക്കുന്നത് കാലാവസ്ഥയുമായി ബന്ധപ്പെട്ട വെല്ലുവിളികൾ, തീവ്ര പ്രകൃതി ദുരന്തങ്ങൾ എന്നിവയെ മികച്ച രീതിയിൽ നേരിടാൻ സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇൻഫ്രാസ്ട്രക്ചറുകളുടെ പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്ന നൂതന സാങ്കേതിക വിദ്യകൾ ഇൻഫ്രാസ്ട്രക്ചറുകളിൽ സ്വീകരിക്കേണ്ടത് ആവശ്യമാണ്. സെൻസർ സാങ്കേതിക വിദ്യയും നൂതന ഡാറ്റാധിഷ്ഠിത വിശകലന രീതികളും സംയോജിപ്പിക്കുന്ന അത്യാധുനിക സാങ്കേതിക വിദ്യകൾ കെട്ടിടങ്ങളുടെയും പാലങ്ങളുടെയും കേടുപാടുകൾ തുടക്കത്തിൽ തന്നെ കണ്ടെത്താൻ സഹായിക്കും. കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പ്രതിരോധം ഇത് വർധിപ്പിക്കും. വെള്ളപ്പൊക്കം, ഭൂകമ്പം, ഉരുൾപൊട്ടൽ തുടങ്ങിയ പ്രകൃതിദത്തമായ ഏത് തീവ്ര പ്രകൃതി സംഭവങ്ങളിലും ശേഖരിച്ച യഥാർഥ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അടിയന്തര പ്രതികരണ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാൻ ഈ നൂതന സാങ്കേതികവിദ്യകൾ സർക്കാർ അധികാരികളെ സഹായിക്കുമെന്നും ഡോ.ജാഫറലി പാറോല്‍ പറഞ്ഞു.
ശാസ്ത്ര സാങ്കേതിക രംഗത്ത് പഠന പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയനായ മലയാളി ശാസ്ത്രജ്ഞനാണ് ഡോ.ജാഫറലി. ഐക്യരാഷ്ട്ര സഭ ജനറല്‍ അസംബ്ലിയുടെ ഭാഗമായാണ് ശാസ്ത്ര കോണ്‍ഗ്രസ് നടക്കുന്നത്. കുവെെറ്റ് പ്രതിനിധിയായാണ് ഡോ.ജാഫറലി ശാസ്ത്ര കോജാഫറന്‍സില്‍ പങ്കെടുക്കുന്നത്.
നിരവധി അന്താരാഷ്ട്ര വേദികളിൽ പ്രഭാഷണം നടത്തിയിട്ടുണ്ട് ഡോ.ജാഫറലി പാറോല്‍. ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയം എയ്റോനോട്ടിക്കല്‍ ഡവലപ്മെന്റ് ഏജന്‍സിയില്‍ സയന്റിസ്റ്റായി ജോലിചെയ്തിരുന്നു. അക്കാലത്ത് ഇന്ത്യയില്‍ വികസിപ്പിച്ച ‘തേജസ്’ യുദ്ധ വിമാനത്തിന്റെ നിര്‍മിതിയിലും പങ്കാളിയായിരുന്നു ഇദ്ദേഹം. ഇന്ത്യയിലെ നാഷണല്‍ എയ്റോസ്പേസ് ലബോറട്ടറികളിലെ സെന്റര്‍ ഫോര്‍ മാത്തമാറ്റിക്കല്‍ മോഡലിംഗ് ആന്റ് കമ്പ്യൂട്ടര്‍ സിമുലേഷനില്‍ സീനിയര്‍ റിസര്‍ച്ച് ഫെലോ ആയിരുന്നു. ജനറല്‍ ഇലക്ട്രിക്-ജി.ഇ കമ്പനിയുടെ ടെക്നിക്കല്‍ ലീഡറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. അമ്പതിലധികം അന്താരാഷ്ട്ര ജേണലുകളിലും കോണ്‍ഫറന്‍സുകളിലും പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട് ഡോ.ജാഫറലി പാറോല്‍.