X

പകർച്ചവ്യാധി; പനി ബാധിച്ച് ഇന്നലെ നാല് മരണം: 99 പേർക്ക് ഡങ്കിപ്പനി

സംസ്ഥാനത്ത് പനി ബാധിച്ച് ഇന്നലെ മാത്രം നാല് പേർ മരിച്ചു. ഇന്നലെ 13511 പേർ പനി ബാധിച്ച് ചികിൽസ തേടി. 99 പേർക്ക് ഡങ്കിപ്പനിയും 7 പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. 245 പേർ ഡങ്കിപ്പനിയുടെ രോ​ഗലക്ഷണങ്ങൾ കാണിച്ചതായും സ്ഥിരീകരണമുണ്ട്.

അതിനിടെ നെയ്യാറ്റിൻകരയിലെ കാരുണ്യ ഭിന്നശേഷി ഹോസ്റ്റലിലെ പത്ത് വയസുകാരന് കോളറ സ്ഥിരീകരിച്ചത് ആശങ്കയ്ക്ക് വഴിവെച്ചു. ഇതിനെ തുടർന്ന് ജാ​ഗ്രതാ മുന്നറിയിപ്പുമായി ആരോ​ഗ്യവകുപ്പ് രം​ഗത്തെത്തി. പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ ആരോഗ്യമന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്.

നിലിവിൽ കോളറ സ്ഥിരീകരിച്ച ഒരു കുട്ടിക്ക് പുറമേ രോഗലക്ഷണമുള്ള മറ്റുള്ളവരെ മെഡിക്കൽ കോളേജിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്. രോഗം സ്ഥിരീകരിച്ച പ്രദേശത്ത് പ്രതിരോധ മരുന്നുകൾ വിതരണം ചെയ്തിട്ടുണ്ട്. ആരോഗ്യവകുപ്പ് അഡീഷണൽ ഡയറക്ടർ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. രോ​ഗബാധ സ്ഥിരീകരിക്കുകയോ സംശയം തോന്നുകയോ ചെയ്താൽ അവരെ ആവശ്യമെങ്കിൽ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിക്കും.

സംസ്ഥാനത്ത് പകർച്ചവ്യാധി നിയന്ത്രണത്തിന് റാപ്പിഡ് റെസ്പോൺസ് ടീം രൂപീകരിച്ചിട്ടുണ്ട്. ഡി.എം.ഒയുടെ നേതൃത്വത്തിൽ 15 അംഗ സംഘമായാകും ടീമുകൾ പ്രവർത്തിക്കുക.

webdesk13: