കാണ്‍പൂര്‍: ഉത്തര്‍പ്രദേശിലെ കാണ്‍പൂരിനടുത്ത് പട്‌ന-ഇന്‍ഡോര്‍ എക്‌സ്പ്രസ് തീവണ്ടി പാളം തെറ്റിയുണ്ടായ അപകടത്തില്‍ 120 മരണം. 200ലധികം പേര്‍ക്ക് പരിക്കേറ്റു. നിരവധി പേരുടെ നില ഗുരുതരമാണ്. മരിച്ചവരില്‍ അമ്പതിലധികം പേരെ തിരിച്ചറിഞ്ഞതായി ഉത്തര്‍പ്രദേശ് ഡി.ജി.പി ജാവീദ് അഹ്മദ് പറഞ്ഞു. ശനിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് കാന്‍പൂര്‍ ജില്ലയിലെ പുക്രയാനില്‍ തീവണ്ടിയുടെ 14 ബോഗികള്‍ പാളം തെറ്റിയത്.
അടിയന്തര രക്ഷാ-ദുരിതാശ്വാസ പ്രവര്‍ത്തനത്തിനായി സൈന്യത്തെയും ദേശീയ ദുരന്ത നിവാരണ സേനയെയും വിന്യസിച്ചിട്ടുണ്ട്. സംഭവത്തില്‍ റെയില്‍വേ അന്വേഷണം പ്രഖ്യാപിച്ചു.
കാണ്‍പൂരിന് നൂറു കിലോമീറ്റര്‍ അകലെയാണ് അപകടം നടന്ന പ്രദേശം. സംഭവം നടക്കുമ്പോള്‍ യാത്രക്കാരെല്ലാവരും ഉറക്കത്തിലായിരുന്നു. അഞ്ഞൂറിലധികം യാത്രക്കാരാണ് തീവണ്ടിയില്‍ ഉണ്ടായിരുന്നത്. അപകടത്തിന്റെ ആഘാതത്തില്‍ എസ് വണ്‍, എസ് ടു, എസ് ത്രീ കോച്ചുകള്‍ പൂര്‍ണമായും തകര്‍ന്നു. ഗ്യാസ് കട്ടറുകള്‍ ഉപയോഗിച്ച് വെട്ടിപ്പൊളിച്ചാണ് പല മൃതദേഹങ്ങളും പുറത്തെടുത്തത്. പരിക്കേറ്റവരെ കാണ്‍പൂരിലെ ഹാലറ്റ് ആസ്പത്രിയില്‍
പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്കേറ്റവരെ ചികിത്സിക്കാനായി ആസ്പത്രിയിലെ ഒരു ഹാള്‍ ഒഴിച്ചിട്ടിരിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. പാളത്തിലെ വിള്ളലാകാം അപകടത്തിന് കാരണം എന്ന നിഗമനത്തിലാണ് റെയില്‍വേ. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് റെയില്‍വേ മന്ത്രി സുരേഷ് പ്രഭു വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദി, രാഷ്ട്രപതി പ്രണബ് മുഖര്‍ജി, കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി തുടങ്ങിയവര്‍ അനുശോചിച്ചു. അപകടത്തെ തുടര്‍ന്ന് ഝാന്‍സി-കാന്‍പൂര്‍ പാതയില്‍ സര്‍വീസ് നടത്തുന്ന നിരവധി തീവണ്ടികള്‍ വഴിതിരിച്ചുവിട്ടു.
പട്‌ന ജങ്ഷനിലെ റിസര്‍വേഷന്‍ ചാര്‍ട്ടിലെ വിവര പ്രകാരം സ്ലീപര്‍ കോച്ചില്‍ 161 ഉം എ.സി കോച്ചില്‍ 74 ഉം യാത്രക്കാരാണ് ഉണ്ടായിരുന്നത്. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് മൂന്നരലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് അമ്പതിനായിരം രൂപയും റെയില്‍വേ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. സംഭവത്തില്‍ റെയില്‍വേ മന്ത്രിയുമായി ആശയവിനിമയം നടത്തിയതായും എല്ലാ സഹായവും നല്‍കാന്‍ തയാറാണെന്ന് അറിയിച്ചതായും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് വ്യക്തമാക്കി. മരിച്ചവരുടെ കുടുംബത്തിന് അഞ്ചു ലക്ഷവും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് അമ്പതിനായിരം രൂപയും നഷ്ടപരിഹാരം നല്‍കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേരിട്ടെത്തി മേല്‍നോട്ടം വഹിക്കാന്‍ സംസ്ഥാന ചീഫ് സെക്രട്ടറിക്ക് അഖിലേഷ് നിര്‍ദേശം നല്‍കുകയും ചെയ്തു. മധ്യപ്രദേശ് സര്‍ക്കാര്‍ മരിച്ചവരുടെ കുടുംബത്തിന് രണ്ടരലക്ഷവും പരിക്കേറ്റവര്‍ക്ക് അമ്പതിനായിരം രൂപയും സഹായധനം പ്രഖ്യാപിച്ചു. സ്ഥിതിഗതികള്‍ വിലയിരുത്താനായി മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ കാണ്‍പൂരിലെത്തി. അപകടം നടന്നയുടന്‍ വന്‍ജനക്കൂട്ടമാണ് സംഭവസ്ഥലത്തെത്തിയത്. ജനബാഹുല്യം രക്ഷാപ്രവര്‍ത്തനത്തിന് തടസ്സം നില്‍ക്കുന്നതായി ദുരന്ത നിവാരണ സേനാ കമാന്‍ഡന്‍ഡ് എ.കെ സിങ് പറഞ്ഞു.