X

വിലക്കയറ്റത്തില്‍ പിടയുന്ന ജനം-എഡിറ്റേറിയല്‍

അരക്കോടിയിലധികം മനുഷ്യരെ കൊന്നൊടുക്കിയ കോവിഡ്-19 മഹാമാരിയുടെ പിടിയില്‍നിന്ന് ലോകജനത പതുക്കെയായി കുതറിമാറിക്കൊണ്ടിരിക്കുകയാണിപ്പോള്‍. എങ്കിലും ഭരണകൂടം വരുത്തിവെച്ച കെടുതിയില്‍നിന്ന് അടുത്ത കാലത്തൊന്നും മോചനമില്ലെന്ന് സൂചിപ്പിക്കുന്നതാണ് ഇന്ത്യയിലെ സാധാരണക്കാരന്റെ സമകാലികാവസ്ഥ. 2019 മുതല്‍ രണ്ടു വര്‍ഷത്തോളമായി നിത്യവൃത്തിക്കുപോലും പ്രയാസപ്പെട്ട് കഴിയുന്ന പാവപ്പെട്ടവരുടെയും സാധാരണക്കാരുടെയും തലയില്‍ ഇടിത്തീയായി മാറിയിരിക്കുകയാണ് അഭൂതപൂര്‍വവും അന്യാദൃശവുമായ വിലക്കയറ്റം. സമ്പന്നര്‍ കൂടുതല്‍ സമ്പന്നരാകുകയും ദരിദ്രര്‍ കൂടുതല്‍ ദരിദ്രരാകുകയും ചെയ്തതാണ് കോവിഡ് കാലത്ത് ഇന്ത്യ കണ്ടതെങ്കില്‍ അതിന്റെ തീവ്രത വര്‍ധിച്ചുവരികയാണെന്നാണ് പുതിയ കണക്കുകളോരോന്നും വെളിപ്പെടുത്തുന്നത്. ഈ കോവിഡ് കാലത്തുതന്നെയാണ് 116 രാജ്യങ്ങളിലെ വിശപ്പുസൂചികയില്‍ മോദികാല ഇന്ത്യയുടെ 101-ാം സ്ഥാനം.

രാജ്യത്തെ നിത്യോപയോഗ സാധനങ്ങളുടെ ഉള്‍പ്പെടെ വിലകള്‍ വാണം കണക്കെ കുതിച്ചുയരുമ്പോള്‍ ഭരണാധികാരികള്‍ ഉച്ചമയക്കത്തിലാണെന്നാണ് അവരുടെ പ്രതികരണങ്ങളോരോന്നും തെളിയിക്കുന്നത്. ലിറ്ററിന് 50 രൂപക്ക് പെട്രോള്‍ കിട്ടുമെന്ന് പറഞ്ഞവരിപ്പോള്‍ 200 രൂപയായാല്‍ ബൈക്കില്‍ മൂന്നു പേരെ കയറ്റാമെന്ന പ്രസ്താവനയിറക്കുന്ന തിരക്കിലാണ്്. പെട്രോളിയം ഉല്‍പന്നങ്ങളുടെ വിലയിലെ അനുദിനമെന്നോണമുള്ള വര്‍ധനവാണ് ഇത്തരമൊരു വിലക്കയറ്റത്തിന് വഴിവെച്ചതെന്നുപറഞ്ഞാലും ആ അനുപാതവും കടന്നാണ് ധാന്യം, പച്ചക്കറി എന്നിവക്കുപുറമെ നിര്‍മാണസാമഗ്രികള്‍, വൈദ്യുതി, രാസവളങ്ങള്‍ തുടങ്ങി സകല വസ്തുക്കളിന്മേലും വിലക്കയറ്റം പിടിമുറുക്കിയിരിക്കുന്നത്. ഒരു വര്‍ഷത്തിനിടെ 40 രൂപയോളം വിലവര്‍ധനവാണ് പെട്രോള്‍, ഡീസല്‍ എന്നിവയിലും പാചകവാതകത്തിനും സംഭവിച്ചത്. ഇതിനുകാരണം കേന്ദ്ര-സംസ്ഥാനസര്‍ക്കാരുകളുടെ ‘നികുതി ഭീകരവാദ’മാണ്. 110 രൂപയുള്ള ഒരു ലിറ്റര്‍ പെട്രോളില്‍നിന്ന് ഇരു സര്‍ക്കാരുകള്‍ക്കുമായി പലയിനങ്ങളിലായി ഈടാക്കപ്പെടുന്നത് 70 രൂപയിലധികം. ഡീസല്‍ വിലയിലെ ഏറ്റം ചരക്കുനീക്കത്തിനുള്ള ചെലവ് ഗണ്യമായി വര്‍ധിപ്പിച്ചതാണ് വിലക്കയറ്റത്തിന് പകര്‍ന്ന ഇന്ധനം. ഉല്‍പാദനം മുടങ്ങിയതിനാല്‍ പണം കൊടുത്താല്‍പോലും വളവും വൈദ്യുതിയും കിട്ടാത്ത അവസ്ഥ വേറെ.

രാജ്യം ചരിത്രത്തിലെ ഏറ്റവും വലിയ പണപ്പെരുപ്പത്തെ നേരിടുന്നതായാണ് തിങ്കളാഴ്ച പുറത്തുവന്ന ഔദ്യോഗികകണക്ക് വെളിപ്പെടുത്തുന്നത്. പണപ്പെരുപ്പനിരക്ക് പരിധിവിടുന്നത് വിലക്കയറ്റത്തിന്റെയും സാമ്പത്തികത്തകര്‍ച്ചയുടെയും സൂചനയാണ്. ഇന്ധന വിലയിലെയും ഭക്ഷ്യവസ്തുക്കളുടെ വിലയിലെയും ഉയര്‍ച്ചയാണ് പണപ്പെരുപ്പമായി പ്രതിഫലിക്കുക. ഭക്ഷ്യധാന്യങ്ങളുടെ വിലയില്‍ കഴിഞ്ഞ സെപ്തംബറില്‍ -4.69 രേഖപ്പെടുത്തിയ സ്ഥാനത്ത് ഒക്ടോബറില്‍ ഇത് 1.69 ആയിരിക്കുന്നു. നിര്‍മാണസാമഗ്രികളിലെ വില അഥവാ പണപ്പെരുപ്പനിരക്ക് 11.41 ല്‍നിന്ന് മേല്‍ക്കാലയളവില്‍ 12.04 ആയി ഉയര്‍ന്നു. രാജ്യത്തെ പണപ്പെരുപ്പനിരക്ക് പത്തില്‍ താഴെ നിര്‍ത്തണമെന്നാണ് പൊതുവെ ധനകാര്യവിദഗ്ധര്‍ പറയാറെങ്കില്‍ സെപ്തംബറില്‍ രാജ്യത്തിത് 10.66 ആയിരുന്നത് ഒക്ടോബറില്‍ 12.54 ആയിരിക്കുകയാണ്. സര്‍ക്കാരുകള്‍ക്ക് സമ്പദ്ഘടനയെ നിയന്ത്രിക്കാനായില്ലെങ്കില്‍ ജനങ്ങള്‍ തൊഴിലില്ലായ്മയിലും വിലക്കയറ്റത്തിലും തന്മൂലമുള്ള പട്ടിണിയിലും പിടയേണ്ടിവരും. കഴിഞ്ഞവര്‍ഷത്തെ സാമ്പത്തികരേഖയില്‍ പണപ്പെരുപ്പം 5.7 ശതമാനമാകുമെന്ന് പറഞ്ഞിടത്താണീ കുതിപ്പ്.
ഇതിന്റെയൊക്കെ പ്രതിഫലനമാണ് കേരളത്തില്‍ കഴിഞ്ഞദിവസങ്ങളില്‍ കേള്‍ക്കാനിടയായ നിരവധി കൂട്ട ആത്മഹത്യകള്‍. കുടുംബങ്ങളിലെ അസ്വാരസ്യമാണ് പുറത്തുപറയുന്നതെങ്കിലും സാമ്പത്തിക പ്രയാസംതന്നെയാണ് മിക്കതിനും പിന്നിലെന്ന് സൂക്ഷ്മാന്വേഷണത്തില്‍ വ്യക്തമാകും. രാഷ്ട്രത്തിന്റെ സുരക്ഷിതത്വവും സ്വസ്ഥതയും അതിലെ കുടുംബങ്ങളുടെയും വ്യക്തികളുടേതുമായിരിക്കെ അവരിലുണ്ടാകുന്ന പ്രയാസങ്ങള്‍ക്ക് ഭരണാധികാരികള്‍ ഉത്തരം പറഞ്ഞേ മതിയാകൂ. മക്കളെ പട്ടിണിക്കിട്ടും കിണറ്റിലെറിഞ്ഞും മര്‍ദിച്ചുമൊക്കെ കൊലപ്പെടുത്തുന്ന അവസ്ഥ പ്രബുദ്ധ കേരളത്തില്‍ പഴങ്കഥകളല്ലാതായിരിക്കുന്നു. കുടുംബങ്ങളുടെ ശൈഥില്യം ഒരു നാടിനെയാകെയാണ് തളര്‍ത്തുന്നത്. ഒന്നാം പിണറായി സര്‍ക്കാര്‍ ഭവനരഹിതരില്‍നിന്ന് കോവിഡ് കാലത്ത് തിരക്കിട്ട് അക്ഷയകേന്ദ്രങ്ങളില്‍ സാമൂഹിക അകലംപോലും പാലിക്കാതെ വാങ്ങിക്കൂട്ടിയ അപേക്ഷകള്‍ വര്‍ഷം ഒന്നുപിന്നിട്ടിട്ടും കെട്ടിക്കിടക്കുകയാണിപ്പോഴും. നിയമസഭാതിരഞ്ഞെടുപ്പിനുള്ള വോട്ട് ലക്ഷ്യമിട്ടായിരുന്നു അതെന്ന് തെളിയിക്കുന്നതാണ് ലൈഫ് പദ്ധതിയില്‍ കെട്ടിക്കിടക്കുന്ന ഒന്‍പതു ലക്ഷത്തോളം അപേക്ഷകള്‍. നിര്‍മാണസാമഗ്രികളുടെ വിലക്കയറ്റം കാരണം ചെറിയൊരു കൂരവെയ്ക്കാന്‍പോലും നിര്‍വാഹമില്ലാത്ത അവസ്ഥയിലാണ് ജനങ്ങള്‍. കമ്പിയുടെയും സിമന്റിന്റെയും വിലയില്‍ ഒരു വര്‍ഷത്തിനുള്ളിലുണ്ടായ വര്‍ധനവ് 50 ശതമാനമാണ്. സിമന്റിന് 350 രൂപയുണ്ടായിരുന്നിടത്ത് 500 രൂപയോളമാണിന്ന് വില. പ്ലമ്പിങ് വസ്തുക്കളുടെ വിലയിലും ജി.എസ്.ടി തുടങ്ങിയ കാലത്തേതില്‍നിന്നും വന്‍തോതില്‍ വിലയുയര്‍ന്നു. ഉത്പാദനം തടസപ്പെട്ടതാണ് കാരണമായി പറഞ്ഞതെങ്കിലും കോവിഡാനന്തരകാലത്തും വിലകുറവില്ലാതെ തുടരുന്നു. ഇതെല്ലാം തെളിയിക്കുന്നത് രാജ്യത്തെ ഭരണാധികാരികള്‍ക്ക് ജനങ്ങളുടെ ജീവല്‍പ്രശ്‌നങ്ങളില്‍ യാതൊരുവിധത്തിലുമുള്ള ശ്രദ്ധയുമില്ലെന്നാണ്.

 

Test User: