ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ ലൊമ്പോക്ക് ദ്വീപില്‍ ഞായറാഴ്ചയുണ്ടായ വന്‍ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 91 ആയി. നൂറുകണക്കിന് ആളുകള്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.
റിക്ടര്‍ സ്‌കെയിലില്‍ ഏഴ് രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ നിരവധി കെട്ടിടങ്ങള്‍ തകരുകയും വൈദ്യുതി ബന്ധങ്ങള്‍ വിച്ഛേദിക്കപ്പെടുകയും ചെയ്തു. ആദ്യ ഭൂമികുലുക്കത്തിന് ശേഷം 130ലേറെ തുടര്‍ പ്രകമ്പനങ്ങളുണ്ടായി. സുനാമി മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും മണിക്കൂറുകള്‍ക്കുശേഷം പിന്‍വലിച്ചു. സമീപ ദ്വീപായ ബാലിയിലും പ്രകമ്പനം അനുഭവപ്പെട്ടു. ആയിരക്കണക്കിന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. ബാലിയില്‍ പരിഭ്രാന്തരായ ജനം വീടുകളില്‍നിന്ന് പുറത്തേക്ക് ഓടി. ഒരാഴ്ച മുമ്പ് ഇതേ ദ്വീപിലുണ്ടായ ഭൂകമ്പത്തില്‍ 16 പേര്‍ മരിച്ചിരുന്നു.
ബാലിയെക്കാള്‍ ഭൂവിസ്തൃതിയുള്ള ദ്വീപാണ് ലൊമ്പോക്ക്. ഓരോ വര്‍ഷവും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ദശലക്ഷക്കണക്കിന് വിനോദസഞ്ചാരികളാണ് ഈ ദ്വീപുകളിലെത്തുന്നത്. ഭൂകമ്പ സാധ്യത ഏറെയുള്ള രാജ്യമാണ് ഇന്തോനേഷ്യ. 2004ല്‍ സുമാത്രയിലുണ്ടായ ഭൂകമ്പത്തിലും തുടര്‍ന്നുള്ള സുനാമിയിലും ലോകത്തെ വിവിധ രാജ്യങ്ങളിലായി 227,898 പേര്‍ മരിരിച്ചിരുന്നു. ഇന്തോനേഷ്യയില്‍ മാത്രം ഒന്നര ലക്ഷത്തിലേറെ പേര്‍ മരിക്കുകയുണ്ടായി.