പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ രാജി പ്രഖ്യാപനം കേട്ട് ബ്രിട്ടീഷ് ജനത ഏറെയൊന്നും ഞെട്ടിയിരിക്കില്ല. എന്തുകൊണ്ട് ഇത്രയും വൈകിയെന്നായിരിക്കും അവര്‍ ആലോചിക്കുന്നത്. ഏറെക്കാലം മുമ്പ്തന്നെ അദ്ദേഹം ജനഹൃദയത്തില്‍നിന്ന് പടിയിറങ്ങിയിരുന്നു. ഇപ്പോള്‍ ഔദ്യോഗികമായും അത് സംഭവിച്ചുവെന്ന് മാത്രം. യൂറോപ്യന്‍ യൂണിയനില്‍നിന്ന് ബ്രിട്ടനെ പുറത്തുകൊണ്ടുവരാന്‍ കാര്‍മികത്വം വഹിച്ച പ്രധാനമന്ത്രിയെന്ന നിലയില്‍ ബോറിസിന്റെ പാതകള്‍ മുള്ളുനിറഞ്ഞതായിരുന്നു. ലോകം മുഴുവന്‍ കോവിഡില്‍ പനിച്ചു കിടക്കുമ്പോള്‍ ബ്രിട്ടന്റെ സ്ഥിതിയും വ്യത്യസ്തമായിരുന്നില്ല. പുറത്തിറങ്ങാന്‍ സാധിക്കാതെ ജനങ്ങള്‍ക്ക് മാസങ്ങളോളം വീട്ടില്‍ തങ്ങേണ്ടിവന്നു. സാമൂഹിക സമ്പര്‍ക്കം തടയുന്നതിന്റെ ഭാഗമായി ബന്ധുക്കളുടെ മരണ വീടുകള്‍ സന്ദര്‍ശിക്കാന്‍ പോലും അവര്‍ക്ക് അനുമതിയുണ്ടായിരുന്നില്ല. ബ്രിട്ടീഷ് ജനത ഒന്നടങ്കം വീടുകളില്‍ വീര്‍പ്പുമുട്ടി കഴിയുമ്പോള്‍ ബോറിസ് ജോണ്‍സന്‍ ഡോണിങ് സ്ട്രീറ്റിലെ പൂന്തോട്ടത്തില്‍ ജീവനക്കാര്‍ക്ക് മദ്യം വിളുമ്പുകയായിരുന്നു. പ്രധാനമന്ത്രി പരസ്യമായി നിയമലംഘനം നടത്തിയ വാര്‍ത്ത ബ്രിട്ടീഷ് ഭരണകൂടത്തിനും ഭരണകക്ഷിയായ ടോറികള്‍ക്കും വലിയ തിരിച്ചടിയായി. മാധ്യമങ്ങള്‍ വിവാദം ഏറ്റെടുത്തതോടെ ബോറിസില്‍ രാജ്യത്തിനുള്ള വിശ്വാസം നഷ്ടപ്പെട്ടു. പ്രധാനമന്ത്രി രാജിവെക്കണമെന്ന് മുറവിളി ഉയര്‍ന്നെങ്കിലും കോവിഡ് കാലത്ത് ബോറിസിന്റെ സഹമന്ത്രിമാര്‍ കാഴ്ചവെച്ച തിളക്കമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ ഓര്‍ത്താണ് ജനങ്ങള്‍ അല്‍പമെങ്കിലും അടങ്ങിയത്. കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് 2020 ജൂണില്‍ ഔദ്യോഗിക ഓഫീസില്‍ ഭാര്യയോടൊപ്പം കേക്ക് മുറിച്ച് ജന്മദിനം ആഘോഷിച്ചതിന് അദ്ദേഹം പിഴയടച്ച് തടിയൂരുകയായിരുന്നു. പ്രധാനമന്ത്രി രാജ്യത്തെ കബളിപ്പിക്കുകയാണെന്ന് ബോധ്യപ്പെടുത്തുന്ന വേറെയും വാര്‍ത്തകള്‍ പുറത്തുവന്നു. ലോക്ഡൗണ്‍ കാലത്ത് നടന്ന 12 പാര്‍ട്ടികളില്‍ ആറെണ്ണത്തിലും ബോറിസ് ജോണ്‍സന്‍ പങ്കെടുത്തിരുന്നുവെന്നാണ് സണ്‍ഡേ ടൈംസ് റിപ്പോര്‍ട്ട് ചെയ്തത്. 2020 നവംബറില്‍ കമ്യൂണിക്കേഷന്‍സ് ഡയറക്ടറുടെ യാത്രയയപ്പിന് പാര്‍ട്ടി നടത്തിയ പ്രധാനമന്ത്രിയുടെ തന്നെ പ്രത്യേക ഉത്തരവു പ്രകാരമാണെന്നാണ് വിവരം. പരസ്യമായി നിയമലംഘനങ്ങള്‍ നടത്തിയിട്ടും അദ്ദേഹത്തിന് അധികാരത്തില്‍ കടിച്ചുതൂങ്ങാന്‍ സാധിച്ചത് ജനങ്ങളുടെ ദയ കൊണ്ട് മാത്രമായിരുന്നു.
മന്ത്രിസഭയില്‍ തന്റെ വിശ്വസ്തരായ ആളുകള്‍ തന്നെ കലാപക്കൊടി ഉയര്‍ത്തിയതാണ് ബോറിസിന്റെ രാജിയിലേക്ക് നയിച്ചത്. അതും മിടുക്കരായ രണ്ടുപേരുടെ രാജി ഉണ്ടാക്കിയ കൊടുങ്കാറ്റില്‍ സര്‍ക്കാര്‍ കുലുങ്ങി. ലൈംഗികാരോപണ വിധേയനായ ക്രിസ് പിഞ്ചറിനെ ഡെപ്യൂട്ടി ചീഫ് വിപ്പായി നിയമിച്ചതാണ് മന്ത്രിസഭാംഗങ്ങളെ രോഷാകുലരാക്കിയത്. ധാര്‍മികത കാത്തുസൂക്ഷിക്കുന്നതില്‍ പ്രധാനമന്ത്രി നിരന്തരം പരാജയപ്പെടുമ്പോള്‍ നേതാക്കള്‍ക്ക് കണ്ടുനില്‍ക്കാനായില്ല. ഇന്ത്യന്‍ വംശജനായ ധനമന്ത്രി ഋഷി സുനകിന്റെയും ആരോഗ്യ മന്ത്രിയായ പാക് വംശജന്‍ സാജിദ് ജാവിദിന്റെയും അപ്രതീക്ഷിത രാജി പ്രഖ്യാപനം പാര്‍ട്ടിയിലെ വിമതര്‍ക്ക് കരുത്തുപകര്‍ന്നു. സുകിന് പകരം മറ്റൊരു ഏഷ്യക്കാരനായ നദീം സഹാവിയെ ധനമന്ത്രിയായി നിയമിച്ചെങ്കിലും അദ്ദേഹവും കൂറുമാറിയതോടെ ഡോണിങ് സ്ട്രീറ്റില്‍നിന്ന് പുറത്തേക്കുള്ള വാതില്‍ തുറക്കുകയായിരുന്നു. മുന്‍ മന്ത്രിസഭകളില്‍ പ്രധാന പദവികള്‍ വഹിച്ചിരുന്ന നേതാക്കളെ മാറ്റിനിര്‍ത്തിയാണ് ഏഷ്യന്‍ യുവാക്കളെ ഉള്‍പ്പെടുത്തി ബോറിസ് ജോണ്‍സന്‍ മന്ത്രിസഭയുണ്ടാക്കിയത്. ധനമന്ത്രിയെന്ന നിലയില്‍ ഋഷി സുനകി മികച്ച പ്രകടനം കാഴ്ചവെച്ചു. കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്നുള്ള സാമ്പത്തിക തകര്‍ച്ചയില്‍നിന്ന് രാജ്യത്തെ രക്ഷിക്കാന്‍ അദ്ദേഹം നടത്തിയ പ്രകടനം രാജ്യത്തിന്റെ മുഴുവന്‍ പ്രശംസയും പിടിച്ചുപറ്റി.
യുക്രെയ്ന്‍ യുദ്ധവും അനുബന്ധ പ്രശ്‌നങ്ങളും രാജ്യത്തെ വേട്ടയാടിക്കൊണ്ടിരിക്കെയാണ് ബ്രിട്ടന് ഭരണത്തലവനെ നഷ്ടപ്പെട്ടിരിക്കുന്നത്. ഇനിയും ബോറിസിനെ താങ്ങുന്നതില്‍ അര്‍ഥമില്ലെന്ന് ബോധ്യമായതോടെ പാര്‍ട്ടി അദ്ദേഹത്തെ കൈവിടുകയായിരുന്നു. ബ്രിട്ടനില്‍ ബോറിസ് പോയാലും ടോറികള്‍ക്ക് അധികാരം നഷ്ടപ്പെടില്ല. അത്രയേറെ ഭൂരിപക്ഷം അവര്‍ക്കുണ്ട്. പുതിയ പ്രധാനമന്ത്രി ആരായാലും ബ്രിട്ടന്റെയും ഭരണകക്ഷിയുടെയും ഭാവിയെ ഏറെ സ്വാധീനിക്കുമെന്ന് ഉറപ്പാണ്. പ്രതിസന്ധിയുടെ വാള്‍ത്തലയിലൂടെ കടന്നുപോകുന്ന രാജ്യത്തെ രക്ഷിക്കാന്‍ ആരെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഇനിയുള്ള നാളുകളില്‍ ലോകം കാത്തിരിക്കുന്നത്.