യുകെയില്‍ തൊഴിലില്ലായ്മ നാല് ശതമാനമായി ഉയര്‍ന്നുവെന്ന് റിപ്പോര്‍ട്ട്. 2023 മെയ് അവസാനം വരെയുള്ള കണക്ക് പ്രകാരമാണിത്. പണപ്പെരുപ്പം ഉയരുന്നതിനാല്‍ യുകെ സമ്പദ്‌വ്യവസ്ഥ തകര്‍ന്നടിഞ്ഞിരിക്കുകയാണ്.
ഏപ്രില്‍ അവസാനം വരെയുള്ള 3.8 ശതമാനത്തില്‍ നിന്ന് തൊഴിലില്ലായ്മ നിരക്ക് നാല് ശതമാനമായാണ് ഉയര്‍ന്നിരിക്കുന്നതെന്ന് ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് പ്രസ്താവനയില്‍ പറഞ്ഞു. 2022ന്റെ തുടക്കത്തിനു ശേഷം ആദ്യമായാണ് നിരക്ക് നാല് ശതമാനത്തിലേക്ക് ഉയരുന്നത്. എന്നാല്‍ തൊഴിലില്ലായ്മ നിരക്ക് 3.8 ശതമാനമായി തന്നെ തുടരുമെന്നായിരുന്നു വിശകലന വിദഗ്ധരുടെ പ്രതീക്ഷ.
എന്നാല്‍ നിരക്ക് ഉയര്‍ന്നെങ്കിലും ബ്രിട്ടന്റെ തൊഴില്‍ മേഖലകളില്‍ തൊഴിലില്ലായ്മ നിരക്ക് കുറവാണെന്ന് ധനമന്ത്രി ജെറമി ഹണ്ട് പറയുന്നു. ബോണസ് ഒഴിച്ചുള്ള ശമ്പളം റെക്കോര്‍ഡ് തലത്തില്‍ ഉയര്‍ന്നതായി ഒഎന്‍എസ് കൂട്ടിച്ചേര്‍ത്തു. നിക്ഷേപത്തെ തടയുകയും ഉപഭോക്തൃ ആത്മവിശ്വാസം ഇല്ലാതാക്കുകയും ചെയ്യുന്ന പണപ്പെരുപ്പം ഇല്ലാതാക്കാതെ സുസ്ഥിരമായ വളര്‍ച്ച ഉണ്ടാകില്ലെന്ന് തിങ്കളാഴ്ച നടത്തിയ പ്രസംഗത്തില്‍ ഹണ്ട് പറഞ്ഞു.
യുകെയിലെ വാര്‍ഷിക പണപ്പെരുപ്പം സമീപ മാസങ്ങളില്‍ കുറഞ്ഞെങ്കിലും ഒമ്പത് ശതമാനത്തിനടുത്താണിത്. ഇത് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ രണ്ട് ശതമാനം ടാര്‍ഗെറ്റിനെക്കാള്‍ വളരെ മുകളിലാണ്, മാത്രമല്ല ഇത് നിരവധി പലിശ നിരക്ക് വര്‍ദ്ധനകള്‍ക്ക് കാരണമാകുന്നു. യുകെയിലെ പണപ്പെരുപ്പം ഇതിനകം തന്നെ നയരൂപകര്‍ത്താക്കള്‍ പ്രതീക്ഷിച്ചതിലും വളരെ ഉയരത്തിലാണ.് നിലവിലെ സാഹചര്യത്തിലും വരുമാനം വര്‍ദ്ധിക്കുന്നത് തുടരുന്നിടത്തോളം പണപ്പെരുപ്പം കുറയാന്‍ സമയമെടുക്കും,’ എബറിയിലെ മാര്‍ക്കറ്റ് സ്ട്രാറ്റജി തലവന്‍ മാത്യു റയാന്‍ പറഞ്ഞു.
ഒരു വര്‍ഷം മുമ്പത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് മെയ് വരെയുള്ള മൂന്ന് മാസങ്ങളില്‍ ബോണസ് ഉള്‍പ്പെടെയുള്ള ശരാശരി സാധാരണ ശമ്പളം 7.3 ശതമാനം കൂടുതലാണെന്ന് ഒഎന്‍എസ് വെളിപ്പെടുത്തി. ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍ ആന്‍ഡ്രൂ ബെയ്‌ലിയും ഹണ്ടും രാജ്യത്തോട് ശമ്പള നിയന്ത്രണം ആവശ്യപ്പെടുമ്പോഴും ആയിരക്കണക്കിന് പൊതുസ്വകാര്യ മേഖലാ തൊഴിലാളികള്‍ പണപ്പെരുപ്പം നിലനിര്‍ത്തുന്ന വേതന വര്‍ദ്ധനവിന് വേണ്ടി സമരം തുടരുകയാണ്.
യുകെയിലെമ്പാടും കഴിഞ്ഞ കുറച്ചു മാസങ്ങളായി തൊഴിലാളികള്‍ സമരത്തിലാണ്. തങ്ങള്‍ക്ക് ലഭിക്കുന്ന വേതനം കൊണ്ട് ജീവിക്കാന്‍ സാധിക്കുന്നില്ല എന്ന് പ്രഖ്യാപിച്ചാണ് വേതനം കൂട്ടണം എന്ന ആവശ്യവുമായി സമരം ചെയ്യുന്നത്. സമസ്ത മേഖലകളിലെയും തൊഴിലാളികളും ജീവനക്കാരും വേതന വര്‍ധനവ് ആവശ്യപ്പെട്ട് സമര രംഗത്താണ്. മറ്റു പല രാജ്യങ്ങളിലുമെന്നത് പോലെ യു കെയിലും ഉയര്‍ന്ന പണപ്പെരുപ്പം മൂലം സകല സാധനങ്ങളുടെയും വില കുതിച്ചുയര്‍ന്നിരിക്കുകയാണ്. എന്നാല്‍ തൊഴിലാളികള്‍ക്ക് ലഭിക്കുന്ന വേതനനിരക്കില്‍ വന്നിട്ടുള്ള വ്യത്യാസങ്ങള്‍ ഈ പ്രതിസന്ധിയെ നേരിടാന്‍ പര്യാപ്തമല്ല എന്ന് ബിബിസി ഈയടുത്ത് നടത്തിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നു.