കോഴിക്കോട്: വിലക്കയറ്റം മൂലം ദുരിതത്തിലായ ജനതയെ സമാശ്വസിപ്പിക്കാന്‍ കേന്ദ്ര- കേരള സര്‍ക്കാറുകള്‍ അടിയന്തിര നടപടി കൈക്കൊള്ളണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം ആവശ്യപ്പെട്ടു.
സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ ഏപ്രില്‍ 11 ന് പ്രാദേശിക തലങ്ങളില്‍ നില്‍പ്പ് സമരം സംഘടിപ്പിക്കാന്‍ യോഗം തീരുമാനിച്ചു. വൈകീട്ട് 4.30 മുതല്‍ 5 വരെ ശാഖാ കമ്മിറ്റികളുടെ നേതൃത്വത്തിലാണ് സമരം. തുടര്‍ച്ചയായ ഇന്ധന വില വര്‍ധനവ് രാജ്യത്തിന്റെ സമ്പദ് ഘടനയെ തന്നെ തകിടം മറിച്ചു. അവശ്യ സാധനങ്ങളുടെ വിലയിലും ഗണ്യമായ വര്‍ധനവുണ്ടായി. ഈ ദുരിതത്തിനൊപ്പമാണ് സംസ്ഥാനത്ത് ബസ് ചാര്‍ജും ഓട്ടോ ടാക്‌സി ചാര്‍ജും വര്‍ധിപ്പിക്കാന്‍ പിണറായി സര്‍ക്കാര്‍ തീരുമാനിച്ചത്. ഇന്ധന വിലയുടെ ഭാഗമായുള്ള അധിക നികുതി വേണ്ടന്ന് വെക്കാത്ത പിണറായി സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിനെ പോലെ ജനത്തെ കൊള്ളയടിക്കാനാണ് ഈ അവസരം ഉപയോഗിക്കുന്നതെന്നും യൂത്ത് ലീഗ് ആരോപിച്ചു.
സാധാരക്കാരുടെ കുടുംബ ബജറ്റിന്റെ താളം തെറ്റിക്കുകയും നിത്യ ജീവിതം വഴിമുട്ടുകയും ചെയ്തിട്ടും ജനഹിത നടപടികള്‍ക്ക് പകരം ഒന്നിന് മീതെ ഒന്നായി ദുരിതം വിതക്കാനാണ് സര്‍ക്കാരുകള്‍ മത്സരിക്കുന്നത്. മോദി സര്‍ക്കാരും പിണറായി സര്‍ക്കാറും സാധാരണ ജനതയോട് യാതൊരു പ്രതിബദ്ധതയും ഇല്ലാത്ത നയമാണ് തുടരുന്നത്. അരി ഉള്‍പ്പെടെ നിത്യോപയോഗ സാധനങ്ങള്‍ക്ക് തോന്നിയ വിലയാണ്. വില കുതിച്ചുയരുമ്പോഴും വിപണിയില്‍ ഇടപെടാതെ വന്‍കിടക്കാര്‍ക്ക് തടിച്ചു കൊഴുക്കാനുള്ള സൗകര്യം ഒരുക്കുകയാണ് സര്‍ക്കാരുകള്‍. ഇതിനെതിരെ നടക്കുന്ന സമരം ബഹുജന പങ്കാളിത്തത്തോടെ വിജയിപ്പിക്കണെമെന്നും യോഗം അഭ്യര്‍ത്ഥിച്ചു.
ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ നടന്ന യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി പി.കെ ഫിറോസ് സ്വാഗതവും സെക്രട്ടറി ഗഫൂര്‍ കൊല്‍ക്കളത്തില്‍ നന്ദിയും പറഞ്ഞു. പി. ഇസ്മാഈല്‍, മുജീബ് കാടേരി, ഫൈസല്‍ ബാഫഖി തങ്ങള്‍, അഷ്‌റഫ് ഇടനീര്‍, കെ. എ മാഹിന്‍, സി. കെ മുഹമ്മദലി, അഡ്വ. നസീര്‍ കാര്യറ, ടി.പി.എം ജിഷാന്‍ പ്രസംഗിച്ചു.