X

കര്‍ണാടക ബി.ജെ.പിയില്‍ പോര്; നാല് ഭാരവാഹികളെ പുറത്താക്കി

ബംഗളൂരു: ഗ്രൂപ്പ് പോര് മുറുകി ബി.ജെ.പി കര്‍ണാടക ഘടകം. സംസ്ഥാന പ്രസിഡണ്ട് ബി.എസ് യദ്യൂരപ്പയുടേയും മുതിര്‍ന്ന നേതാവ് കെ.എസ് ഈശ്വരപ്പയുടേയും നേതൃത്വത്തിലുള്ള ഗ്രൂപ്പുകള്‍ തമ്മിലെ വടംവലി അതിരു വിട്ടതോടെ കേന്ദ്ര നേതൃത്വം ഇടപെട്ട് നാലുപേരെ പുറത്താക്കി. സംസ്ഥാന കമ്മിറ്റി വൈസ് പ്രസിഡണ്ടുമാരായ ഭാനുപ്രകാശ്, നിര്‍മല്‍ കുമാര്‍ സുരാന, റൈത്ത മോര്‍ച്ച വൈസ് പ്രസിഡണ്ട് എം.പി രേണുകാചാര്യ, സംസ്ഥാന കമ്മിറ്റി വക്താവ് ജി മധുസൂദന്‍ എന്നിവരെയാണ് പുറത്താക്കിയത്.

അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, രണ്ട് മുതിര്‍ന്ന നേതാക്കള്‍ തന്നെ ഗൂപ്പ് പോരിന് ചുക്കാന്‍ പിടിക്കുന്നത് ബി.ജെ.പിക്ക് വലിയ വെല്ലുവിളി സൃഷ്ടിച്ചിട്ടുണ്ട്. ബി.എസ് യദ്യൂരപ്പയെയാണ് ബി.ജെ.പി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടാന്‍ ഒരുങ്ങുന്നത്. ഇതിനെതിരെ മുന്‍ മുഖ്യമന്ത്രി കൂടിയായ ഈശ്വരപ്പ രംഗത്തെത്തിയതാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഗ്രൂപ്പ് പോര് പാര്‍ട്ടിയെ പിളര്‍പ്പിലേക്ക് നയിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടെയാണ്, കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടല്‍.
അച്ചടക്ക ലംഘനത്തെ ഒരു നിലയിലും വെച്ചു പൊറുപ്പിക്കില്ലെന്ന ശക്തമായ സന്ദേശം ഇരു വിഭാഗങ്ങള്‍ക്കും നല്‍കാനാണ് മുതിര്‍ന്ന ഭാരവാഹികളെതന്നെ പുറത്താക്കിയതിലൂടെ കേന്ദ്ര നേതൃത്വം ലക്ഷ്യമിടുന്നത്.
ബി.ജെ.പി ദേശീയ പ്രസിഡണ്ട് അമിത് ഷാ സംസ്ഥാന ജനറല്‍ സെക്രട്ടറി മുരളീധര്‍ റാവുവിനെ നേരിട്ട് വിളിച്ചാണ് അച്ചടക്ക നടപടിക്ക് നിര്‍ദേശം നല്‍കിയതെന്നാണ് വിവരം. പ്രശ്‌ന പരിഹാരത്തിനായി നേരത്തെ ഇരു വിഭാഗവുമായി കേന്ദ്ര നേതൃത്വം ചര്‍ച്ച നടത്തിയിരുന്നു. ഇതിനു ശേഷവും പരസ്യ വെല്ലുവിളികളുമായി രണ്ടു ചേരിയും കളം നിറഞ്ഞതോടെയാണ് കടുത്ത നടപടിയിലേക്ക് കേന്ദ്ര നേതൃത്വം നീങ്ങിയത്.
ഏപ്രില്‍ 27ന് സംസ്ഥാന പ്രസിഡണ്ട് കൂടിയായ യദ്യൂരപ്പയുടെ മുന്നറിയിപ്പ് അവഗണിച്ച് കെ.എസ് ഈശ്വരപ്പയുടെ നേതൃത്വത്തില്‍ സേവ് ദ പാര്‍ട്ടി എന്ന പേരില്‍ സ്‌പെഷ്യല്‍ കണ്‍വന്‍ഷന്‍ വിളിച്ചുചേര്‍ത്തിരുന്നു. ഭാനു പ്രകാശ്, നിര്‍മല്‍കുമാര്‍ സുരാന എന്നിവര്‍ പരിപാടിയില്‍ സംബന്ധിക്കുകയും ഈശ്വരപ്പക്കൊപ്പം വേദി പങ്കിടുകയും ചെയ്തതോടെയാണ് ഭിന്നിപ്പ് രൂക്ഷമായത്. ബി.എസ് യദ്യൂരപ്പയുമായി അടുപ്പം പുലര്‍ത്തുന്നവരാണ് അച്ചടക്ക നടപടി നേരിട്ട മറ്റ് രണ്ടു നേതാക്കളായ രേണുകാചാര്യയും മധുസൂദനനും. ഈശ്വരപ്പ ക്യാമ്പിനെതിരെ പരസ്യ പ്രസ്താവനകളുമായി രംഗത്തെത്തിയതാണ് ഇവര്‍ക്കെതിരെ നടപടിയെടുക്കാന്‍ കാരണം.
ദക്ഷിണേന്ത്യയില്‍ ആദ്യമായി ബി.ജെ.പിക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവസരം ലഭിച്ച സംസ്ഥാനമാണ് കര്‍ണാടക. 2008 മുതല്‍ 2013 വരെയായിരുന്നു ബി.ജെ.പി ഭരണം. ഇതിനിടെ അഴിമതി ആരോപണങ്ങളും ഗ്രൂപ്പ് വഴക്കും കാരണം മൂന്നു മുഖ്യമന്ത്രിമാര്‍ മാറി മാറി അധികാരം ഏറ്റെടുത്തു. ഒടുവില്‍ 2013ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ദയനീയമായി പരാജയപ്പെടുകയും സിദ്ധാരാമയ്യയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തുകയുമായിരുന്നു.

chandrika: