കേന്ദ്രം വിളിച്ച സര്‍വ്വകക്ഷി യോഗത്തില്‍ വിലക്കയറ്റം, തൊഴിലില്ലായ്മ, ചൈന-ഇന്ത്യ അതിര്‍ത്തി പ്രശ്‌നം എന്നിവ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിലെ അജണ്ടയും വിഷയങ്ങളും ചര്‍ച്ച ചെയ്യാനാണ് കേന്ദ്രം യോഗം വിളിച്ചത്. 30ലധികം പാര്‍ട്ടി നേതാക്കള്‍ സര്‍വ്വകക്ഷി യോഗത്തില്‍ പങ്കെടുത്തു. ഡിസംബര്‍ 7 മുതല്‍ ഡിസംബര്‍ 29 വരെയാണ് ശീതകാല സമ്മേളനം നടക്കുന്നത്.
കേന്ദ്രമന്ത്രിയും ലോക്‌സഭയിലെ ബിജെപി ഉപനേതാവുമായ രാജ്‌നാഥ് സിങ്ങിന്റെ നേതൃത്വത്തിലായിരുന്നു യോഗം. തൊഴിലില്ലായ്മ, വിലക്കയറ്റം തുടങ്ങി നിരവധി പ്രശ്‌നങ്ങളാണ് രാജ്യത്തിന്റെ മുന്നിലുള്ളത്. ഇതിന് സര്‍ക്കാര്‍ ജനങ്ങളോട് ഉത്തരം പറയണമെന്ന് യോഗത്തിന് ശേഷം കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു. പ്രാധാന്യമുള്ള വിഷയങ്ങള്‍ ഉന്നയിക്കാന്‍ പ്രതിപക്ഷത്തെ അനുവദിക്കണമെന്ന് രാജ്യസഭാ എംപി ഡെറക് ഒബ്രിയനും സര്‍ക്കാരിനോട് പറഞ്ഞു.