X

മെയ്ക്ക് ഇന്‍ ഇന്ത്യ വെറും പൊള്ളയാണ്; ജിഡിപിയിലെ വ്യവസായ ഓഹരി 20 വര്‍ഷത്തെ താഴ്ന്ന നിരക്കില്‍

ന്യൂഡല്‍ഹി: 2019ല്‍ രാജ്യത്തിന്റെ ആഭ്യന്തര വളര്‍ച്ചയില്‍ (ജിഡിപി) വ്യവസായ മേഖലയുടെ ഓഹരി 20 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കിലെന്ന് ഏഷ്യന്‍ ഡവലപ്‌മെന്റ് ബാങ്കിന്റെയും അന്താരാഷ്ട്ര നാണയ നിധിയുടെയും കണക്കുകള്‍. 27.5 ശതമാനം മാത്രമാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം വ്യവസായ മേഖലയില്‍ നിന്നുണ്ടായത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി കടലാസില്‍ മാത്രമേ ഉള്ളൂ എന്ന് തെളിയിക്കുന്നതാണ് കണക്കുകള്‍.

വ്യവസായ മേഖലയില്‍ ഏഷ്യയില്‍ തന്നെ ഏറ്റവും മോശം പ്രകടനം കാഴ്ച വച്ച നാലാമത്തെ രാഷ്ട്രമാണ് ഇന്ത്യ. മ്യാന്മാര്‍, നേപ്പാള്‍, പാകിസ്താന്‍ രാഷ്ട്രങ്ങളാണ് ഇന്ത്യയ്ക്ക് പിന്നിലുള്ളത്. അഞ്ചു വര്‍ഷത്തിനിടെ ജിഡിപിയിലെ വ്യവസായ-ഉത്പാദന ഓഹരി 250 ബേസിസ് പോയിന്റാണ് കുറഞ്ഞത്. മൂന്നു വര്‍ഷം മുമ്പ് വ്യവസായ സെക്ടറിന്റെ ഓഹരി 29.3 ശതമാനമായിരുന്നു. 2014ല്‍ മുപ്പത് ശതമാനവും. ഏഷ്യയില്‍ ഉടനീളം രാജ്യങ്ങളുടെ ജിഡിപിയില്‍ വ്യവസായ മേഖലുടെ പങ്ക് ശരാശരി 30.8 ശതമാനമാണ്.

ദക്ഷിണേഷ്യയില്‍ ബംഗ്ലാദേശും ശ്രീലങ്കയും ഇന്ത്യയേക്കാള്‍ മികച്ച പ്രകടനമാണ് കാഴ്ച വച്ചിട്ടുള്ളത് എന്ന് ഏഷ്യന്‍ ഡവല്പ്‌മെന്റ് ബാങ്കിന്റെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. 2019 വര്‍ഷത്തില്‍ ബംഗ്ലാദേശ് ജിഡിപിയുടെ 31.2 ശതമാനമാണ് വ്യവസായ മേഖലയില്‍ നിന്നുള്ളത്. തൊട്ടു മുമ്പിലുള്ള അഞ്ചു വര്‍ഷത്തേക്കാള്‍ 350 ബേസിസ് പോയിന്റ് കൂടുതല്‍. വിയറ്റ്‌നാമില്‍ ഇത് 38.3 ശതമാനമാണ്. 140 ബേസിസ് പോയിന്റിന്റെ വളര്‍ച്ച.

വന്‍ശക്തിയായ ചൈനയുടെ വ്യവസായ ഓഹരി 39.2 ശതമാനമാണ്. ചൈനയില്‍ 410 ബേസിസ് പോയിന്റിന്റെ കുറവാണ് രേഖപ്പെടുത്തിയത്. അഞ്ചു വര്‍ഷത്തിനിടെ ഏഷ്യയില്‍ ഉടനീളം ശരാശരി 20 ബേസിസ് പോയിന്റിന്റെ കുറവാണ് ഇക്കാര്യത്തില്‍ ഉണ്ടായത്.

കഴിഞ്ഞ മൂന്നു വര്‍ഷമായി ഇന്ത്യയുടെ വ്യവസായ ഉല്‍പ്പാദനം-നിര്‍മാണം, ഖനനം, മാനുഫാക്ചറിങ്, വൈദ്യുതി- 17 ശതമാനം മാത്രമാണ് വര്‍ധിച്ചത്. എന്നാല്‍ ഇതേ വേളയില്‍ ബംഗ്ലാദേശിന്റെ വ്യാവസായിക ഉല്‍പാദനം 48 ശതമാനവും വിയറ്റ്‌നാമിന്റേത് 29 ശതമാനവും വര്‍ധിച്ചു. 29 ശതമാനമാണ് ചൈനയുടെ വളര്‍ച്ച.

നേരത്തെ പ്രതിവര്‍ഷം വ്യാവസായി ഉല്‍പ്പാദന സൂചിക (ഇന്‍ഡക്‌സ് ഓഫ് ഇന്‍ഡസ്ട്രിയല്‍ പ്രൊഡക്ഷന്‍-ഐഐപി) 8-9 ശതമാനം വരെ വളര്‍ന്നിരുന്നു. ഇപ്പോള്‍ മൂന്ന് ശതമാനത്തിന് മേലെ വളര്‍ന്നാല്‍ വലിയ കാര്യമായി. 2014ന് ശേഷം ഐഐപി നാലു ശതമാനത്തിന് മുകളില്‍ വളര്‍ന്നിട്ടില്ല’ –

മദന്‍ സബ്‌നാവിസ്
ധനകാര്യ സ്ഥാപനമായ കെയര്‍ റേറ്റിങ്‌സിലെ സാമ്പത്തിക ശാസ്ത്രജ്ഞന്‍

കൂടുതല്‍ തൊഴില്‍ അവസരങ്ങളും ജീവിത നിലവാരവും മെച്ചപ്പെടുത്താന്‍ വ്യവസായിക ഉല്‍പ്പാദനം വര്‍ധിക്കേണ്ടതുണ്ടെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

Test User: