X
    Categories: indiaNews

സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കിയതിന് ശേഷമുള്ള വിവരങ്ങള്‍ ലഭ്യമല്ല: കേന്ദ്രം

ന്യൂഡല്‍ഹി: സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കിയതിന് ശേഷമുള്ള മുസ്‌ലിം സമുദായത്തിന്റെ സാമൂഹിക സാമ്പത്തിക ശാക്തീകരണം വിലയിരുത്താന്‍ പ്രത്യേക വിവരങ്ങളൊന്നും ലഭ്യമല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍.

മുസ്‌ലിം സമുദായത്തിന്റെ പുരോഗതിയെക്കുറിത്തുള്ള കണക്കുകള്‍ ആവശ്യപ്പെട്ട് പി.വി അബ്ദുള്‍ വഹാബ് എം.പി രാജ്യസഭയില്‍ ഉന്നയിച്ച ചോദ്യത്തിനാണ് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി ഇത്തരത്തില്‍ രേഖാമൂലം മറുപടി നല്‍കിയത്. സാക്ഷരതാ നിരക്ക്, ഉന്നതവിദ്യാഭ്യാസത്തിലെ പങ്കാളിത്തം, സര്‍ക്കാര്‍ എക്‌സിക്യൂട്ടീവ് ജോലികളിലെ പ്രാതിനിധ്യം, നിയമനിര്‍മ്മാണ സഭകളിലെ പ്രതിനിധ്യം എന്നിങ്ങനെ വിവിധ സാമൂഹിക സൂചകങ്ങളില്‍ മുസ്‌ലിം സമുദായങ്ങള്‍ക്കിടയില്‍ ഗണ്യമായ പുരോഗതി തെളിയിക്കുന്ന വിവരങ്ങളാണ് എം.പി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. സച്ചാര്‍ റിപ്പോര്‍ട്ടിന് ശേഷമുള്ള കാലഘട്ടത്തില്‍ മുസ്‌ലിംകള്‍ക്കുണ്ടായ വികസനം വിലയിരുത്താന്‍ ഒരു കമ്മിറ്റി രൂപീകരിക്കുന്ന കാര്യം പരിഗണിക്കുന്നുണ്ടോയെന്നും എം.പി ആരാഞ്ഞു. രാജ്യത്ത് മുസ്‌ലിംകളുടെ സാക്ഷരതാ നിരക്ക് 2001ല്‍ 59.1% ആയിരുന്നത് 2011ല്‍ 68.5% ആയി വര്‍ധിച്ചുവെന്ന് മന്ത്രി പറഞ്ഞു. 2006ല്‍ സമര്‍പ്പിച്ച സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ വിലയിരുത്തലിനെ സംബന്ധിച്ചുള്ള ചോദ്യത്തിന് മറുപടി പറയാന്‍ സര്‍ക്കാരിന് 2001-2011 കാലഘട്ടത്തിലെ സെന്‍സസ് വിവരങ്ങളെ ആശ്രയിക്കേണ്ടി വന്നു എന്നുള്ളതാണ് ശ്രദ്ദേയം.

2015- 16ല്‍ ന്യൂനപക്ഷങ്ങളുടെ ഉന്നതവിദ്യാഭ്യാസ പ്രവേശനം 22,96,671 ആയിരുന്നത് 2019-20ല്‍ 29,86,610 ആയും ഉന്നതവിദ്യാഭ്യാസത്തില്‍ സമുദായത്തിന്റെ എണ്ണം 2015-16 ല്‍ 16,13,710 നിന്ന് 2019-20 വര്‍ഷത്തില്‍ 21,00,860 വരെ വര്‍ധിച്ചതായും മന്ത്രി അറിയിച്ചു. സച്ചാര്‍ റിപ്പോര്‍ട്ട് നടപ്പാക്കിയത് വിലയിരുത്താന്‍ സമിതി രൂപീകരിക്കുന്നതില്‍ സര്‍ക്കാര്‍ നിലപാടിനെക്കുറിച്ചുള്ള എം. പിയുടെ ചോദ്യത്തില്‍ നിന്ന് മന്ത്രി ഒഴിഞ്ഞു മാറി.

മുസ്‌ലിം സമുദായത്തിന്റെ പ്രശ്‌നങ്ങള്‍ ഈ സര്‍ക്കാര്‍ അവഗണിക്കുന്നത് ഒരു പതിവായി മാറിയെന്ന് എം.പി കുറ്റപ്പെടുത്തി. മുസ് ലിം ക്ഷേമവുമായി ബന്ധപ്പെട്ട് പുതിയ നയങ്ങള്‍ രൂപീകരിക്കാന്‍ സര്‍ക്കാര്‍ എങ്ങനെ പദ്ധതിയിടുന്നുവെന്നും അദ്ദേഹം ചോദിച്ചു.

Test User: