ന്യൂഡല്‍ഹി: ഇന്ത്യയുടെ ഉരുക്കുവനിതയായിരുന്ന മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ നൂറാം ജന്മദിനത്തില്‍ രാഷ്ട്രത്തിന്റെ ശ്രദ്ധാഞ്ജലി. രാഷ്ട്രപതി, പ്രധാനമന്ത്രി, മുന്‍ രാഷ്ട്രപതി തുടങ്ങിയ പ്രമുഖര്‍ ശ്രദ്ധാഞ്ജലിയര്‍പ്പിച്ചവരില്‍ പെടുന്നു. ഇന്ദിരാ ഗാന്ധിയെ സ്മരിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു.
നൂറാം പിറന്നാളില്‍ മുത്തശ്ശിയെ അനുസ്മരിച്ച് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മുത്തശ്ശിയാണ് തന്റെ മാര്‍ഗദര്‍ശിയും വഴികാട്ടിയുമെന്ന് അദ്ദേഹം ട്വീറ്ററില്‍ കുറിച്ചു. ഇന്നലെ രാവിലെ രാഹുല്‍ ഗാന്ധി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനും മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്കുമൊപ്പം ഇന്ദിരാഗാന്ധിയുടെ സ്മാരകമായ ശക്തിസ്ഥലില്‍ പുഷ്പാഞ്ജലി അര്‍പ്പിച്ചു.
ഇന്ദിരാ പ്രിയദര്‍ശിനി നെഹ്രു എന്ന ഇന്ദിരാ ഗാന്ധി 1917 നവംബര്‍ 19ന് അലഹബാദില്‍ ആണ് ജനിച്ചത്. രാജ്യത്തെ പ്രഥമ പ്രധാനമന്ത്രിയുടെ ഏകപുത്രി. ചെറുപ്പം മുതല്‍ രാഷ്ട്രീയ കാര്യങ്ങളില്‍ നിപുണ. ഇന്ദിര 1947 മുതല്‍ 1964 വരെ അനൗദ്യോഗികമായി പിതാവിന്റെ ഉപദേശക സംഘത്തിന്റെ മുഖ്യചുമതല വഹിച്ചിരുന്നു. ഭരണത്തില്‍ അവരുടെ സ്വാധീനം വളരെ പ്രകടമായിരുന്നു.
ആധുനിക ചരിത്രത്തിലെ ശ്രദ്ധേയരായ വനിതാ ഭരണാധികാരികളിലൊരാളായി കരുതപ്പെടുന്ന ഇവര്‍ നാലു തവണയായി ഇന്ത്യയുടെ പ്രധാനമന്ത്രി പദം അലങ്കരിച്ചു. നെഹ്രുവിനു ശേഷം ഏറ്റവും കൂടുതല്‍ കാലം രാജ്യം ഭരിച്ച പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ്. ശാന്തിനികേതനിലെ വിശ്വഭാരതി യൂണിവേഴ്‌സിറ്റിയിലും ബ്രിട്ടനിലെ ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലുമായിരുന്നു പഠനം.
ഇന്ദിര 1984 ഒക്ടോബര്‍ 31ന് സിഖ് വംശജരായ സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിയേറ്റ് മൃതിയടഞ്ഞു.