മെല്‍ബണ്‍: ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയ്ക്ക് സെഞ്ചുറി. രഹാനെയുടെ മികച്ച ഇന്നിംഗ്‌സിന്റെ പിന്‍ബലത്തില്‍ ഇന്ത്യ ഓസീസിനെതിരെ ഒന്നാം ഇന്നിങ്‌സ് ലീഡും നേടി. ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് ലീഡ് 70 പിന്നിട്ടു.
രണ്ടാം ദിനം ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, ഹനുമ വിഹാരി, ഋഷഭ് പന്ത് എന്നിവരുടെ വിക്കറ്റുകള്‍ ഇന്ത്യയ്ക്ക് നഷ്ടമായി. രണ്ടാം ദിനം ഒരു വിക്കറ്റ് നഷ്ടത്തില്‍ 36 റണ്‍സെന്ന നിലയില്‍ ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്കായി ഗില്‍ മികച്ച പ്രകടനം പുറത്തെടുത്തു. 65 പന്തുകള്‍ നേരിട്ട ഗില്‍ എട്ടു ബൗണ്ടറികളടക്കം 45 റണ്‍സെടുത്താണ് മടങ്ങിയത്. രണ്ടാം വിക്കറ്റില്‍ ഗില്‍ പൂജാര സഖ്യം 61 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. പിന്നീട് 17 റണ്‍സെടുത്ത പുജാരയും മടങ്ങി.
തുടര്‍ന്ന് ക്രീസില്‍ ഒന്നിച്ച അജിങ്ക്യ രഹാനെ- ഹനുമ വിഹാരി സഖ്യം നിലയുറപ്പിച്ച് കളിച്ചു. കൂട്ടുകെട്ട് അര്‍ധ സെഞ്ചുറി പിന്നിട്ടതിനു പിന്നാലെ വിഹാരിയെ നഥാന്‍ ലിയോണ്‍ മടക്കി. 66 പന്തില്‍ നിന്ന് 21 റണ്‍സെടുത്താണ് വിഹാരി മടങ്ങിയത്.
രഹാനെയ്‌ക്കൊപ്പം തകര്‍ത്തടിച്ച ഋഷഭ് പന്ത് 40 പന്തില്‍ നിന്ന് 29 റണ്‍സെടുത്ത് പുറത്തായി. 57 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് ഈ സഖ്യം പിരിഞ്ഞത്. അഞ്ചാം വിക്കറ്റില്‍ ഒന്നിച്ച രഹാനെ രവീന്ദ്ര ജഡേജ സഖ്യമാണ് ഇന്ത്യന്‍ സ്‌കോര്‍ 250 കടത്തിയത്. ഇരുവരും പുറത്താകാതെ ക്രീസിലുണ്ട്.
നേരത്തെ ആദ്യ ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയ 195 റണ്‍സിന് പുറത്തായിരുന്നു. 48 റണ്‍സെടുന്ന മാര്‍നസ് ലബുഷെയ്‌നാണ് അവരുടെ ടോപ് സ്‌കോറര്‍. ഇന്ത്യയ്ക്കായി ജസ്പ്രീത് ബുംറ നാലു വിക്കറ്റ് വീഴ്ത്തി. ആര്‍. അശ്വിന്‍ മൂന്ന് വിക്കറ്റും അരങ്ങേറ്റക്കാരന്‍ മുഹമ്മദ് സിറാജ് രണ്ടു വിക്കറ്റും നേടി.