X

‘സിനിമയുടെ ക്ലൈമാക്‌സ് രംഗങ്ങളില്‍ നിന്ന് പലരും ഒഴിവാക്കുമായിരുന്നു’; തുറന്നുപറഞ്ഞ് ഇന്ദ്രന്‍സ്

മലയാളസിനിമയുടെ ചിരിയുടെ രൂപമായിരുന്നു ഒരു കാലത്ത് നടന്‍ ഇന്ദ്രന്‍സ്. ഒട്ടേറെ വേഷങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച നടന്‍. സുരേന്ദ്രന്‍ എന്ന തയ്യല്‍ക്കാരനില്‍ നിന്നും ഇന്ദ്രന്‍സ് എന്ന നടനിലേക്കെത്തിയപ്പോള്‍ സിനിമാമേഖലയില്‍ ഉണ്ടായ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് ഇന്ദ്രന്‍സ്. പല സിനിമകളുടേയും ക്ലൈമാക്‌സ് രംഗങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്തിയതിനെക്കുറിച്ച് ഒരു പ്രമുഖ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഇന്ദ്രന്‍സ് പറയുന്നു.

സിനിമയുടെ ക്ലൈമാക്‌സ് രംഗങ്ങളില്‍ നിന്നും പലപ്പോഴും ഒഴിവാക്കാറുണ്ടായിരുന്നു. പ്രത്യേകിച്ച് ഗൗരവമുള്ള സിനിമകളില്‍ നിന്ന്. ഇന്ദ്രന്‍സ് ഇതില്‍ നില്‍ക്കേണ്ട, ചുമ്മാ നിന്നാല്‍ മതി പുള്ളി ചിരിക്കും. അതുകൊണ്ട് ചിത്രത്തിന്റെ സീരിയസ്‌നെസ് പോകുമെന്നൊക്കെ സംവിധായകര്‍ പറയാറുണ്ടായിരുന്നു. അപ്പോഴൊക്കെ വിഷമം തോന്നിയിട്ടുണ്ടെന്നും ഇന്ദ്രന്‍സ് പറയുന്നു. സിനിമയില്‍ രൂപം മാറ്റണമെന്നൊന്നും ആദ്യഘട്ടങ്ങളില്‍ തോന്നിയിരുന്നില്ല. എന്നാല്‍ ക്ലൈമാക്‌സ് രംഗങ്ങളില്‍ നിന്നൊക്കെ മാറ്റി നിര്‍ത്തപ്പെടുമ്പോള്‍ രൂപം മാറ്റണമെന്നൊക്കെ പിന്നീട് തോന്നിയിട്ടുണ്ടെന്നും ഇന്ദ്രന്‍സ് വെളിപ്പെടുത്തുന്നു.

ആദ്യസമയത്ത് നല്ല സംവിധായകന്‍മാര്‍ക്കൊപ്പം പ്രവര്‍ത്തിക്കുമ്പോള്‍ അധികം പണിയൊന്നുമുണ്ടായിരുന്നില്ല. അവര്‍ക്ക് വശംവദനായി കൊടുത്താലും നല്ല നല്ല ക്യാരക്ടറുകള്‍ ചെയ്തുപോകുകയായിരുന്നു. അതൊക്കെ എനിക്കും ആസ്വദിച്ചു ചിരിക്കാനൊക്കെയുണ്ടായിരുന്നുവെന്നും അതുകൊണ്ട് രൂപത്തെക്കുറിച്ചൊന്നും കൂടുതല്‍ ശ്രദ്ധിക്കാന്‍ പറ്റിയില്ലെന്നും താരം പറയുന്നു.

chandrika: