കൊച്ചി: സംസ്ഥാനത്ത് കോഴി ഇറച്ചിക്കും ഭക്ഷ്യ എണ്ണക്കും പലവ്യഞ്ജനം അടക്കമുള്ള നിത്യോപയോഗസാധനങ്ങള്‍ക്കും വിലകുതിച്ചുയര്‍ന്നിട്ടും സര്‍ക്കാര്‍ വേണ്ടരീതിയില്‍ ഇടപെടുന്നില്ലെന്ന് കേരള ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷന്‍ കുറ്റപ്പെടുത്തി. വിലക്കയറ്റം ഈ രീതിയില്‍ തുടരുകയാണെങ്കില്‍ ഹോട്ടല്‍ വിഭവങ്ങള്‍ക്ക് വിലവര്‍ധിപ്പിക്കാതെ ഹോട്ടലുകള്‍ക്ക് പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്നും അസോസിയേഷന്‍ വ്യക്തമാക്കി. വിലക്കയറ്റം നിയന്ത്രിക്കാന്‍ വിപണിയിലിടപെടേണ്ട സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ ഹോട്ടലുടമകള്‍ക്കെതിരെ പ്രതികാരമനോഭാവത്തോടെ നടപടികളെടുക്കുകയാണ്.
ചിക്കന്റെ വില ഒരു മാസത്തിനിടെ ഇരട്ടിയോളമാണ് വര്‍ധിച്ചിരിക്കുന്നത്. ചിക്കനെക്കൂടാതെ ഭക്ഷ്യഎണ്ണയ്ക്കും, പരിപ്പ്, പയര്‍ അടക്കമുള്ള പലവ്യഞ്ജനങ്ങള്‍ക്കും വലിയതോതിലാണ് വിലകുതിച്ചുയരുന്നത്. ഹോട്ടലുകള്‍ക്ക് പ്രവര്‍ത്തനചെലവുപോലും ലഭിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. ചിക്കന്റെ വില നിയന്ത്രിക്കുവാന്‍ ചിക്കന്‍ലോബി തയ്യാറായില്ലെങ്കില്‍ സംസ്ഥാനത്തെ ചിക്കന്‍ വിപണിയുടെ 75 ശതമാനത്തോളം വരുന്ന ഉപഭോക്താക്കളായ ഹോട്ടല്‍ മേഖല ചിക്കന്‍ വിഭവങ്ങള്‍ ബഹിഷ്‌ക്കരിക്കാന്‍ തീരുമാനമെടുക്കേണ്ടിവരുമെന്ന് കേരള ഹോട്ടല്‍ & റസ്റ്റോറന്റ് അസോസിയേഷന്‍ സംസ്ഥാനപ്രസിഡന്റ് ജി. ജയപാലും സംസ്ഥാന ജനറല്‍സെക്രട്ടറി കെ. പി. ബാലകൃഷ്ണപൊതുവാളും മുന്നറിയിപ്പ് നല്‍കി.