ഇന്‍ഡോര്‍: ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരമായി വീണ്ടും ഇന്‍ഡോറിനെ തിരഞ്ഞെടുത്തു. പ്രതിദിനം 1,900 ടണ്‍ നഗരമാലിന്യം സംസ്‌കരിക്കുകയും അതിലൂടെ കോടിക്കണക്കിന് രൂപ സമ്പാദിക്കുകയും ചെയ്യുന്നതിലൂടെയാണ് തുടര്‍ച്ചയായ ആറാം തവണയും ഇന്‍ഡോര്‍ ഏറ്റവും വൃത്തിയുള്ള നഗരത്തിനുള്ള പുരസ്‌കാരം നല്‍കിയത്.
കേന്ദ്രസര്‍ക്കാരിന്റെ വാര്‍ഷിക ശുചിത്വ സര്‍വേയിലാണ് ഇന്‍ഡോറിനെ ഏറ്റവും വൃത്തിയുള്ള നഗരമായി തിരഞ്ഞെടുത്തത്. സൂറത്തും നവി മുംബൈയുമാണ് തൊട്ടുപിന്നിലുള്ള നഗരങ്ങള്‍. ഇന്‍ഡോറില്‍ ഒരു ശേഖരണ കേന്ദ്രത്തില്‍ ചപ്പുചവറുകള്‍ ആറ് വിഭാഗങ്ങളായാണ് വേര്‍തിരിക്കുന്നത്. 35 ലക്ഷം ജനസംഖ്യയുള്ള മധ്യപ്രദേശിലെ ഏറ്റവും വലിയ നഗരമാണ് സംസ്ഥാനത്തിന്റെ വാണിജ്യ തലസ്ഥാനമായ ഇന്‍ഡോര്‍. പ്രതിദിനം 1,200 ടണ്‍ ഉണങ്ങിയ മാലിന്യവും 700 ടണ്‍ നനഞ്ഞ മാലിന്യവും ഉത്പാദിപ്പിക്കുന്നുണ്ടെങ്കിലും നഗരത്തില്‍ മാലിന്യക്കൂമ്പാരങ്ങള്‍ കാണില്ലെന്നാണ് സര്‍വേ പറയുന്നത്.
850 വാഹനങ്ങളിലായി വീടുകളില്‍ നിന്നും വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും മാലിന്യങ്ങള്‍ ശേഖരിച്ചാണ് സംസ്‌കരണം നടത്തുന്നതെന്ന് ഇന്‍ഡോര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ (ഐഎംസി) ശുചീകരണ വിഭാഗം സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ മഹേഷ് ശര്‍മ പറഞ്ഞു. വാഹനങ്ങളില്‍ വിവിധ തരം മാലിന്യങ്ങള്‍ക്കായി പ്രത്യേക അറകളുണ്ട്. നഗരത്തില്‍ നിന്ന് ശേഖരിക്കുന്ന നനഞ്ഞ മാലിന്യത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു ബയോസിഎന്‍ജി പ്ലാന്റാണ് ഐഎംസിയുടെ മാലിന്യ നിര്‍മാര്‍ജന പ്രക്രിയയുടെ ഹൈലൈറ്റ്.
ഈ വര്‍ഷം ഫെബ്രുവരി 19ന് ദേവഗുരാഡിയ ട്രഞ്ചിംഗ് ഗ്രൗണ്ടില്‍ 150 കോടി വിലമതിക്കുന്ന ഈ 550എംടി പ്രതിദിന ശേഷിയുള്ള പ്ലാന്റ് പ്രധാനമന്ത്രി യാണ് ഉദ്ഘാടനം ചെയ്തത്. ഇതിന് 17,000 മുതല്‍ 18,000 കിലോഗ്രാം വരെ ബയോസിഎ ന്‍ജിയും 10 ടണ്‍ ജൈവവളവും ഉത്പാദിപ്പിക്കാന്‍ കഴിയും. വാണിജ്യ സിഎന്‍ജിയേക്കാള്‍ 5 രൂപ കുറഞ്ഞ ഈ ബയോസിഎന്‍ജിയില്‍ 150 ഓളം സിറ്റി ബസുകള്‍ ഓടുന്നുണ്ട്. അന്താരാഷ്ട്ര വിപണിയില്‍ കാര്‍ബണ്‍ ക്രെഡിറ്റുകള്‍ വിറ്റതില്‍ നിന്ന് 8.5 കോടി രൂപയും ബയോസിഎന്‍ജി പ്ലാന്റിലേക്ക് മാലിന്യം നല്‍കിയതിന് സ്വകാര്യ കമ്പനിയുടെ വാര്‍ഷിക പ്രീമിയമായി 2.52 കോടിയും ഉള്‍പ്പെടെ, കഴിഞ്ഞ വര്‍ഷം മാലിന്യ നിര്‍മാര്‍ജനത്തില്‍ നിന്ന് 14.45 കോടി നേടിയതായാണ് റിപ്പോര്‍ട്ട്. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍, മാലിന്യ നിര്‍മാര്‍ജനത്തിലൂടെ 20 കോടി രൂപ സമ്പാദിക്കാനാകുമെന്ന് ശര്‍മ പറഞ്ഞു.