സിംഗപ്പൂര്‍: കുഞ്ഞിനെ തനിയെ കിടത്തി പരിശീലിപ്പിക്കാന്‍ ശ്രമിച്ച ദമ്പതികളുടെ ശ്രമം പാളിയതിനെ തുടര്‍ന്ന് പിഞ്ചു കുഞ്ഞ് ശ്വാസംമുട്ടി മരിച്ചു. സിംഗപ്പൂരിലാണ് സംഭവം. തനിയെ കിടത്തിയ ഏഴുമാസം പ്രായമുള്ള പെണ്‍കുഞ്ഞ് പുതപ്പിനും കിടക്കയിലും ഇടയില്‍ ശ്വാസം മുട്ടിയാണ് മരിച്ചത്. രാത്രി മുലപ്പാല്‍ കൊടുത്ത് കിടത്തിയ പെണ്‍കുഞ്ഞ് രാവിലെ ചലനമറ്റ നിലയില്‍ കണ്ട് സംശയം തോന്നിയ രക്ഷിതാക്കള്‍ ആശുപത്രിയില്‍ വിവരമറിയിക്കുകയായിരുന്നു.
കുഞ്ഞിനെ പുതപ്പിച്ച ശേഷമായിരുന്നു രക്ഷിതാക്കള്‍ അവരുടെ മുറിയിലേക്ക് പോയത്. എന്നാല്‍ കുഞ്ഞ് കിടക്കയില്‍ ഉരുണ്ടപ്പോള്‍ പുതപ്പില്‍ കുടുങ്ങി ശ്വാസം മുട്ടി മരിച്ചതാവാമെന്ന് കോടതിയില്‍ ഹാജരാക്കിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കുട്ടികളെ മാറ്റിക്കിടത്തുമ്പോള്‍ മറ്റ് മുറിയിലേക്ക് മാറ്റിക്കിടത്താതെ രക്ഷിതാക്കള്‍ക്ക് ശ്രദ്ധയെത്തുന്ന ഇടത്ത് കിടത്തുന്നതാണ് നല്ലതെന്ന് കോടതി ചൂണ്ടിക്കാണിച്ചു. ആകസ്മികമായുള്ള ശ്വാസം മുട്ടി മരണമായാണ് കോടതി കേസിനെ വിലയിരുത്തിയത്. ഒക്ടോബര്‍ നാലിന് മാതാപിതാക്കളെ കോടതിയില്‍ ഹാജരാക്കി.
മനപൂര്‍വ്വമല്ലാത്ത സാഹസിക നടപടിയെന്നാണ് കോടതി മാതാപിതാക്കളുടെ നടപടിയെ വിലയിരുത്തിയത്. കിടക്കയില്‍ നിന്ന് തനിയെ താഴെ ഇറങ്ങാന്‍ സാധിക്കില്ലെങ്കിലും ഏഴുമാസം പ്രായമുള്ള കുഞ്ഞിന് കിടക്കയില്‍ ഉരുളാന്‍ സാധിക്കുമെന്നത് മാതാപിതാക്കള്‍ ശ്രദ്ധിക്കണമായിരുന്നുവെന്ന് കോടതി വിലയിരുത്തി. ഈ വര്‍ഷം ആദ്യം സമാനമായ മറ്റൊരു സംഭവത്തില്‍ ഒരു കുഞ്ഞ് കിടക്കയ്ക്കും ഭിത്തിക്കും ഇടയില്‍ കുടുങ്ങി മരിച്ചിരുന്നു. പിഞ്ചുകുട്ടികളെ മാറ്റിക്കിടത്തുമ്പോള്‍ ഏറെ ശ്രദ്ധിക്കണമെന്ന നിര്‍ദേശം ഈ കേസില്‍ കോടതി മാതാപിതാക്കള്‍ക്ക് നല്‍കിയിരുന്നു.