X

അട്ടപ്പാടിയില്‍ ശിശുമരണം; മന്ത്രിയുടെ നാടകം ഫലംകണ്ടില്ല, ഈ വര്‍ഷം മാത്രം 15 ഓളം മരണം

മുഹമ്മദലി പാക്കുളം
പാലക്കാട്

അട്ടപ്പാടിയില്‍ ആരോഗ്യമന്ത്രി വീണാജോര്‍ജ്ജിന്റെ നാടകമൊന്നും ഫലംകണ്ടില്ല, ശിശുമരണങ്ങള്‍ വീണ്ടും തുടര്‍ക്കഥയാകുന്നു. ഈ വര്‍ഷം മാത്രം 15 ഓളം കുഞ്ഞുങ്ങളാണ് പോഷകാഹാരക്കുറവുകാരണം മരണത്തിന് കീഴടങ്ങിയത്. ഇന്നലെ പുതൂര്‍ സ്വര്‍ണഗദ്ദ ഊരിലെ ശാന്തി-ഷണ്‍മുഖം ദമ്പതികളുടെ മൂന്നുദിവസം പ്രായമുള്ള ആണ്‍കുഞ്ഞാണ് കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. കഴിഞ്ഞയാഴ്ച മുക്കാലി ആനവായ് ഊരിലെ സുന്ദരന്‍-സരോജിനി ദമ്പതികളുടെ കുഞ്ഞും പ്രസവത്തെ തുടര്‍ന്ന് മരിച്ചിരുന്നു. സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതികളൊന്നും നടപ്പാകാത്തതാണ് മരണങ്ങള്‍ വര്‍ധിക്കാന്‍ കാരണമായത്.

കഴിഞ്ഞവര്‍ഷം മരണനിരക്ക് ഗണ്യമായപ്പോള്‍ സര്‍ക്കാരിനെതിരെ പ്രതികരിച്ച നോഡല്‍ ഓഫീസര്‍ ഡോ.പ്രഭുദാസിനെ മന്ത്രി ഇടപെട്ട് സ്ഥലംമാറ്റിയിരുന്നു. അട്ടപ്പാടിയിലെ ഗുരുതരാവസ്ഥ ചൂണ്ടിക്കാണിച്ച് കൂടുതല്‍ ഫണ്ട് വേണമെന്ന് കത്ത് പുറത്തായതും സര്‍ക്കാരിന്റെ വീഴ്ചയും തുറന്നു പറഞ്ഞതോടെയാണ് ആദിവാസികളുടെ ജനകീയ ഡോക്ടറെ സ്ഥലം മാറ്റിയത്. യോഗമുണ്ടെന്ന് ഉദ്യോഗസ്ഥനെ തെറ്റിദ്ധരിപ്പിച്ച്് തിരുവനന്തപുരത്തേക്ക്് വിളിച്ചുവരുത്തി അട്ടപ്പാടിയില്‍ നാടകീയമായി മന്ത്രി സന്ദര്‍ശനം നടത്തിയിരുന്നു. പിന്നീട് ഡോക്ടര്‍ അഴിമതിനടത്തിയെന്നാരോപിച്ച് മന്ത്രി തന്നെ നേരിട്ട് അന്വേഷണത്തിനും ഉത്തരവിട്ടു. എന്നാല്‍ ഇതുവരെയും തെളിവുകളൊന്നും കണ്ടെത്താനായില്ല. പിന്നീടത് എല്‍.ഡി.എഫിലെ തന്നെ ഗ്രൂപ്പുവഴക്കിന് കാരണമായി.

ആദിവാസികളുടെ ഉന്നമനത്തിനായി 2016ന് ശേഷം അട്ടപ്പാടിക്കായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍വഴി ചിലവഴിച്ചത് 150 കോടി രൂപയാണ്. ആറുവര്‍ഷത്തിനിടെ മില്ലറ്റു ഗ്രാമം പദ്ധതിയുള്‍പ്പടെ 28 പദ്ധതികള്‍ പ്രഖ്യാപിച്ചെങ്കിലും ഒന്നുപോലും പൂര്‍ത്തിയാക്കാനായില്ല. ഇതിന് പുറമെ 2013 ല്‍ ശിശുമരണങ്ങള്‍ പെരുകിയപ്പോള്‍ യു.ഡി.എഫ് നടപ്പാക്കിയ പദ്ധതികളെല്ലാം സര്‍ക്കാര്‍ അട്ടിമറിച്ചു. വകുപ്പുകളുടെ ഏകോപനത്തിനായി പ്രവര്‍ത്തിച്ചിരുന്ന ഐ.എ.എസ് റാങ്കുള്ള നോഡല്‍ ഓഫീസറെ മാറ്റി. പദ്ധതികളുടെ പുരോഗതി വിലയിരുന്നതിനായി രൂപീകരിച്ച മോണിറ്ററിങ് കമ്മിറ്റി പിരിച്ചുവിട്ടു.

ഊരുകളിലെ ഗര്‍ഭിണികള്‍ക്ക് മൂന്നുമാസം മുതല്‍ 18 മാസം നല്‍കിയിരുന്ന 2000 രൂപയുടെ ജനനി ജന്മരക്ഷാ പദ്ധതി ഇല്ലാതാക്കി. 194 ഊരുകളിലായി നടപ്പാക്കിയ സാമൂഹ്യ അടുക്കളകള്‍ അടച്ചുപൂട്ടി. അഗളിയിലെ റിഹാബിലിറ്റേഷന്‍ സെന്ററും പ്രവര്‍ത്തനരഹിതമായി. പദ്ധതികളുടെ നടത്തിപ്പ് ആദിവാസികളെ ഏല്‍പ്പിക്കണമെന്ന ആവശ്യം പരിഗണിച്ചില്ല. പോഷകാഹാരക്കുറവ് പരിഹരിക്കാനായി നടപ്പാക്കിയ മില്ലറ്റു ഗ്രാമം പദ്ധതിക്കുവേണ്ടി ഏറ്റെടുത്ത 2000 ഏക്കര്‍ ഭൂമിയിപ്പോഴും തരിശായി കിടക്കുകയാണ്. സര്‍ക്കാരിന്റെ ഇത്തരം പിടിപ്പുകേടാണിപ്പോള്‍ ശിശുമരണങ്ങള്‍ പെരുകാന്‍ കാരണമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

കൂടാതെ ആദിവാസികള്‍ക്കായുള്ള കോട്ടത്തറ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ട്രൈബല്‍ ആശുപത്രിയെ സര്‍ക്കാര്‍ നോക്കുകുത്തിയാക്കി. സി.പി.എം നിയന്ത്രണത്തിലുള്ള പെരിന്തല്‍മണ്ണ സഹകരണ ആശുപത്രിയെ സഹായിക്കാനായി രോഗികളെ റഫര്‍ ചെയ്ത് 15ഓളം കോടി രൂപ അതിനായി ചിലവഴിച്ചു. മാസങ്ങള്‍ക്ക് മുമ്പ് ആശുപത്രിയിലെ കറന്റ്ബില്ലടക്കാത്തതിനാല്‍ ഫ്യൂസ് ഊരിയ സാഹചര്യം വരെയുണ്ടായി. നിലവില്‍ 55 ബെഡുള്ള ആശുപത്രിയില്‍ 100 ആക്കി ഉയര്‍ത്തിയെങ്കിലും അതിനുള്ള ജീവനക്കാരെയും നിയമിച്ചില്ല. ഇക്കാര്യം നിയമസഭയെ ബോധ്യപ്പെടുത്തിയ എന്‍.ഷംസുദ്ദീന്‍ എം.എല്‍.എയെ അധിക്ഷേപിക്കുന്ന നിലപാടാണ് മന്ത്രി സ്വീകരിച്ചത്.

Test User: