ജക്കാര്‍ത്ത: ഇന്തോനേഷ്യയെ ശമ്ശാന ഭൂമിയാക്കി ഭൂകമ്പവും സുനാമിയും. ഭൂകമ്പത്തിനു പിന്നാലെ രണ്ടു മീറ്റര്‍ ഉയരത്തില്‍ കരയിലേക്ക് ആഞ്ഞടിച്ച സുനാമിയില്‍ നിരവധി പേര്‍ മരിച്ചതായാണ് വിവരം. ജക്കാര്‍ത്ത തീരത്ത് നിരവധി മൃതദേഹങ്ങള്‍ ഒഴുകി നടക്കുന്നതായാണ് വിവരം.
ഭൂകമ്പം നാശം വിതച്ച സുലവേസി പ്രവിശ്യയുടെ തലസ്ഥാനമായ പാലുവിലാണ് മൃതദേഹങ്ങള്‍ കരക്കടിഞ്ഞത്. നിലവില്‍ 48 പേര്‍ മരിച്ചതായാണ് ഔദ്യോഗിക കണക്കുകള്‍. എന്നാല്‍ മരണസംഖ്യ കൃത്യമായി രേഖപ്പെടുത്താനാവാത്ത അവസ്ഥയാണ് നിലവിലുള്ളതെന്ന് ഇന്തോനേഷ്യ ദുരന്ത നിവാരണ ഏജന്‍സി വക്താവ് സുടോപോ പുര്‍വോ നുഗ്രഹോ പറഞ്ഞു. വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ പുനഃസ്ഥാപിക്കാന്‍ സാധിക്കാത്തതിനാല്‍ മരണസംഖ്യ കണക്കാക്കാന്‍ സാധിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയാണ് ഭൂചലനമുണ്ടായത്. പിന്നാലെ വന്‍ തിരമാലകള്‍ തീരത്ത് ആഞ്ഞടിച്ചതോടെയാണ് ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിച്ചത്. സുലവേസിയിലെ ഡൊങ്കാല പട്ടണത്തിന് 56 കിലോമീറ്റര്‍ അകെല ഭൂമിക്കു 10 കിലോമീറ്റര്‍ താഴെയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.