കൊച്ചി: മംഗലാപുരത്ത് നിന്ന് ഹൃദയ ശസ്ത്രക്രിയക്കായി കൊച്ചിയിലെ സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ച നവജാശ ശിശുവിന്റെ ശസ്ത്രക്രിയ വിജയകരം. ഇന്ന് രാവിലെ ഒമ്പത് മണിക്ക് തുടങ്ങിയ ശസ്ത്രക്രിയ ഏഴു മണിക്കൂര്‍ നീണ്ടു. വൈകീട്ട് നാലിനാണ് ശസ്ത്രക്രിയ നടപടികള്‍ അവസാനിച്ചത്. കാര്‍ഡിയോ പള്‍മണറി ബൈപ്പാസ് വഴിയായിരുന്നു ശസ്ത്രക്രിയ. ഇതോടെ കുട്ടിയുടെ ഹൃദയ വാല്‍വിലുണ്ടായ തകരാറുകള്‍ പരിഹരിച്ചു. ഹൃദയത്തിന്റെ ദ്വാരം അട്ക്കുകയും ചെയ്തു. മഹാധമനിയിലുണ്ടായ കേടുപാടുകളും ശരിയാക്കിയിട്ടുണ്ട്. കുട്ടി ഇപ്പോള്‍ ആരോഗ്യവാനാണെന്നും അടുത്ത 48 മണിക്കൂര്‍ നിര്‍ണായകമായിരിക്കുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. രണ്ടു ദിവസം കുട്ടി ഐ.സി.യുവില്‍ വിദ്ഗധ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലായിരിക്കും.
ചൊവ്വാഴ്ച്ചയാണ് ഹൃദയവാല്‍വിലുണ്ടായ തകരാറിനെ തുടര്‍ന്ന് കാസര്‍കോട് സ്വദേശികളായ ദമ്പതികളുടെ 17 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ ഹൃദയ ശസ്ത്രക്രിയക്കായി മംഗലാപുരത്ത് നിന്ന് കൊച്ചിയിലെ സ്വകാര്യ ആസ്പത്രിയിലെത്തിച്ചത്. ജനിച്ചപ്പോള്‍ മുതല്‍ ഹൃദയത്തിന് തകരാറുണ്ടായിരുന്ന കുഞ്ഞ് 12 ദിവസം മെക്കാനിക്കല്‍ വെന്റിലേറ്റര്‍ പിന്തുണയോടു കൂടിയാണ് കുട്ടി മംഗലാപുരത്തെ ആസ്പത്രിയില്‍ കഴിഞ്ഞിരുന്നത്. ഇതേ തുടര്‍ന്ന് കുട്ടി അത്യാസന്ന നിലയിലായിരുന്നു. ഹൃദയ തകരാറിന് പുറമെ ഭാവിയില്‍ കുഞ്ഞിന്റെ ആരോഗ്യത്തെ ബാധിക്കുന്ന തരത്തിലുള്ള മറ്റു വൈകല്യങ്ങളും പരിശോധനയില്‍ കണ്ടെത്തിയതായി കഴിഞ്ഞ ദിവസം ആസ്പത്രി അധികൃതര്‍ അറിയിച്ചിരുന്നു.