മുംബൈ: ഷീന ബോറ വധകേസിലെ മുഖ്യപ്രതി ഇന്ദ്രാണി മുഖര്‍ജി വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. സ്റ്റാര്‍ ഇന്ത്യ മുന്‍ സിഇഒ പീറ്റര്‍ മുഖര്‍ജിയുമൊത്തുള്ള ജീവിതം അസഹനീയമാണെന്നും മാറ്റം ആവശ്യമായതുകൊണ്ടാണ് വിവാഹം മോചനം തേടുന്നതെന്നും അഡീഷണല്‍ സെഷന്‍സ് ജഡ്ജി എച്ച്.എസ് മഹാജന്‍ മുമ്പാകെ ഇന്ദ്രാണി പറഞ്ഞു. എന്നാല്‍ വിചാരണ കോടതിയില്‍ നിന്ന് ഇത്തരമൊരു കാര്യത്തില്‍ അനുമതി തേടേണ്ട ആവശ്യമില്ലെന്ന് ജസ്റ്റിസ് മഹാജന്‍ വ്യക്തമാക്കി. ഷീന ബോറ വധക്കേസുമായി ബന്ധപ്പെട്ട് ഇന്ദ്രാണി, ഭര്‍ത്താവ് പീറ്റര്‍ മുഖര്‍ജി, മുന്‍ ഭര്‍ത്താവ് സഞ്ജീവ് ഖന്ന എന്നിവര്‍ക്കെതിരെ ഇന്നലെ പ്രത്യേക സിബിഐ കോടതി കൊലക്കുറ്റം ചുമത്തിയിരുന്നു. ഷീന കൊല്ലപ്പെട്ടതു മുതല്‍ ഇന്ദ്രാണിയും പീറ്ററും തമ്മിലുള്ള ബന്ധം വഷളായിരുന്നു. കൊലപാതകത്തിന്റെ ഉത്തരവാദിത്തം പരസ്പരം പഴിചാരി ഇരുവരും രംഗത്തുവന്നിരുന്നു.
2002ലാണ് പീറ്ററും ഇന്ദ്രാണിയും തമ്മിലുള്ള വിവാഹം നടന്നത്. ആദ്യ ഭര്‍ത്താവ് സഞ്ജീവ് ഖന്നയിലുള്ള മകള്‍ വിധി ഇന്ദ്രാണിക്കും പീറ്ററിനുമൊപ്പമാണ് കഴിഞ്ഞിരുന്നത്. കൊല്ലപ്പെട്ട ഷീന ബോറയും സഹോദരന്‍ മിഖേല്‍ ബോറയും, സിദ്ധാര്‍ത്ഥ് ദാസുമായുള്ള ലിവിങ് ടുഗേതര്‍ ബന്ധത്തിലുള്ള ഇന്ദ്രാണിയുടെ മക്കളാണ്. അതേസമയം മിഖേല്‍ ബോറയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഇന്ദ്രാണിക്കും സഞ്ജീവിനുമെതിരെ കോടതി വധശ്രമത്തിനും ക്രിമിനല്‍ ഗൂഢാലോചനക്കും കേസെടുത്തിട്ടുണ്ട്.