പെട്രോളിയം ഉല്‍പന്നങ്ങളുടെയും പാചക വാതകം, മണ്ണെണ്ണ, ജീവന്‍ രക്ഷാ മരുന്നുകള്‍ എന്നിവയുടെയും അനിയന്ത്രിതമായ വിലക്കയറ്റം ആശങ്കാജനകമാണെന്ന് കോഴിക്കോട് ലീഗ് ഹൗസില്‍ ചേര്‍ന്ന മുസ്‌ലിംലീഗ് സംസ്ഥാന ഭാരവാഹികളുടെയും എം.എല്‍.എമാരുടെയും സംയുക്ത യോഗം അഭിപ്രായപ്പെട്ടു. വിലക്കയറ്റം കാരണം സാധാരണക്കാരുടെ ജീവിതം ദുസ്സഹമായിരിക്കുകയാണ്. ജീവന്‍ രക്ഷാ മരുന്നുകളുടെ വില കൂടിയതോടെ ലക്ഷക്കണക്കിന് രോഗികളും കുടുംബാംഗങ്ങളുമാണ് ആശങ്കയിലായത്.
മണ്ണെണ്ണ വില വര്‍ധന കാരണം മത്സ്യ തൊഴിലാളികള്‍ പ്രതിസന്ധിയിലാണ്. കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ സാമ്പത്തിക നയമാണ് വിലക്കയറ്റത്തിന് കാരണം. ജനം ദുരിതം അനുഭവിക്കുമ്പോള്‍ സഹാനുഭൂതി കാണിക്കേണ്ട കേരള സര്‍ക്കാര്‍ നികുതിയിനത്തില്‍ ലഭിക്കുന്ന വരുമാനത്തില്‍ യാതൊരു കുറവും വരുത്താന്‍ തയ്യാറാകാത്തത് പ്രതിഷേധാര്‍ഹമാണ്. വിലവര്‍ധന കാരണം ലഭിക്കുന്ന അധിക നികുതി ഒഴിവാക്കി ജനത്തിന്റെ ഭാരം കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം. യോഗം ആവശ്യപ്പെട്ടു.
അടിയന്തര ആവശ്യങ്ങള്‍ പോലും അവഗണിച്ച് മദ്യം സാര്‍വ്വത്രികമാക്കി ജനകീയ പ്രശ്‌നങ്ങളില്‍നിന്ന് ശ്രദ്ധ തിരിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും യോഗം ആരോപിച്ചു. നാടുനീളെ മദ്യമൊഴുക്കി സാധാരണക്കാരുടെ സൈ്വര്യ ജീവിതം തകര്‍ക്കുകയാണ്. മദ്യത്തിലും മയക്കുമരുന്നിലും ജനത്തെ മയക്കിക്കിടത്തി ജനകീയ പ്രശ്‌നങ്ങളില്‍നിന്ന് ശ്രദ്ധ തിരിക്കാമെന്ന് കരുതുന്നത് മൗഢ്യമാണെന്നും യോഗം വ്യക്തമാക്കി. പതിനായിരക്കണക്കിന് സാധാരണക്കാരെ വഴിയാധാരമാക്കി ജനത്തിന് വേണ്ടാത്ത കെ റെയിലുമായി മുന്നോട്ട് പോകുന്ന നിലപാടില്‍നിന്ന് സര്‍ക്കാര്‍ പിന്തിരിയണം.
കേരളീയരുടെ തലക്ക് മുകളില്‍ കോടികളുടെ ബാധ്യതയാണ് കെ റെയില്‍ വരുത്തിവെക്കാന്‍ പോകുന്നത്. കെ റെയിലിനെതിരായി സമരം ചെയ്യുന്ന ജനങ്ങളോടൊപ്പം മുസ്‌ലിംലീഗ് ഉറച്ച് നില്‍ക്കുമെന്നും പദ്ധതിയില്‍നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡണ്ട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അഡ്വ.പി.എം.എ സലാം സ്വാഗതം പറഞ്ഞു.
ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, ഉന്നതാധികാര സമിതി അംഗങ്ങളായ കെ.പി.എ മജീദ് എം.എല്‍.എ, ഡോ.എം.കെ മുനീര്‍ എം.എല്‍.എ, വി.കെ ഇബ്രാഹിം കുഞ്ഞ്, സംസ്ഥാന ഭാരവാഹികളായ സി.ടി അഹമ്മദലി, എം.സി മായിന്‍ ഹാജി, ടി.പി.എം സാഹിര്‍, സി.പി ബാവ ഹാജി, കെ.എസ് ഹംസ, പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ, കെ.എം ഷാജി, അബ്ദുറഹ്മാന്‍ രണ്ടത്താണി, ബീമാപ്പള്ളി റഷീദ്, സി.പി ചെറിയ മുഹമ്മദ്, പി.എം സാദിഖലി, ഷാഫി ചാലിയം, എം.എല്‍.എമാരായ എന്‍.എ നെല്ലിക്കുന്ന്, പി.കെ ബഷീര്‍, പി. അബ്ദുല്‍ ഹമീദ്, മഞ്ഞളാംകുഴി അലി, കുറുക്കോളി മൊയ്തീന്‍, ടി.വി ഇബ്രാഹിം, നജീബ് കാന്തപുരം, എ.കെ.എം അഷ്‌റഫ് പങ്കെടുത്തു.